ഗൗരി ഖാന്റെ ആഡംബര റസ്റ്ററൻ്റില്‍ വിളമ്പുന്ന പനീർ വ്യാജമെന്ന് യൂട്യൂബര്‍, പ്രതികരിച്ച് അധികൃതർ

ഗൗരി ഖാൻ, പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
ഗൗരി ഖാൻ, പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ബോളിവുഡ് താരങ്ങളുടെ ഉടമസ്ഥതയിലുള്ള അത്യാഡംബര റസ്റ്ററൻ്റുകളില്‍ വിളമ്പുന്ന വിഭവങ്ങളില്‍ പലതിലും കൃത്രിമത്വം ഉണ്ടെന്ന വാദവുമായി യൂട്യൂബറായ സര്‍ഥക് സച്ഛ്വേദ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ വിശദീകരണവുമായി രം​​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് ടോരിയുടെ അധികൃതർ. 

താരങ്ങളുടെ റെസ്റ്ററന്റുകളില്‍ വിളമ്പുന്ന പനീർ യഥാർഥമല്ലെന്നാണ് യൂട്യൂബറായ സര്‍ഥക് സച്ഛ്വേദ വീഡിയോയില്‍ പറയുന്നത്. ഇത് പരിശോധിക്കാൻ, ​ഗൗരിയുടെ റസ്റ്ററന്റിനു പുറമേ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വണ്‍ 8 കമ്യൂണിലും ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യനിലും ബോബി ഡിയോളിന്റെ സംപ്ലേസ്എൽസിലും സർഥക് പനീറിന്റെ ​ഗുണമേന്മ പരിശോധിക്കാനുള്ള പരീക്ഷണം നടത്തി.

അയഡിന്‍ ടെസ്റ്റിലൂടെയാണ് ഈ റെസ്റ്ററന്റുകളിലെല്ലാം സർഥക് പനീറിന്റെ ​ഗുണമേന്മ പരിശോധിച്ചത്. എന്നാല്‍ തന്റെ പരിശോധനയില്‍ ​ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള ടോരിയിലെ പനീറിൽ കൃത്രിമമുണ്ടെന്നാണ് സർഥക് പറഞ്ഞത്. ടോരിയിലെ പനീര്‍ വിഭവങ്ങളില്‍ നടത്തിയ അയഡിന്‍ ടെസ്റ്റിൽ പനീര്‍ നീല നിറമായി മാറുന്നതായാണ് ഇയാള്‍ വീഡിയോയില്‍ കാണിക്കുന്നത്.

വീഡിയോ വൈറലായതോടെ റെസ്റ്ററൻ്റ് അധികൃതര്‍ തന്നെ വിശദീകരണവുമായെത്തി. യൂട്യൂബര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കമന്റായാണ് റെസ്റ്ററന്റിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പ്രതികരിച്ചത്. 

അയഡിന്‍ ടെസ്റ്റിന്റെ ഫലം ചൂണ്ടിക്കാട്ടുന്നത് ഭക്ഷണത്തിലെ സ്റ്റാര്‍ച്ചിന്റെ സാന്നിധ്യമാണെന്നും അല്ലാതെ പനീറിന്റെ ആധികാരികതയല്ലെന്നും അധികൃതർ കമന്റ് പ്രതികരിച്ചു. അതിലെ ചേരുവകളിൽ സോയ അടങ്ങിയതിനാലാണ് അയഡിന്‍ ടെസ്റ്റില്‍ പനീര്‍ നീലയായി മാറിയതെന്നും വീഡിയോയുടെ കീഴെ റസ്റ്ററന്റ് അധികൃതർ നല്‍കിയ കമന്റില്‍ പറയുന്നു.
 

റസ്റ്ററൻ്റിൻ്റെ ഉൾഭാഗം| ഫോട്ടോ: Instagram/ @toriimumbai

2024-ലാണ് മുംബൈയിലെ പാലി ഹില്‍ റോഡില്‍ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള ടോരി പ്രവര്‍ത്തനമാരംഭിച്ചത്. ലാറ്റിന്‍- ഏഷ്യന്‍ വിഭവങ്ങളാണ് ടോരിയിലെ പ്രധാന ഹൈലൈറ്റ്. 

Content Highlights: Gauri Khan`s Restaurant Responds to Artificial Paneer Claims