വിപണിയില്‍ വില കുറഞ്ഞു; ഹോട്ടലുകളില്‍ വറുത്ത മീനിന് പൊള്ളിക്കും വില

കണ്ണൂര്‍: ട്രോളിങ്ങ് നിരോധനം നീക്കിയശേഷം മീന്‍വില കുറഞ്ഞിട്ടും നഗരത്തിലെ ഹോട്ടലുകളില്‍ വറുത്ത മീനിന് ഈടാക്കുന്നത് തീവില. ട്രോളിങ്ങ് നിരോധിച്ച കാലത്തെ ഉയര്‍ന്ന വിലതന്നെ ഇപ്പോഴും ഈടാക്കുന്നു. വറുത്ത മീനിന് മാത്രമല്ല, ഊണിനോടൊപ്പമുള്ള മറ്റ് സ്‌പെഷ്യലിനും ഹോട്ടലുകള്‍ പലവില ഈടാക്കുന്നു.
തെക്കിബസാറിലെ ഒരു ഹോട്ടലില്‍ 450 ഗ്രാം തൂക്കം വരുന്ന അയക്കൂറ വറുത്തതിന് 600 രൂപ. സാധാരണ അയക്കൂറ വറുത്തതിന് 155 രൂപയാണ് ഇതേ ഹോട്ടലില്‍ ഇടാക്കുന്നത്.
അയല-85, കൂന്തല്‍-135, ചെമ്മീന്‍-135, ആവോലി-215, കരിമീന്‍-215, സ്രാവ്-175 എന്നിങ്ങനെയാണ് മറ്റുള്ളതിന്റെ നിരക്കുകള്‍. മൂന്നാംപീടികയിലെ ഹോട്ടലില്‍ അയക്കൂറ-175, അയല-100, മത്തി (മൂന്നെണ്ണം)-60 രൂപയുമാണ് വില.
ധനലക്ഷ്മി ആശുപത്രി റോഡിലെ ഒരു ഹോട്ടലില്‍ അയക്കൂറക്ക്-165 രൂപയും അയലയ്ക്ക് 80 രൂപയുമാണ്. ഇന്ത്യന്‍ കോഫി ഹൗസില്‍ അയല വറുത്തതിന് 60 രൂപയും ബീഫ് ഫ്രൈക്ക് 95 രൂപയും ചിക്കന്‍ കറിക്ക് 75 രൂപയും.
മീന്‍വറുക്കാന്‍ കാര്യമായ അധികച്ചെലവില്ല. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയുടെ മിശ്രിതം ഉണ്ടാക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്നു. ചില ഹോട്ടലുകളില്‍ പ്രത്യേക മസാലകള്‍ കൂടി ചേര്‍ത്ത് സ്വാദിഷ്ടമാക്കുന്നുണ്ട്. തെക്കിബസാറിലെ ഒരേ കെട്ടിടത്തിലുള്ള രണ്ട് ഹോട്ടലുകളില്‍ മീന്‍വറുത്തതിന് വ്യത്യസ്ത വിലയാണ്. അതേസമയം കടല്‍, പുഴ മത്സ്യങ്ങള്‍ സുലഭമായി വിലക്കുറവില്‍ ലഭിക്കുമ്പോഴും വില കുറയ്ക്കാന്‍ ഹോട്ടലുകള്‍ തയ്യാറാകുന്നില്ല. അയക്കൂറ മുതല്‍ നത്തോലി വരെയുള്ള മത്സ്യങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്.
സാധാരണ ഊണിന്റെ വിലയല്ലാതെ ഊണിനോടൊപ്പം വാങ്ങുന്ന സ്‌പെഷ്യലിന്റെ വിലയുടെ കാര്യത്തില്‍ ആരും ഇടപെടാത്തതാണ് ഇത്തരത്തില്‍ തോന്നിയപോലെ വിലയീടാക്കാന്‍ കാരണം. സാധാരണ ഊണിന് മിക്ക ഹോട്ടലുകളിലും ഏകീകൃത നിരക്കാണ്. 55 രൂപ.
Content Highlights: fried fish is expensive in hotels in kannur