‘അമിതമായി വേവിക്കരുത്’, രുചികരമായ ഓംലെറ്റ് തയ്യാറാക്കാൻ സെലിബ്രിറ്റി ഷെഫ് നൽകുന്ന ടിപ്സ്

പാചക പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരുടെ ആദ്യകാല പരീക്ഷണങ്ങളിലൊന്നാണ് ഓംലെറ്റ്. മുട്ട അടിച്ച്, കുറച്ച് ഉള്ളിയും ഉപ്പും ചേർത്ത് പാനിലേക്ക് ഒഴിച്ചാൽ ഓംലെറ്റാകുമെങ്കിലും രുചികരമായ, മൃദുവായ, പഞ്ഞി പോലുള്ള ഓംലെറ്റ് ഉണ്ടാക്കാനാകുന്നതും ഒരു മിടുക്കാണ്. രണ്ട് ചേരുവകൾ മാത്രം അധികമായി ചേർത്താൽ തുടക്കക്കാർക്ക് പോലും ലോകത്തെ ഏറ്റവും മികച്ച ഓംലെറ്റ് തയ്യാറാക്കാനാകുമെന്ന് പറയുകയാണ് സെലിബ്രിറ്റി ഷെഫായ രൺവീർ ബ്രാർ. രൺവീർ അലഹബാദിയയുമായുള്ള പോഡ്കാസ്റ്റിലാണ് അദ്ദേഹം ടിപ്സ് പങ്കുവെച്ചത്.
ബ്രാർ പങ്കുവെച്ച ടിപ്സ്
- ക്രീമും ബട്ടറും: മുട്ട അടിക്കുമ്പോൾ തന്നെ അൽപ്പം ക്രീം ചേർക്കണമെന്ന് ബ്രാർ പറയുന്നു. പിന്നീട് ഇതിലേക്ക് അൽപം അലിഞ്ഞ ബട്ടറും ചേർക്കാം. രണ്ടും ചേരുവയും ഓംലെറ്റിനെ സാധാരണ രുചിയിൽ നിന്ന് വ്യത്യസ്ഥമാക്കുമെന്നും ഷെഫ് ഉറപ്പുനൽകുന്നു.
- ചീസ് ചേർക്കുന്നതിലുമുണ്ട് പൊടിക്കൈ: ഓംലെറ്റിൽ ചീസ് ചേർക്കുന്നവരാണെങ്കിൽ പാനിലേക്ക് അടിച്ച മുട്ട ഒഴിച്ച ശേഷമല്ല ചീസ് ചേർക്കേണ്ടത്. മൂന്ന് മുട്ടയിലേക്ക് അര സ്പൂൺ ചീസ് സ്പ്രെഡ് ഉപയോഗിക്കാം. ഇവ ന്നനായി ബ്ലെൻ്റായെന്നും ഉറപ്പുവരുത്തണം.
- തീ കുറയ്ക്കുക: മുട്ട, ക്രീം, ബട്ടർ, ചീസ് എന്നിവ ചേർത്ത മിശ്രിതം പാനിൽ ഒഴിച്ച ശേഷം തീ കൂട്ടിവെക്കരുതെന്നതാണ് മറ്റൊരു ടിപ്. പതിയെ ക്ഷമയോടെ ഇളക്കിക്കൊടുക്കാൻ ശ്രദ്ധിക്കാം.
- ഓവർകുക്ക് ചെയ്യരുത്: ഓംലെറ്റ് ഉണ്ടാക്കുമ്പോൾ മുട്ട അമിതമായി വേവിക്കരുതെന്നും രൺവീർ ബ്രാർ പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് അത്തരത്തിൽ വെന്ത ഓംലെറ്റാണ് വേണ്ടതെങ്കിൽ പാനിന്റെ ഭാഗത്ത് വെച്ച് പാചകം ചെയ്യാമെന്ന് അദ്ദേഹം നിർദേശിക്കുന്നു. അതിനുശേഷം ഗ്യാസ് ഓഫ് ചെയ്യാം. മുട്ട ചൂടിനോട് വളരെ സെൻസിറ്റീവ് അയതിനാൽ പാനിൻ്റെ ചൂട് കൊണ്ട് ബാക്കി വേവുമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Learn celebrity chef Ranveer Brar`s secrets to making the perfect, fluffy omelette.