വോഡ്ക മോമോസ് കഴിയ്ക്കാം

#സപ്ത സഞ്ജീവ്
.
.

വകഭേദങ്ങളും വൈവിധ്യങ്ങളും അനവധിയുള്ള ഉത്തരേന്ത്യൻ ഭക്ഷണമാണ് മോമോസ്. ഗോൾഡ് മോമോസ്, പിസ്സ മോമോസ്, തന്തൂരി മോമോസ്, ചീസി മോമോസ്, കുൽഹഡ് മോമോസ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തയത്ര മോമോസുകളാണ് ഡൽഹിയിൽ ദിവസവും വിറ്റുപോകുന്നത്. അത്തരത്തിൽ തലസ്ഥാനത്ത് അതിവേഗം പ്രശസ്തിനേടിയ ഇനമാണ് വോഡ്ക മോമോസ്! ഞെട്ടണ്ട, സംഭവം സത്യമാണ്.

തന്തൂരി മോമോസിന് മുകളിൽ ഒഴിക്കുന്ന എരിവുള്ള ചുവന്ന ഗ്രേവിയിൽ കുറഞ്ഞ അളവിൽ വോഡ്ക കലർത്തിയാണ് വോഡ്ക മോമോസ് തയ്യാറാക്കുന്നത്.

കഴിക്കാനെത്തുന്നവരുടെ ആവശ്യാനുസരണം വോഡ്കയുടെ അളവ് കൂട്ടിയും കുറച്ചും മോമോസ് ലഭിക്കും. ബേക്കിങ് സമയത്ത് ബാഷ്പീകരിക്കപ്പെടുന്നതിനാൽ വോഡ്കയുടെ നേരിയ രുചി മാത്രമാണ് അവശേഷിക്കുക.പുറം പാളി നല്ല മൊരിഞ്ഞിരിക്കുന്നതാണ് വോഡ്ക മോമോസിന്റെ പ്രത്യേകത. വെളുത്തുള്ളിയും സവാളയും ചേർത്ത് അലങ്കരിച്ചൊരുക്കി ചില്ലി ഗാർലിക് ടൊമാറ്റോ സോസിനൊപ്പമാണ് ഇവ വിളമ്പുന്നത്. ചിക്കൻ, വെജ് ഫില്ലിങ്ങിൽ ഇവ ലഭ്യമാണ്. പ്ലേറ്റിന് 200 രൂപ മുതലാണ് വില.

അമർ കോളനിയിലെ ക്യൂൻസ് കിച്ചൻ, ഡിഫൻസ് കോളനിയിലെ കഫേ ബ്രൗൺ ഷുഗർ, കൽക്കാജി മാർക്കറ്റിലെ ഡില്ലി കൽക്കാജി, പശ്ചിമ വിഹാറിലെ ടിയാനാസ് മോമോസ് എന്നിങ്ങനെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വോഡ്ക മോമോസ് ലഭിക്കും.

Content Highlights: delicious food, vodka, momos,food