മഴക്കാടുകളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിഭവങ്ങൾ, ആനപ്പിണ്ടം കൊണ്ടുള്ള ഡിസേർട്ടും

സിനിമാ സെറ്റുകളെയും ഡയലോഗുകളെയും ഓര്‍മിപ്പിക്കുന്ന തരത്തില്‍ പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ച് അവിടെ ഭക്ഷണം വിളമ്പുന്ന നിരവധി ഭക്ഷണശാലകളുണ്ട്. ഒച്ചും പാറ്റയും പല്ലിയുമൊക്കെ ഭക്ഷണങ്ങളാകുന്നതും പല റസ്റ്ററൻ്റുകളിലും പുതുമയല്ല.
മഴക്കാടുകളുടെ പ്രതീതി നല്‍കുന്ന അന്തരീക്ഷത്തില്‍ വ്യത്യസ്തമായ ചില ഭക്ഷണങ്ങള്‍ വിളമ്പുന്ന ചൈനയിലെ ഷാങ്ഹായ് പ്രവിശ്യയിലെ ഒരു ഭക്ഷണശാല ഇപ്പോൾ വൈറലായിരിക്കുകയാണ്. ചൈനയിലെ ഒരു യൂട്യൂബര്‍ ഈ വിഭവങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ കാണിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചതോടെയാണ് റസ്റ്ററൻ്റ് ചർച്ചയാകുന്നത്.
പ്രകൃതിദത്ത ഭക്ഷണങ്ങളാണ് കടയുടെ ഹൈലൈറ്റ്. മഴക്കാടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 15 വിഭവങ്ങള്‍ക്ക് 3,888 യുവാന്‍ (ഏകദേശം 45,478 രൂപ) ആണ് വില. ചെടിയില്‍ നിന്ന് നേരിട്ട് ഇല പറിച്ചെടുത്ത് സോസില്‍ മുക്കിയാണ് ഭക്ഷണം കഴിച്ചുതുടങ്ങേണ്ടത്. തുടര്‍ന്ന് മെയിന്‍ കോഴ്‌സുകള്‍ക്ക് ശേഷം വരുന്ന ഭക്ഷണങ്ങളാണ് വിചിത്രമെന്ന നിലയില്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ആനപ്പിണ്ടത്തില്‍ മുക്കിയ പൂക്കളാണ് ഭക്ഷണത്തിനു ശേഷം വിളമ്പുന്ന ഡിസേര്‍ട്ടിന്റെ ചേരുവ. ഉണങ്ങിയ ആനപ്പിണ്ടം സ്‌റ്റെറിലൈസ് ചെയ്ത ശേഷം ഫ്രൂട്ട് ജാമിനും തേനിനുമൊപ്പമാണ് വിളമ്പുന്നത്. ഫ്രൂട്ട് ജാമും ഇതിനു മുകളിൽ മണത്തിനായി ഉപയോഗിക്കുന്ന സുഗന്ധവും ഏത് വേണമെന്ന് അതിഥികൾക്ക് തിരഞ്ഞെടുക്കാം. ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി വീഡിയോ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Chinese restaurant creates a viral buzz with its elephant dung dessert