രാവിലെ വെറുംവയറ്റിൽ ഈ 4 ഭക്ഷണങ്ങൾ കഴിക്കരുത്; ന്യൂട്രീഷനിസ്റ്റ് പറയുന്നു

ഒരു ദിവസത്തെ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. അവശ്യ പോഷകങ്ങൾ അടങ്ങിയ പ്രഭാതഭക്ഷണത്തോടെ ദിവസം തുടങ്ങണമെന്ന് ഒട്ടുമിക്കവർക്കും അറിയാവുന്ന കാര്യമാണ്.
ബ്രേക്ക്ഫാസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ശ്വേതാ ഷാ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ.
വെറും വയറ്റിൽ കഴിക്കരുതാത്ത നാല് ഭക്ഷണങ്ങളെക്കുറിച്ചും പകരം കഴിക്കാവുന്ന മറ്റ് ഭക്ഷണങ്ങളെക്കുറിച്ചും ശ്വേതാ വീഡിയോയിൽ പറയുന്നുണ്ട്.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, പൈനാപ്പിൾ പോലുള്ള സിട്രസ് പഴങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു. വെറും വയറ്റിൽ സ്വാഭാവികമായും ആസിഡിന്റെ അളവ് വളരെ കൂടുതലായിരിക്കും. സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ അസിഡിറ്റി കൂടുകയും വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഇതിനു പകരം വാഴപ്പഴം അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരി എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്.
കാപ്പി
രാവിലെ കാപ്പി കുടിക്കുന്നത് ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും പിന്നീട് ഷുഗർ ക്രേവിങ്‌സ് തോന്നാനും കാരണമാകും. അതിനാൽ രാവിലെ കാപ്പി കുടിക്കുന്നത് കർശനമായി ഒഴിവാക്കണം. കാപ്പിക്ക് പകരം, 'മല്ലിയിട്ട ചെറു ചൂടുവെള്ളമോ, ജീരകവെള്ളമോ കുടിക്കാവുന്നതാണ്.
തക്കാളി
വെറും വയറ്റിൽ തക്കാളി കഴിക്കുന്നത് അസിഡിറ്റി കൂട്ടും. അതിനാൽ രാവിലെ തക്കാളി അധികമടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.
പച്ചക്കറികൾ
പലരും രാവിലെ സാൻഡ്വിച്ചുകളിലോ സാലഡുകളിലോ വേവിക്കാത്ത പച്ചക്കറികൾ ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ രാവിലെ തണുത്തതും പച്ചയുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ശ്വേത നിർദേശിക്കുന്നു. രാവിലെ ദഹനശക്തി അത്ര നല്ലതായിരിക്കില്ലെന്നും സാലഡ് കഴിക്കാൻ ഏറ്റവും അനുയോജ്യമായത് ഉച്ചഭക്ഷണ സമയത്താണെന്നും അവർ പറയുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Mumbai nutritionist Shweta Shah reveals 4 common breakfast foods you should avoid on an empty stomach. Discover healthier alternatives to start your day right and boost your energy.