ഭക്ഷണം കഴിച്ചാലുടന്‍ വയര്‍ വീര്‍ത്തുകെട്ടാറുണ്ടോ ; ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

representative image|photo:canva
representative image|photo:canva

ദഹനപ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് വരാത്തവര്‍ വിരളമായിരിക്കും. ചിലര്‍ക്കാവട്ടെ ഭക്ഷണം കഴിച്ചാലുടന്‍ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് പതിവാണ്. ഭക്ഷണക്രമത്തില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ.ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ഇഞ്ചി ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമപരിഹാരമാണ്. ഇഞ്ചിയിട്ട ചായ കുടിക്കുന്നത് വളരെ നല്ലതാണ്.  ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. 

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ജീരകവെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. ഇവ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കും. പുതിനയില  ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം. 

പൈനാപ്പിള്‍ കഴിക്കുന്നതും ഗുണം ചെയ്യും.   'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈം പൈനാപ്പിളില്‍ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൈനാപ്പിള്‍ കഴിക്കുന്നതും ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് ഇല്ലാതാക്കാനും ഗുണം ചെയ്യും. ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ദഹനം സുഗമമാക്കാനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാനും സഹായിക്കും.  

വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായയില്‍ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ കഴിക്കുന്നതും  ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Bloating ,stomach pain,ginger,pineapple,papaya,food