പ്രതിരോധശേഷി കൂട്ടാം, തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാം; മധുരക്കിഴങ്ങ് എന്ന സൂപ്പര്‍ഫുഡ്

sweet potato|photo:canva
sweet potato|photo:canva

മധുരക്കിഴങ്ങൊരു സൂപ്പര്‍ ഫുഡാണ്. ഇതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറ കൂടിയാണിത്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റ്സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അറിഞ്ഞിരിക്കാം മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത.

കലോറിയുടെ അളവ് കുറവായതുകൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

ചര്‍മത്തിന്റെ ആരോഗ്യത്തിന് മധുരക്കിഴങ്ങ് കഴിക്കുന്നത് നല്ല രീതിയില്‍ പ്രയോജനം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ചര്‍മത്തിലെ ചുളിവുകളെ ഇല്ലാതാക്കുകയും കൂടുതല്‍ ഉണ്ടാകുന്നത് 
തടയുകയും ചെയ്യും. വിറ്റാമിന്‍ സിയും എയും ചര്‍മ്മത്തിന്റെ സംരംക്ഷണത്തിന് അത്യാവശ്യമാണ്. വിറ്റാമിനുകളുടെ കലവറ കൂടിയായ ഈ കിഴങ്ങ് അത്തരം പ്രശ്നങ്ങളും പരിഹരിക്കും.

ഇവയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാതസാധ്യത കുറയ്ക്കുന്നു.  ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

പ്രമേഹരോഗികള്‍ മധുരക്കിഴങ്ങ് കഴിക്കാന്‍ മടിയ്ക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹനിയന്ത്രണത്തിനും നല്ലതാണ്. മിതമായ അളവില്‍ കഴിക്കണമെന്നു മാത്രം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Health benefits of sweet potato, sweet potato,improve skin texture,foo