പി.സി.ഒ.എസ് മൂലം ബുദ്ധിമുട്ടുന്നവരാണോ; ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അല്ലെങ്കില്‍ പി.സി.ഒ.എസ് മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഇതൊരു ഹോര്‍മോണ്‍ അവസ്ഥയാണ്. ഇതുമൂലം ഗര്‍ഭം ധരിക്കു ന്നതിലും പ്രയാസങ്ങള്‍ നേരിടാം. കൂടാതെ ക്രമരഹിതമായ ആര്‍ത്തവം, ശരീരഭാരം, മുഖക്കുരു, അമിതമായ മുടി വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവയും ഇവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ്.
ഭക്ഷണക്രമം നേരിട്ട് പി.സി.ഒ.എസിന് കാരണമാകില്ല. പക്ഷെ ഒരുപരിധി വരെ ഭക്ഷണക്രമം ഇതിനെ സ്വാധീനിക്കുന്നുണ്ട്.പി.സി.ഒ.എസ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളിലൊന്നാണ് സമീകൃതാഹാരം. ചില ഭക്ഷണങ്ങള്‍ പി.സി.ഒ.എസ്. ലക്ഷണങ്ങള്‍ വഷളാക്കാം. ഇവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രിഷനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നതിങ്ങനെ.
ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നത് നല്ലതാണെന്ന് നമാമി പറയുന്നു.അതിനൊപ്പം ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കും. അതിനാല്‍ ജി.ഐ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
പി.സി.ഒ.എസ് ഉള്ള സ്ത്രീകള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.ശരീരഭാരം നിയന്ത്രിക്കാനും ഇത്തരം ഭക്ഷണങ്ങള്‍ നല്ലതാണ്.ഗ്ലൂട്ടന്‍ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്.
അതിനൊപ്പം പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പി.സി.ഒ.എസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണ. ഇത് ശരീരത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്തും.പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ബെറി പഴങ്ങള്‍, ഫാറ്റി ഫിഷ്, സിട്രസ് പഴങ്ങള്‍ ,ഇലക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: diet tips for all women suffering from pcos