'കഫീന്‍ ഉള്ളില്‍ച്ചെന്നാൽ ദോഷകരം', കീടനാശിനികളില്‍ ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച് യൂറോപ്യന്‍ യൂണിയൻ

ഉള്ളില്‍ച്ചെല്ലുന്നപക്ഷം കഫീന്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. കീടനാശിനികളില്‍ കഫീന്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.
ഉരുളക്കിഴങ്ങിനെയും കാബേജിനെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ കഫീന്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാന്‍ അനുമതി തേടിക്കൊണ്ട് ഫ്രഞ്ച് കമ്പനിയായ പ്രൊഗാരിയന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ശാഖയായ യൂറോപ്യന്‍ കമ്മിഷന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയായവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, ശരീരത്തിലെ ജലാംശം, താപനില എന്നിവയെ കഫീന്‍ പ്രതികൂലമായി ബാധിക്കുമെന്നതിന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ഇ.എഫ്.എസ്.എ.) പക്കല്‍ ശാസ്ത്രീയമായ തെളിവുകളുണ്ടെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പറയുന്നു.
മാത്രമല്ല, കുട്ടികളിലും മുതിര്‍ന്നവരിലും ഉറക്കം, ഉത്കണ്ഠ, പെരുമാറ്റവ്യതിയാനങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. ഗര്‍ഭിണികളിലെ കഫീന്‍ ഉപയോഗം നവജാതശിശുവിന്റെ തൂക്കത്തെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഫ്രഞ്ച് കമ്പനിയുടെ അപേക്ഷ തള്ളിക്കൊണ്ട് യൂറോപ്യന്‍ കമ്മിഷന്‍ പറയുന്നു.
Content Highlights: europian union ban the use of caffeine in pesticides