മഴക്കാലരോഗങ്ങളെ ചെറുക്കാം; രോഗപ്രതിരോധശേഷിക്ക് ഇഞ്ചിയും മഞ്ഞളുമിട്ട് വെള്ളം കുടിക്കാം

മഴക്കാലമെത്തിയാല്‍ പിന്നെ പെട്ടെന്നാണ് ആളുകള്‍ക്ക് പനിയും ജലദോഷവും തൊണ്ടവേദനയുമെല്ലാം പിടിപെടുന്നത്. തണുത്ത് ഉന്മേഷം പകരുന്ന കാലാവസ്ഥയാണെങ്കിലും നമ്മുടെ ആരോഗ്യത്തിന് ഇതത്ര നല്ല കാലമാകാറില്ല. അതുകൊണ്ടുതന്നെ പലരും രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വര്‍ധിപ്പിക്കാനുമായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങും.
വീട്ടില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് രോഗപ്രതിരോധശേഷി കൂട്ടാനായി ഭക്ഷണങ്ങളും പാനീയങ്ങളും തയ്യാറാക്കി കഴിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ മുന്‍നിരയിലാണ് ഇഞ്ചിയും മഞ്ഞളും. ഇവ ഉപയോഗിച്ചുള്ള പാനീയങ്ങള്‍ വീടുകളില്‍ തയ്യാറാക്കാറുണ്ട്. ഇതിലേതാണ് നല്ലത്? ഓരോന്നിന്റേയും ഗുണങ്ങള്‍ പരിശോധിച്ച് മനസ്സിലാക്കാം.
മഞ്ഞള്‍ വെള്ളം
ഭക്ഷണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പദാര്‍ഥമാണ് മഞ്ഞള്‍. നിറത്തിന് മാത്രമല്ല, മഞ്ഞള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്. അവയ്ക്ക് ചില പോഷകഗുണങ്ങളുമുണ്ട്. ഇതിലടങ്ങിയ കുര്‍ക്കുമിന്‍ എന്ന സംയുക്തമാണ് അതിന് കാരണം. കുര്‍ക്കുമിനില്‍ അടങ്ങിയ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അണുബാധയില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ മഞ്ഞളിനൊപ്പം കുരുമുളകും ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ശരിയായ ദഹനത്തിനും മെറ്റബോളിസം വര്‍ധിപ്പിക്കാനും അമിതവണ്ണം നിയന്ത്രിക്കാനും ഇവ സഹായിക്കും. മഞ്ഞളും കുരുമുളകും ചേര്‍ത്ത വെള്ളം എന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധത്തിന് സഹായിക്കുന്നു.
ഇഞ്ചിവെള്ളം
ഇഞ്ചിയിലടങ്ങിയ ജിഞ്ചറോള്‍ എന്ന സംയുക്തം ബാക്ടീരിയ, വൈറല്‍ ഇന്‍ഫക്ഷനുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. സീസണലായി ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും തൊണ്ടസംബന്ധമായ രോഗങ്ങള്‍ക്കും പരിഹാരമായി ഇഞ്ചിവെള്ളം ഉപയോഗിക്കാറുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഓക്കാനമുണ്ടാകുന്നത് തടയാനും ഈ പാനീയം സഹായിക്കും.
മഞ്ഞള്‍ വെള്ളം ദീര്‍ഘകാലത്തേക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് മികച്ചതാണ്. ഇവ രണ്ടും ഒരു ദിവസം ഇടവിട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഇഞ്ചി വെള്ളം തയ്യാറാക്കാം
നല്ല ഇഞ്ചി തിരഞ്ഞെടുക്കുക
കടയില്‍ നിന്ന് വാങ്ങുന്ന പൊടികള്‍ക്ക് പകരം ഫ്രഷ് ഇഞ്ചി തന്നെ തിരഞ്ഞെടുക്കുക. ഇത് ചെറുതായി അരിഞ്ഞിടുകയോ ചതച്ചിടുകയോ ചെയ്യാം.
ശരിയായി തിളപ്പിക്കുക
ചതച്ച ഇഞ്ചി വെള്ളത്തില്‍ 5 മുതല്‍ 7 മിനിറ്റ് വരെ ചെറുതീയില്‍ തിളപ്പിക്കുക. അതിന്റെ സത്ത വെള്ളത്തില്‍ ഇറങ്ങാന്‍ അനുവദിക്കുക. ഏതാനും മിനിറ്റ് അടച്ചു വെക്കുക.
തുളസിയോ നാരങ്ങയോ ചേര്‍ക്കുക
തുളസിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്കായി കുറച്ച് തുളസി ഇലകള്‍ ഇടുക. നാരങ്ങയും ചേര്‍ക്കാം.
ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ക്കുന്നത് ഒഴിവാക്കുക
തേന്‍ ചേര്‍ക്കുന്നതിന് മുമ്പ് വെള്ളം അല്പം തണുക്കാന്‍ കാത്തിരിക്കുക. ഉയര്‍ന്ന താപനില തേനിന്റെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിച്ചേക്കാം.
ചെറുചൂടോടെ കുടിക്കുക
നല്ല ചൂടോടെ ഇത് കുടിക്കരുത്. ചെറുചൂടുള്ള ഇഞ്ചി വെള്ളം ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Ginger vs Turmeric Water: Boost Immunity