കഴിക്കാൻ വാങ്ങിവെച്ച 90 മുട്ടകൾ, വീട്ടുടമ രണ്ടുദിവസത്തെ യാത്രകഴിഞ്ഞെത്തിയപ്പോൾ 70-ഉം വിരിഞ്ഞു !

പ്രതീകാത്മക ചിത്രം, മുട്ടകൾ വിരിഞ്ഞപ്പോൾ| ഫോട്ടോ: canva.com, instagram/ @saysdotcom
പ്രതീകാത്മക ചിത്രം, മുട്ടകൾ വിരിഞ്ഞപ്പോൾ| ഫോട്ടോ: canva.com, instagram/ @saysdotcom

യാത്ര പോകുംമുമ്പ് കുറച്ചധികം മുട്ടകൾ വാങ്ങിവെച്ച് പോയതായിരുന്നു വീട്ടുടമ. തിരികെയെത്തുമ്പോൾ അവയെല്ലാം വിരിഞ്ഞ കാഴ്ചയാണ് അടുക്കളയിൽ കണ്ടത്. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിംഗ്ദാവോ നഗരത്തിൽ താമസിക്കുന്ന ജിയാങ് എന്ന സ്ത്രീയാണ് രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ അവിശ്വസനീയമായ കാഴ്ച കണ്ടത്.

അടച്ചിട്ടുപോയ അപ്പാർട്ട്മെന്റിൽ താറാവുകഞ്ഞുങ്ങളുടെ  ശബ്ദമാണ് തിരിച്ചെത്തിയ ജിയാങ് കേട്ടത്. യാത്രയ്ക്ക് മുമ്പ് ഭക്ഷണത്തിനായി വാങ്ങിവെച്ച മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളായി മാറിയിരിക്കുന്നു. ഈ 'അത്ഭുതകരമായ' കാഴ്ച ക്യാമറയിൽ പകർത്താനും ജിയാങ് മറന്നില്ല.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഭക്ഷണത്തിനായി വാങ്ങിയ മുട്ടകൾ വിരിഞ്ഞതായി കാണാം. ഇവ സാധാരണ മുട്ടകളല്ല, മറിച്ച് ബാലുട് എന്നറിയപ്പെടുന്ന, ഭ്രൂണം വളർന്ന മുട്ടകളാണ്. 14 മുതൽ 21 ദിവസം വരെ സൂക്ഷിച്ച ശേഷമാണ് ഇവ പുഴുങ്ങി കഴിക്കുന്നത്. കംബോഡിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയവിടങ്ങളിൽ ഇവയിൽ നിന്ന് തയ്യാറാക്കുന്ന ബാലുട് എന്ന വിഭവം സ്ട്രീറ്റ് ഫുഡിൽ പ്രധാനിയാണ്. 

കഴിക്കാനുള്ള പ്രായമെത്തിയ ബാലുട് മുട്ട| ഫോട്ടോ: JBYBIOSA, CC BY-SA 4.0 <https://creativecommons.org/licenses/by-sa/4.0>, via Wikimedia Commons

മുട്ടകൾ എങ്ങനെ വിരിഞ്ഞു?

ജിയാങിന്റെ കുടുംബം യാത്രയ്ക്ക് മുമ്പ് 90 ബാലുട് മുട്ടകൾ വാങ്ങിയിരുന്നു. ഇവ ഫ്രിഡ്ജിൽ വയ്ക്കാതെ അടുക്കളയിലാണ് സൂക്ഷിച്ചത്. ജിയാങ് യാത്രയിൽ ആയിരുന്ന രണ്ട് ദിവസങ്ങളിൽ ക്വിംഗ്ദാവോയിൽ താപനില കുത്തനെ ഉയർന്നു. ഈ ചൂടും അപ്പാർട്ട്മെന്റിനുള്ളിലെ ഈർപ്പവും മുട്ടകൾ വിരിയാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ് കരുതുന്നത്. 90 മുട്ടകളിൽ 70 എണ്ണം വിരിഞ്ഞു, അതിൽ 40 മുതൽ 50 വരെ താറാവ്കുഞ്ഞുങ്ങൾ പൂർണമായും വിരിഞ്ഞു. 

പരിചരിക്കാനും മറന്നില്ല

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയതോടെ വ്യത്യസ്ഥമായ കമൻ്റുകളമായി കാഴ്ചക്കാരുമെക്കി. കുട്ടിക്കാല സ്വപ്നം സാക്ഷാത്കരിച്ചെന്നും കുട്ടികളുടെ ഇഷ്ട കാഴ്ചയെന്നും പ്രതികരണങ്ങൾ വന്നു. 

വിരിഞ്ഞ മുട്ടകളുടെ പരിചരണം ജിയാങും കുടുംബവും ഏറ്റെടുക്കാനും മറന്നില്ല. പഴയ സ്വെറ്ററുകൾ ഉപയോഗിച്ച് താൽക്കാലിക ഷെൽട്ടർ ഉണ്ടാക്കി. രണ്ട് കുഞ്ഞുങ്ങളെ തന്റെ മകന് സമ്മാനിക്കുകയും ബാക്കിയുള്ളവയെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

Content Highlights: woman in China returned home to find her kitchen filled with ducklings