ഹാങ്ഓവർ കുറയ്ക്കാം, കഴിക്കാം ഈ ഭക്ഷണങ്ങൾ

Representative Image| Photo:Canva.com
Representative Image| Photo:Canva.com

പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവിടാനുള്ള ഒരു മാർഗമായി മദ്യത്തെ കാണുന്നവർ നിരവധിയാണ്. എന്നാൽ, അമിതമായ മദ്യപാനം ശരീരത്തിന് ദോഷകരമാണ്. കൃത്യമായി ഭക്ഷണം കഴിക്കാതെയുള്ള മദ്യപാനത്തിൻ്റെ ദൂഷ്യവശങ്ങൾ അതിലുമേറെയാണ്. ഇതിന്റെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇത്തരം ഭക്ഷണങ്ങൾ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും മദ്യപാനം മൂലമുണ്ടാകുന്ന ഹാങ് ഓവർ കുറയ്ക്കാൻ സഹായിക്കും.

ചെറു ധാന്യങ്ങൾ

ബ്രൗൺ റൈസ്, ഓട്സ്, ഗോതമ്പ് ബ്രെഡ് തുടങ്ങിയ ധാന്യങ്ങൾ മദ്യത്തിന് മുമ്പ് കഴിക്കുന്നത് അനുയോജ്യമാണ്. ഈ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത്  നിലനിർത്തുകയും മദ്യം മൂലമുണ്ടാകുന്ന ശരീരത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ സഹായിക്കും. തലകറക്കം, ക്ഷീണം, എന്നിവ കുറയ്ക്കുന്നു. ഫൈബർ ധാരാളം അടങ്ങിയ ധാന്യങ്ങൾ ദഹനത്തിനും മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

ലീൻ പ്രോട്ടീനുകൾ (കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ സമ്പന്നവുമായ ഭക്ഷണങ്ങൾ) 

ചിക്കൻ, മത്സ്യം, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയ ലീൻ പ്രോട്ടീനുകൾ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. പ്രോട്ടീൻ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ, രക്തത്തിലെ മദ്യത്തിന്റെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു. ഇത് ലഹരി കുറയ്ക്കുകയും പേശികൾ നിലനിർത്താനും സഹായിക്കും. 

ആരോഗ്യകരമായ കൊഴുപ്പുകൾ

അവോക്കാഡോ, നട്സ്, ഒലിവ് ഓയിൽ എന്നിവയിൽ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ മദ്യത്തോടൊപ്പം കഴിക്കാൻ അനുയോജ്യമാണ്. കൊഴുപ്പുകൾ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇവ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി മദ്യപിക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ തടയുകയും ചെയ്യും. മസ്തിഷ്ക ആരോഗ്യത്തിനും ഇവ ഗുണകരമാണ്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ മദ്യം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയവയാണ്. മദ്യം കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലനം തകരാറിലാക്കാം, ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഫെർമെന്റഡ് ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുന്നു.

മുട്ടകൾ

മുട്ടകൾ പ്രോട്ടീന്റെ ഉറവിടമാണ്, കൂടാതെ സിസ്റ്റീൻ പോലുള്ള അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മദ്യത്തിന്റെ ഉപാപചയത്തിന്റെ വിഷലിപ്തമായ ഉപോൽപ്പന്നമായ അസറ്റാൽഡിഹൈഡിനെ തകർക്കാൻ സഹായിക്കുന്നു. മുട്ടകൾ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഹാംഗോവറിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യും.

വെള്ളം

ഭക്ഷണമല്ലെങ്കിലും മദ്യപാനത്തോടൊപ്പം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മദ്യപാനത്തിനിടയിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിർത്താനും ഹാംഗോവർ തടയാനും മൊത്തത്തിലുള്ള ജലനഷ്ടം കുറയ്ക്കാനും സഹായിക്കുന്നു.

(മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയോ നിയമപരമായി അനുമതിയില്ലാത്ത പ്രായത്തിലുള്ളവരെ മദ്യപാനത്തിന് പ്രേരിപ്പിക്കുകയോ അല്ല ഈ ലേഖനത്തിൻ്റെ ഉദ്ദേശം. ആരോഗ്യസംരക്ഷണം മുൻനിർത്തി ഹാങ്ഓവർ കുറയ്ക്കുന്നതിനായുള്ള ഭക്ഷണങ്ങൾ നിർദേശിക്കുക മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്)

Content Highlights: healthy food to have before having alchohol