ദീപിക പദുക്കോണിന്റെ ഇഷ്ടവിഭവം ; എളുപ്പത്തിലുള്ള പാചകം പങ്കുവെച്ച് വ്‌ളോഗര്‍

photo:instagram.com/deepikapadukone/
photo:instagram.com/deepikapadukone/

സിനിമാതാരങ്ങളുടെ ഭക്ഷണതാത്പര്യങ്ങളും ഡയറ്റുമെല്ലാം അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പതിവാണ്. അവരുടെ ഭക്ഷണ അഭിരുചികളും ഇഷ്ടങ്ങളും അറിയാനും ഡയറ്റുകളെക്കുറിച്ച് മനസിലാക്കാനുമെല്ലാം ഏവര്‍ക്കും പൊതുവേ താല്‍പര്യവുമാണ്. സെലിബ്രിറ്റി ഇന്റര്‍വ്യൂകളിലും ഇത്തരത്തില്‍ ഭക്ഷണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളും കാണാം.

ഇപ്പോഴിതാ ഇതുപോലെ ബോളിവുഡ് താരം ദീപിക പദുകോണ്‍ ഒരു അഭിമുഖത്തിനിടെ തന്റെ ഇഷ്ടവിഭവത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഭൂട്ടാന്‍ വിഭവമായ'എമ ദട്ഷി' എന്നതാണ് ഈ വിഭവം. ഒരു തരത്തില്‍ നമ്മുടെ സ്റ്റൂ തന്നെയാണ്. ചോറിനൊപ്പമാണ് ഇത് ഏറെയും കഴിക്കുന്നത്. ചീസാണ് പ്രധാനപ്പെട്ട ചേരുവ. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറിനൊപ്പം കഴിക്കാന്‍ ഏറെ രുചികരമായ വിഭവം കൂടിയാണിത്. 

ഈ വിഭവം തയ്യാറാക്കിരിക്കുകയാണ് ഡോ. രുപാലി എന്ന വ്‌ളോഗര്‍. ഇതിന്റെ വീഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പൊതുവെ ആരോഗ്യകരമാ ഭക്ഷണങ്ങളെ കുറിച്ചാണ് ഡോ. രുപാലി വീഡിയോകള്‍ തയ്യാറാക്കാറുള്ളത്. അതിനാല്‍ തന്നെ ദീപികയുടെ ഇഷ്ടവിഭവവും അത്തരത്തിലുള്ളതാണ്.

ഈ വിഭവം  തയ്യാറാക്കുന്നതിനായി ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് ആവശ്യമായ ചേരുവകള്‍. ആദ്യം തന്നെ ആവശ്യമായ പച്ചമുളകെടുത്ത് അത് നെടുകെ കീറി അരിയെല്ലാം വേര്‍പെടുത്തി മാറ്റി വയ്ക്കണം. ഇനിയൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തില്‍ അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റിയെടുക്കണം. 

ഇതിലേക്ക് മാറ്റിവച്ച പച്ചമുളകും ചേര്‍ത്തുകൊടുക്കാം. എല്ലാം നന്നായി വഴണ്ടുവരുമ്പോള്‍ വെള്ളം ചേര്‍ത്തുകൊടുക്കാം. ശേഷം ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തുകൊടുക്കാം. വെള്ളം തിളയ്ക്കുമ്പോഴേക്ക് ചീസ് ചേര്‍ക്കാം. ചീസ് കൂടി നന്നായി തിളച്ച് കറിയിലേക്ക് ചേര്‍ന്നുവരുമ്പോള്‍ തീയണയ്ക്കാം. ചൂട് ചോറിനൊപ്പം തന്നെ ഇത് കഴിക്കണം. എങ്കിലേ രുചി അറിയാന്‍ കഴിയുകയുള്ളൂ.

ഡോ. രുപാലി പങ്കുവച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. തയ്യാറാക്കാന്‍ വളരെ എളുപ്പമായതിനാല്‍ തന്നെ ഇത് പരീക്ഷിച്ചുനോക്കാമെന്നും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

Content Highlights: Deepika Padukone,Ema Datshi,bhutan,food