ഇതെങ്ങനെ കഴിക്കാനാ! വൈറലായി മലേഷ്യൻ 'പറക്കും നൂഡില്‍സി'ന്റെ വീഡിയോ

ഫ്ളൈയിങ് നൂഡിൽസ്: വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram
ഫ്ളൈയിങ് നൂഡിൽസ്: വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram

പുറംനാട്ടുകാരനാണെങ്കിലും മലയാളികളുടെ പ്രിയ വിഭവങ്ങളിലൊന്നാണ് നൂഡില്‍സ്. റെസ്റ്ററന്റുകളില്‍ നിന്നുള്ളതും വീട്ടിലുണ്ടാക്കുന്നതും മുതല്‍ രണ്ട് മിനിറ്റില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഇന്‍സ്റ്റന്റ് നൂഡില്‍സിന് വരെ നമ്മുടെ നാട്ടില്‍ നല്ല ചെലവാണ്. എന്നാല്‍ ഇവിടെ കാണാന്‍ കഴിയാത്തൊരു തരം നൂഡില്‍സിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതാണ് പറക്കും നൂഡില്‍സ്!

മലേഷ്യയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മലേഷ്യന്‍ തെരുവിലെ ഭക്ഷണശാലയില്‍ ഫ്‌ളൈയിങ് നൂഡില്‍സ് ഉണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരുപിടി നൂഡില്‍സ് ചൂടായ എണ്ണയിലേക്ക് ഇട്ടശേഷം ചോപ്പ്സ്റ്റിക് ഉപയോഗിച്ച് അതില്‍ കുറച്ചുഭാഗം മുകളിലേക്ക് ഉയര്‍ത്തി പിടിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് തിളച്ച എണ്ണ കൈയില്‍ കൊണ്ട് കോരി അതിന് മുകളിലേക്ക് ഒഴിക്കുന്നു. ഒടുവില്‍ ഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന നൂഡില്‍സ് പ്ലേറ്റിലേക്ക് മാറ്റുന്നു.

ഇതിന് ശേഷം ഞണ്ടും ഉള്ളിയും അതേ എണ്ണയില്‍ വറുത്തെടുക്കുന്നു. ഇതിലേക്ക് സോയ സോസും ചേര്‍ക്കുന്നു. ഇതും നൂഡില്‍സ് വെച്ച പ്ലേറ്റിലേക്ക് മാറ്റി അതിന് മുകളില്‍ ഗ്രേവി ഒഴിക്കുക കൂടി ചെയ്തതോടെ 'പറക്കും നൂഡില്‍സ്' തയ്യാറായി. ചോപ്പ്സ്റ്റിക്കിന്റെ ബലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നൂഡില്‍സ് പറക്കുന്നത് പോലെ തോന്നുന്നതിനാലാണ് ഇതിനെ ഫ്‌ളൈയിങ് നൂഡില്‍സ് എന്ന് വിളിക്കുന്നത്.

82 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുകളും ചെയ്തിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളാണ് കമന്റ് ബോക്‌സിലുള്ളത്.

'ഇത് എങ്ങനെ കഴിക്കാനാ!' എന്നാണ് ഒരാള്‍ കുറിച്ചത്. 'കൊസാംബിയില്‍ വെച്ച് ഞാനിത് കഴിച്ചിട്ടുണ്ട്' എന്ന് മറ്റൊരാള്‍. 'കലാപരമായി മികച്ചതാണെങ്കിലും വറുത്ത നൂഡില്‍സ് കഴിക്കുന്നത് നല്ലതാണോ?' എന്ന് മറ്റൊരാള്‍. 'ആ എണ്ണ നല്ലതാണോ' എന്ന സംശയമാണ് വേറൊരാള്‍ ഉന്നയിച്ചത്. ഇത് ആരോഗ്യകരമായ ഭക്ഷണമല്ല എന്ന അഭിപ്രായവും പലരും പങ്കുവെച്ചു.

Content Highlights: Viral video shows the unique preparation of 'Flying Noodles' from a Malaysian street food stall, sparking curiosity and health debates