ഇരട്ടിയായി കുതിച്ച് മീൻവില; ആയിരം കടന്ന് അയ്ക്കൂറ

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ചാവക്കാട്: ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങളടുത്തപ്പോൾ മീൻ വിലയിൽ വൻ കുതിപ്പ്. ഒരാഴ്ച മുമ്പുണ്ടായിരുന്ന വിലയുടെ ഇരട്ടിയാണ് മിക്കവാറും മീനുകൾക്ക്. വിലയിൽ തൊട്ടാൽ പൊള്ളുന്നത് അയ്‌ക്കൂറ (അറയ്ക്ക) യ്ക്കാണ്. 10 ദിവസം മുമ്പ് കിലോയ്ക്ക് 600- 700 നിരക്കിൽ ആയിരുന്ന അയ്‌ക്കൂറയ്ക്ക് ഇപ്പോൾ 1200- 1400 രൂപയാണ് വില. ഇത്രയും വില കൊടുത്ത് വാങ്ങാൻ ആരും തയ്യാറാവില്ലെന്ന് കണ്ട് പല ചെറുകിട കച്ചവടക്കാരും വിൽപ്പനയിൽനിന്ന് അയ്‌ക്കൂറ ഒഴിവാക്കുകയാണ്.

ആഘോഷച്ചടങ്ങുകൾക്കും മറ്റുമായി വിളമ്പുന്ന മറ്റൊരു പ്രധാന മീനായ ആവോലി കിട്ടാനില്ലാത്തതിനാൽ കർണാടക, ഗോവ എന്നിവിടങ്ങളിൽനിന്നാണ് എത്തുന്നത്. ഇതിനും കിലോയ്ക്ക് 700-നടുത്ത് വിലയുണ്ട്. ആഴ്ചകൾക്ക് മുമ്പ് 100 രൂപയ്ക്ക് രണ്ട് കിലോ കിട്ടിയിരുന്ന മത്തിക്ക് കിലോയ്ക്ക് 100-120 രൂപയാണ് വില. 100-120 രൂപ വിലയുണ്ടായിരുന്ന അയല 200-240 നിരക്കിലേക്ക്‌ ഉയർന്നു. കേര (തമ്മാൻ)യുടെ വില 220- 260 നിരക്കിലാണ്.

പൂവാലൻ ചെമ്മീനിനും നാരൻ ചെമ്മീനിനും 300 രൂപയാണ് കിലോയ്ക്ക് വില. രണ്ടാഴ്ച മുമ്പ് ഇതിന്റെ പകുതി വിലയായിരുന്നു. മുള്ളൻ- 240, കൊത്തൾ (തളേൻ)- 280 എന്നിങ്ങനെയാണ് മറ്റ് മീനുകളുടെ വില. അയ്‌ക്കൂറ, കേര, മുള്ളൻ, കൊത്തൾ, അയല എന്നിവയെല്ലാം ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നുണ്ട്. പുറത്തുനിന്ന് വരുന്നവയ്ക്ക് നാടൻ മീനിനേക്കാൾ വില കുറവാണ്.

ആഘോഷ സീസണും മീനിന്റെ ലഭ്യതയിലുണ്ടായ കുറവും വലിയൊരു വിഭാഗം തൊഴിലാളികൾ ഒരാഴ്ചയിലേറെ മീൻപിടിത്തത്തിൽനിന്ന് വിട്ടുനിൽക്കുന്നതുമാണ് വില വർധനയ്ക്ക് കാരണമെന്ന് ബ്ലാങ്ങാട് ബീച്ച് മത്സ്യമാർക്കറ്റിലെ മത്സ്യമൊത്ത വിതരണക്കാരനായ ബൈജു തെക്കൻ പറഞ്ഞു.

Content Highlights: fish price kerala