പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി ഉപയോക്താവ്, ജീവിതത്തില്‍ ആദ്യത്തെ അനുഭവമെന്ന് ഫുഡ് ഡെലിവറി ഏജന്റ്

ഭക്ഷണത്തിനായി ഓർഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ അതെത്തിക്കുന്ന ഡെലിവറി ഏജന്റിന് പലപ്പോഴും ഒരു നന്ദി പറയാന്‍ പോലും മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഡെലിവറി ഏജന്റിന്റെ പിറന്നാളാണെന്നറിഞ്ഞ് ഒരു ഉപയോക്താവും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസ് സാമൂഹികമാധ്യമങ്ങളില്‍ അഭിനന്ദനം നേടുകയാണ്. ഡെലിവറി ഏജന്റിന് തങ്ങള്‍ നല്കിയ 'സമ്മാനം' ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ ഇതിനോടകം പതിനഞ്ചുലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
ഓർഡര്‍ ട്രാക്കിങ്ങാണ് ആദ്യം സ്ക്രീനില്‍ കാണുന്നത്. അതില്‍ ഡെലിവറി ഏജന്റ് അഞ്ച് മിനിറ്റ് കൊണ്ടെത്തുമെന്നും കാണാം. കനത്ത മഴയാണെന്നും എങ്ങനെ് ഏജന്റ് പാഴ്സലെത്തിക്കുമെന്നും ഉപയോക്താവ് വീഡിയോയില്‍ ടെക്റ്റായി കൊടുത്തിരിക്കുന്നു. തുടര്‍ന്ന് ഏജന്റിന്റെ ജന്മദിനമാണെന്ന് വീഡിയോയില്‍ കാണിക്കുന്നു. ശൈഖ് എന്നു പേരുള്ള ഡെലിവറി ഏജന്റിന് ആശംസകള്‍ അറിയിക്കാന്‍ ആഗ്രഹിക്കുകയാണെന്നും വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പിന്നീട് വാതില്‍ തുറക്കുന്നതും ഏജന്റിനോട് പിറന്നാളല്ലേ എന്നുചോദിച്ച് ഉറപ്പാക്കുന്നതുമാണ് വീഡിയോയില്‍. ശൈഖ് അതേയെന്ന് മറുപടി നല്‍കുന്നതോടെ എല്ലാവരും ചേര്‍ന്ന് 'ഹാപ്പി ബര്ത്ഡേ' പാടാനാരംഭിക്കുന്നു. ശൈഖിന് വളരെയധികം സന്തോഷമായെന്ന അയാളുടെ നിറഞ്ഞ ചിരി വ്യക്തമാക്കുന്നു. കയ്യിലുള്ള ഭക്ഷണപ്പൊതി ശൈഖ് കൈമാറുന്നു. ഒരു ചെറിയ പെട്ടി ഉപയോക്താവ് ശൈഖിന് സമ്മാനമായി നല്‍കുകയും ചെയ്യുന്നു.
'നിങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ആനന്ദം വ്യാപിപ്പിക്കൂ...' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഡെലിവറി കമ്പനിയായ സൊമാറ്റോ നന്ദിയറിയിച്ചിട്ടുമുണ്ട്. 'ശൈഖിന് ഇത്രയധികം സന്തോഷം നല്‍കിയതിന് നന്ദി' എന്നാണ് കമ്പനി കമന്റ് ചെയ്തത്. ശൈഖും പോസ്റ്റിന് കമന്റ് ചെയ്തു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരനുഭവമെന്നും അതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും ശൈഖ് കുറിച്ചു. നിരവധി പേര് പോസ്റ്റിന് കമന്റുമായെത്തി. പലരും തങ്ങള്‍ക്കുണ്ടായ സന്തോഷം പങ്കുവെച്ചു.
Content Highlights: Customer Sings Happy Birthday Gives Gift To Delivery Agent