കറുത്ത പൊടിയുള്ള സവാള ഒഴിവാക്കേണ്ടതുണ്ടോ? വിദഗ്ധർ പറയുന്നതിങ്ങനെ

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ചില സവാളകളിൽ കറുത്ത പൊടിപോലുള്ള വസ്തു ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? അസ്പർഗില്ലസ് നിഗർ എന്ന പൂപ്പലാണ് ഇവ. സവാളയിൽ കാണുന്ന ഈ പൂപ്പലിന്റെ സാന്നിധ്യം വ്യാപകമായതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധയും ന്യൂട്രീഷനിസ്റ്റുമായ ഡോ. നന്ദിത അയ്യർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്. പല ആപ്പുകളിൽ നിന്നായി സവാള ഓർഡർ ചെയ്ത് നോക്കിയിട്ടും ഒന്നുപോലും ഇത്തരത്തിൽ കറുത്ത പൂപ്പലില്ലാത്തവയില്ലെന്ന് പോസ്റ്റിൽ പറയുന്നു.
At this point, the only way to get onions that are not coated with black fungus is to take a paring knife to the vegetable market, peel, quality check and then buy. I’ve ordered from every single app/ supermarket and I’m sorry to say that I am yet to come across a single onion… pic.twitter.com/inWmX2F34W
— Dr Nandita Iyer (@saffrontrail) November 12, 2025
എന്നാൽ ഈ പൂപ്പലുകളുള്ള സവാളകൾ ഒഴിവാക്കേണ്ടതുണ്ടോ എന്ന് വിശദീകരിക്കുന്ന മറ്റൊരു വീഡിയോ ഇവർ പങ്കുവെച്ചിട്ടുണ്ട്.
പൂപ്പൽ വളരുന്നതെങ്ങനെ?
ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിലാണ് ഇവ തഴച്ചുവളരുന്നത്. ഈർപ്പമുള്ള അന്തരീക്ഷം, സ്റ്റോർ ചെയ്ത് വെക്കുമ്പോൾ വായുസഞ്ചാരം ഇല്ലാതിരിക്കുക, കൂടുതൽ കാലം സൂക്ഷിച്ചുവെക്കുക തുടങ്ങിയവയണ് പൂപ്പൽ വരാനുള്ള കാരണം. ഇ- കൊമേഴ്സ് ആപ്പുകളിൽ നിന്ന് വാങ്ങുമ്പോൾ സംഭരണ ശാലകളിൽ മതിയായ വായു സഞ്ചാരം ഇല്ലാത്തതും ഇവയിൽ പൂപ്പൽ വളരുന്നതിന് കാരണമാകാറുണ്ടെന്നും വീഡിയോയിൽ പറയുന്നു.
പരിഹാരം
കറുത്ത പൂപ്പലുള്ള ഉള്ളികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് ഉപയോഗിക്കാമെന്ന് ഡോ. നന്ദിത അയ്യർ പറയുന്നു.
- കറുത്ത പാടുകൾ പുറംതൊലിയിൽ മാത്രമാണെങ്കിൽ, അത് നീക്കം ചെയ്ത ശേഷം ഉള്ളി നന്നായി കഴുകി ഉപയോഗിക്കാം.
- പൂപ്പൽ ഉൾഭാഗത്തേക്കും വ്യാപിച്ചിട്ടുണ്ടെങ്കിൽ, വൃത്തിയുള്ള പിങ്ക്-വെള്ള നിറമുള്ള ഭാഗം കാണുന്നതുവരെ തൊലികൾ നീക്കം ചെയ്യണം.
- ഉള്ളിക്ക് ദുർഗന്ധമോ വഴുവഴുപ്പോ ഉണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കാം.
- പൂപ്പൽ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തുക്കൾ (toxins) ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം
- മുറിച്ച ശേഷം വൃത്തിയാക്കുക: സവാളയിൽ പൂപ്പൽ കുറവാണെങ്കിൽ പോലും കൈകളും കത്തിയും ചോപ്പിങ് ബോർഡും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ഇവ മറ്റു സാധനങ്ങളിലേക്ക് പടരാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
- ശരിയായ സംഭരണം: ഉള്ളി പ്ലാസ്റ്റിക് കവറുകളിലോ അടച്ച പെട്ടികളിലോ സൂക്ഷിക്കുന്നതിന് പകരം വായുസഞ്ചാരമുള്ള കൊട്ടകളിൽ സൂക്ഷിക്കാം.
- കൂടുതൽ വാങ്ങി സൂക്ഷിക്കാതിരിക്കാം: വലിയ അളവിൽ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിന് പകരം, ആവശ്യത്തിന് മാത്രം ഫ്രഷ് ആയി വാങ്ങുന്നതിലൂടെ ഒരു പരിധിവരെ പൂപ്പലിൽ നിന്ന് രക്ഷനേടാനാവും.
പൂപ്പലുള്ള സവാള കഴിക്കുന്നതിന്റെ 'അപകടങ്ങളെക്കുറിച്ച്' സോഷ്യൽ മീഡിയയിൽ അതിശയോക്തിയുള്ള പല പ്രചാരണങ്ങളും കണ്ടേക്കാം. അനാവശ്യമായ പരിഭ്രാന്തിക്ക് പകരം ശരിയായ അവബോധമാണ് വേണ്ടത്.
Content Highlights: Worried about black mold on onions? Expert nutritionist Dr. Nandita Iyer explains what it is, why it grows, and how to safely use or discard affected onions.