പിങ്കോ വെള്ളയോ? ആദ്യമായുണ്ടായ ഡ്രാഗൺ പഴത്തിൻ്റെ നിറം കണ്ട് അത്ഭുതപ്പെട്ട് ഒരു കുടുംബം

ഡ്രാഗൺ ഫ്രൂട്ട്, യുവാവ് പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/ @x.y.zaid
ഡ്രാഗൺ ഫ്രൂട്ട്, യുവാവ് പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/ @x.y.zaid

സ്വന്തമായി നട്ട ചെടിയിൽ ആദ്യമായി ഇല മുളയ്ക്കുന്ന കാഴ്ച തന്നെ വലിയ സന്തോഷമാണ് പലർക്കും. നട്ട ചെടിയിൽ ആദ്യമായി കായുണ്ടാകുന്നതിൻ്റെ ആനന്ദം പിന്നെ പറയണോ? നിറം കൊണ്ട് മയക്കുന്ന ഡ്രാഗൺ പഴം ആദ്യമായി വിളവെടുത്ത് തുറന്ന് നോക്കുമ്പോൾ ഉള്ളിലെ നിറമറിയാൻ പലരും ആകാക്ഷയോടെ കാത്തിരിക്കാറുണ്ട്.

വീട്ടിൽ അമ്മ നട്ട ഡ്രാഗൺ ചെടിയിൽ ആദ്യമായി കായുണ്ടായതിൻ്റെ അനുഭവം പങ്കുവെച്ചുകൊണ്ട് യുവാവ് പങ്കുവെച്ച വീഡിയോ എത്ര ചെറിയ വിളവെടുപ്പും ആനന്ദമാണെന്നെതിൻ്റെ ഉദാഹരണമാണ്. ഡ്രാഗൺ പഴം പിങ്കോ വെള്ളയോ എന്നറിയാനുള്ള ആകാംക്ഷ നിറഞ്ഞ,  കുടുംബാംഗങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പടെ വീഡിയോയിൽ കാണാം. 

'കുറച്ച് നാൾ മുമ്പ്  അമ്മ ഡ്രാഗൺ ഫ്രൂട്ടിന്റെ വിത്ത് നട്ടിരുന്നു. വിലിയ പ്രതീക്ഷയോടെയാണ് അമ്മ നട്ടത്. പക്ഷേ എനിക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. എന്നാൽ ആ ചെടിയുടെ ആദ്യ ഫലം കായ്ച്ചു. പഴത്തിൻ്റെ വളർച്ചയുടെ ചില ഭാഗങ്ങൾ ഞാൻ ചിത്രീകരിച്ചിരുന്നു' -വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഡ്രാഗൺ ഫ്രൂട്ട് വെള്ളയോ അതോ ചുവപ്പുകലർന്ന പർപ്പിൾ നിറമോ ആകുമോ എന്നാണ് അമ്മയുടെ ആകാംക്ഷ എന്നും അമ്മയ്ക്ക് പിങ്ക് നിറം കാണണമെന്നാണ് ആഗ്രഹമെന്നും യുവാവ് പറയുന്നുണ്ട്. തുടർന്ന് പഴുത്ത ഡ്രാഗൺ ഫ്രൂട്ട് അമ്മയ്ക്ക് നൽകുന്നതും ഉള്ളിലെ പിങ്ക് നിറം കണ്ട് അമ്മ സന്തോഷിക്കുന്നതും വിഡിയോയിൽ കാണാം.  

കുടുംബത്തിലെ മറ്റ് അംഗങ്ങൾ പഴം കണ്ട് ഞെട്ടുന്നുമുണ്ട്. നിരവധിപേരാണ് ക്ഷമയോടെ പരിപാലിക്കുന്ന ഫലവൃക്ഷങ്ങളിൽ ആദ്യമായി ഫലങ്ങൾ കായ്ക്കുന്നതിൻ്റെ സന്തോഷം പങ്കുവെച്ചത്. 

Content Highlights: family`s joy as their homegrown dragon fruit plant bears its first pink fruit.