പരിപ്പ് വെറുതെ കഴിച്ചാൽ പോരാ; ഏത് അസുഖത്തിന് ഏത് പരിപ്പ് വേണമെന്ന് അറിയാമോ?

നമ്മുടെ നിത്യഭക്ഷണത്തിലെ പ്രധാന വിഭവമാണ് പരിപ്പ് വർഗ്ഗങ്ങൾ. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീന്റെ കലവറയായ ഇവയെ 'സൂപ്പർ ഫുഡ്' എന്നാണ് വിളിക്കുന്നത്. എന്നാൽ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് അനുയോജ്യമായ പരിപ്പ് തിരഞ്ഞെടുക്കുന്നത് ഇരട്ടി ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെടുകയാണ് പ്രമുഖ പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിൻ.
പരിപ്പ് വർഗ്ഗങ്ങൾ പാകം ചെയ്യുന്നതിന് മുൻപ് നിർബന്ധമായും കുതിർത്ത് വെക്കണം. പരിപ്പിലുള്ള ആന്റി-ന്യൂട്രിയന്റുകൾ കുറയ്ക്കാനും പോഷകങ്ങൾ ശരീരം ശരിയായി ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.
1. ദഹനപ്രശ്നമുള്ളവർക്ക് 'ചെറുപയർ പരിപ്പ്'
ദഹനക്കേട്, വയർ വീർക്കുന്ന അവസ്ഥ (ബ്ലോട്ടിങ്) എന്നിവയുള്ളവർക്ക് തൊലി കളഞ്ഞ പരിപ്പുകളാണ് ഉത്തമം. ചെറുപയർ പരിപ്പ് ദഹിക്കാൻ വളരെ എളുപ്പമാണ്. ഇതിൽ ആന്റി-ന്യൂട്രിയന്റുകൾ കുറവായതിനാൽ വയറിന് അസ്വസ്ഥത ഉണ്ടാക്കില്ല.
2. ഹൃദയാരോഗ്യത്തിന് 'കടല'
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കടല അഥവാ ചന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിൽ ധാരാളമായുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്നു.
3. പിസിഒഎസ് ഉള്ളവർക്ക് 'ചെറുപയർ'
ഹോർമോൺ വ്യതിയാനങ്ങൾ നേരിടുന്നവർക്കും പിസിഒഎസ് ഉള്ളവർക്കും ചെറുപയർ കഴിക്കുന്നത് ഗുണകരമാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹോർമോണുകളെ സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
4. പ്രമേഹരോഗികൾക്ക് 'മസൂർ പരിപ്പ്'
പ്രമേഹമുള്ളവർക്ക് ഏറ്റവും അനുയോജ്യം മസൂർ പരിപ്പാണെന്ന് ദീപ്ശിഖ അഭിപ്രായപ്പെടുന്നു. ഇതിൽ നാരുകളുടെ അളവ് കൂടുതലായതിനാൽ തന്നെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനായിട്ടുള്ളതാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുക.
Content Highlights: Discover the best lentils for digestive issues, heart health, PCOS, and diabetes.