ഒരു പീസ പുറന്തള്ളുന്നത് 25 കിലോ കാർബൺ! ഭക്ഷണശീലം മാറ്റാൻ മുന്നറിയിപ്പ്

#എം.ബഷീർ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: ഒരു പീസ പുറന്തള്ളുന്ന കാർബൺ എത്രയെന്നറിയാമോ? 20 മുതൽ 25 കിലോഗ്രാംവരെ. ഒരു ബീഫ് ബർഗറാകട്ടെ 7.78 കിലോഗ്രാം കാർബൺ പുറന്തള്ളുമെന്നാണ് കണക്ക്. അതേസമയം, സാധാരണ ഉപയോഗിക്കുന്ന അടിസ്ഥാനഭക്ഷണങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവ് വളരെ കുറവാണ്. 200 ഗ്രാം വേവിച്ച അരി 0.19 കിലോഗ്രാം കാർബൺമാത്രമേ പുറന്തള്ളൂവെന്നാണ് ഗ്രീൻ എനർജി ഫോറം പുറത്തിറക്കിയ ധവളപത്രം ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ളവ തടയാൻ പുതുതലമുറ ഭക്ഷണശീലങ്ങളിൽ മാറ്റംവരുത്തണമെന്നർഥം. ഒരു കന്നുകാലിയുടെ ജനനംമുതൽ അതിന്റെ വളർച്ചാഘട്ടത്തിലുടനീളവും അത് ഉപഭോക്താവിന്റെ കൈകളിലെത്തുംവരെയുമുള്ള പ്രവർത്തനങ്ങളെ നിശ്ചിത ഫോർമുലയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാണ് കാർബൺ പുറന്തള്ളലിന്റെ തോത് കണക്കാക്കുന്നത്. ബർഗറിന്റെ കാര്യത്തിൽ അതിലെ ബീഫ് പാറ്റിയുടെയും മറ്റു പച്ചക്കറികളുടെയും ചീസിന്റെയുമൊക്കെ കാർബൺ പുറന്തള്ളലാണ് കണക്കാക്കുന്നത്.

ഒരു ഇലക്‌ട്രോണിക് ഉപകരണത്തിന്റേതാണെങ്കിൽ നിർമാണവസ്തുക്കളും അവയുടെ ശരാശരി പ്രവർത്തനകാലാവധിയുമൊക്കെ കണക്കിലെടുത്താണ് കാർബൺ പുറന്തള്ളൽ കണക്കാക്കുന്നത്.

ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ ഭയാനകമായ വിധത്തിൽ വർധിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാൽ, കാർബൺരഹിത നടപടികൾ പ്രോത്സാഹിപ്പിക്കാൻ ഗ്രീൻ എനർജി ഫോറം പുറത്തിറക്കിയ ധവളപത്രം നിർദേശിക്കുന്നു. ഊർജം, ഗതാഗതം, ഉപഭോഗം, ജീവിതരീതി, കൃഷി തുടങ്ങിയവയിലൊക്കെ കാർബൺരഹിത സംവിധാനങ്ങൾക്കായി പ്രയത്നിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഗ്രീൻ എനർജി സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സ്ഥാപിക്കേണ്ടതുണ്ടെന്ന് ഗ്രീൻ എനർജി ഫോറം ജനറൽ സെക്രട്ടറി ഡോ. എസ്. രത്നകുമാർ പറഞ്ഞു.