ഒരു മീനിന് 29 കോടി രൂപ! ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമായി വീണ്ടും 'ബ്ലൂഫിൻ ട്യൂണ'

ജപ്പാനിലെ ടോക്കിയോയിൽ നടന്ന ഈ വർഷത്തെ ആദ്യ ലേലത്തിൽ കൂറ്റൻ ബ്ലൂഫിൻ ട്യൂണ (Bluefin Tuna) വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്. 243 കിലോഗ്രാം തൂക്കമുള്ള ഈ മത്സ്യത്തിന് 510 ദശലക്ഷം യെൻ (ഏകദേശം 29 കോടി ഇന്ത്യൻ രൂപ) ആണ് വില ലഭിച്ചത്. ജപ്പാനിലെ പ്രശസ്തമായ 'സുഷി സാൻമൈ' റസ്റ്ററന്റ് ശൃംഖലയുടെ ഉടമയും 'ട്യൂണ രാജാവ്' എന്നറിയപ്പെടുന്ന കിയോഷി കിമുറയാണ് വമ്പൻ മത്സ്യത്തെ സ്വന്തമാക്കിയത്.
സാധാരണ മീനുകളിൽ നിന്ന് വ്യത്യസ്തമായി ബ്ലൂഫിൻ ട്യൂണയ്ക്ക് ഇത്രയും വലിയ വില ലഭിക്കാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
ലഭ്യതക്കുറവ്: കടലിന്റെ ആഴങ്ങളിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുന്ന ഇവയെ പിടികൂടുക പ്രയാസകരമാണ്. വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയുടെ വേട്ടയാടലിന് കർശന നിയന്ത്രണങ്ങളുണ്ട്.
അളവറ്റ വലിപ്പം: 450 കിലോ വരെ ഭാരം വയ്ക്കുന്ന ഇവയുടെ പ്രായവും വലിപ്പവും കൂടുന്നതിനനുസരിച്ച് വിലയും വർദ്ധിക്കുന്നു.
പ്രത്യേക രീതിയിലുള്ള വേട്ടയാടൽ: വല ഉപയോഗിച്ച് പിടിച്ചാൽ മത്സ്യത്തിന് പരിക്കേൽക്കാനും സമ്മർദ്ദം മൂലം മാംസത്തിന്റെ ഗുണനിലവാരം കുറയാനും സാധ്യതയുണ്ട്. അതിനാൽ ഹൈൻകര എന്ന പരമ്പരാഗത ജാപ്പനീസ് ചൂണ്ട രീതി ഉപയോഗിച്ചാണ് ഇവയെ ഓരോന്നായി പിടികൂടുന്നത്.
രുചിയും ഡിമാൻഡും: സുഷി, സാഷിമി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാൻ ഏറ്റവും മികച്ചത് ഇതിന്റെ കൊഴുപ്പുള്ള മാംസമാണ്. ഇതിലെ 'ഒട്ടോറോ' എന്ന ഭാഗം വെണ്ണ പോലെ അലിഞ്ഞുപോകുന്നതാണ്.
ഇന്ത്യയിലെ കോടീശ്വര മത്സ്യങ്ങൾ
ജപ്പാനിലെ ട്യൂണ പോലെ ഇന്ത്യയിലും ലേലത്തിൽ ലക്ഷങ്ങളും കോടികളും കൊയ്യുന്ന മത്സ്യങ്ങളുണ്ട്. ഇന്ത്യയിൽ ഇതുവരെ വിറ്റുപോയതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങൾ ഇവയാണ്:
1. ഘോൾ ഫിഷ്- 'കടലിലെ സ്വർണം'
ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന വില ലഭിച്ച മത്സ്യമാണിത്. 2021 സെപ്റ്റംബർ ഒന്നിന് മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുള്ള ചന്ദ്രകാന്ത് താരെ എന്ന മത്സ്യത്തൊഴിലാളിക്ക് ലഭിച്ച 157 ഘോൾ മത്സ്യങ്ങൾ 1.33 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
എന്തുകൊണ്ട് വിലകൂടുന്നു? ഇതിന്റെ വയറിനുള്ളിലെ വായുസഞ്ചി ഔഷധഗുണമുള്ളതാണ്. മരുന്നുകൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും സർജറിക്ക് ഉപയോഗിക്കുന്ന നൂലുകൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു. ഹോങ്കോങ്ങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇവയ്ക്ക് വൻ ഡിമാൻഡാണ്.
2. തെലിയ ഭോല
ബംഗാൾ ഉൾക്കടലിൽ നിന്ന് ലഭിക്കുന്ന അപൂർവ്വ മത്സ്യമാണിത്. 2025 ഒക്ടോബറിൽ പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂരിലെ ദിഘ തീരത്ത് പിടിക്കപ്പെട്ട 88 തെലിയ ഭോല മത്സ്യങ്ങൾ ഏകദേശം 60 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. ഇതിനുമുമ്പ് 2021-ൽ ഒരു വലിയ തെലിയ ഭോല മത്സ്യം മാത്രം 36 ലക്ഷം രൂപയ്ക്ക് വിറ്റുപോയിട്ടുണ്ട്. ഘോൾ മത്സ്യത്തെപ്പോലെ ഇതിന്റെ ആന്തരിക അവയവങ്ങൾ മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ് വലിയ വിലയ്ക്ക് കാരണം.
Content Highlights: Record-breaking sale! A 243kg Bluefin Tuna fetched 510 million Yen (approx. 29 Crore INR) at Japan`s first auction.