തണ്ണിമത്തൻ ഉപ്പ് ചേർത്ത് കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ

ചൂട് കടുത്തതോടെ തണ്ണിമത്തന് ആവശ്യക്കാരേറുകയാണ്. ജ്യൂസായും കഷ്ണങ്ങളായുമെല്ലാം തണ്ണമത്തൻ കഴിക്കുക വഴി കൂടുതൽ ജലാംശം ശരീരത്തിലെത്തുന്നു. ഇത് നിർജലീകരണം തടയാൻ സഹായിക്കും. ചിലർ തണ്ണിമത്തൻ കഴിക്കുമ്പോൾ അതിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇങ്ങനെ കഴിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? അങ്ങനെ കഴിക്കുന്നതുകൊണ്ട് ശരീരത്തിനെന്തെങ്കിലും ഗുണങ്ങളുണ്ടോ? പരിശോധിക്കാം.
മധുരം വർധിപ്പിക്കുന്നു
ഉപ്പ് തണ്ണിമത്തന് കൂടുതൽ മധുരം നൽകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാവും അല്ലേ? മധുരമുള്ള പഴമാണെങ്കിലും ഉപ്പ് ചേർക്കുമ്പോൾ തണ്ണിമത്തനിലെ മധുരം കൂടുന്നതായി അനുഭവപ്പെടുന്നു. eLife-ൽ പ്രസിദ്ധീകരിച്ച 2023-ലെ ഒരു പഠനം അനുസരിച്ച്, ഉപ്പിലെ ക്ലോറൈഡ് അയോണുകൾ മധുരത്തിന്റെ സ്വീകർത്താക്കളുമായി സംവദിക്കാനും മധുരം തിരിച്ചറിയൽ വർധിപ്പിക്കാനും കുറഞ്ഞ അളവിൽ കയ്പ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ലളിതമായി പറഞ്ഞാൽ, ഉപ്പ് പഴത്തിന്റെ സ്വാഭാവിക മധുരത്തെ വർധിപ്പിക്കുന്നു. ഇങ്ങനെ രുചി മെച്ചപ്പെടുത്തൽ സെൻസറി സയൻസിൽ അറിയപ്പെടുന്ന ഒരു വിദ്യയാണ്. സ്വാഭാവികമായി മധുരമുള്ള മറ്റ് ഭക്ഷണങ്ങളിലും മധുരം വർധിപ്പിക്കാൻ ഉപ്പ് ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്.
നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുന്നു
തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. ഇത് കഴിച്ചാൽ ഉന്മേഷം തോന്നുമെങ്കിലും അതിൽ സോഡിയം വളരെ കുറവാണ്. ഇത് ശരീരത്തിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ. ഒരു ചെറിയ നുള്ള് ഉപ്പ് ചേർക്കുന്നത് നഷ്ടപ്പെട്ട സോഡിയം വീണ്ടെടുക്കാൻ സഹായിക്കുകയും ജലാംശം നിലനിർത്തലിനും പിന്തുണ നൽകുകയും ചെയ്യുന്നു.
Nutrients ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം വിശദീകരിക്കുന്നത്, പ്ലാസ്മയുടെ അളവ് നിലനിർത്തുന്നതിലും ശരീരത്തിലെ വെള്ളം പുറന്തള്ളുന്നതിനു പകരം നിലനിർത്തുന്നതിലും സോഡിയത്തിന് പ്രധാന പങ്കുണ്ട് എന്നാണ്. ചൂടേൽക്കുകയോ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷമോ, വെള്ളം മാത്രം ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ് സോഡിയവും വെള്ളവും ശരീരത്തിലെത്തിക്കുന്നത്.
രുചിയുടെ സന്തുലിതാവസ്ഥ
ശരിയായി പാകമായിട്ടില്ലെങ്കിൽ തണ്ണിമത്തൻ രുചി കുറഞ്ഞതോ, അമിതമായി വെള്ളം നിറഞ്ഞതോ ആയി തോന്നാം. ഒരു നുള്ള് ഉപ്പ് രുചിയെ സന്തുലിതമാക്കാൻ സഹായിക്കുകയും കഴിക്കുമ്പോൾ കൂടുതൽ സംതൃപ്തി തോന്നിക്കുകയും ചെയ്യുന്നു. പാകമാകാത്തതോ മധുരം കുറഞ്ഞതോ ആയ പഴങ്ങൾ ഉപ്പുകൂട്ടി കഴിക്കുന്നതിനുള്ള കാരണമിതാണ്.
ദഹനത്തെ സഹായിക്കുന്നു
ചെറിയ അളവിൽ, ഉപ്പ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിച്ചേക്കാം. ഇത് ശരീരത്തിന് ഭക്ഷണം സംസ്‌കരിക്കുന്നത് എളുപ്പമാക്കും.
ശ്രദ്ധയോടെ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു
തണ്ണിമത്തനിൽ ഉപ്പ് ചേർക്കുന്നത് ഒരു ചെറിയ കാര്യമാണെങ്കിലും, അത് നിങ്ങൾ കഴിക്കുന്നതിന്റെ വേഗത പലപ്പോഴും കുറയ്ക്കുന്നു. ഇത് അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ലഘുഭക്ഷണം മൊത്തത്തിൽ കൂടുതൽ സംതൃപ്തമാക്കുകയും ചെയ്യും.
എത്ര ഉപ്പ്?
മിതത്വം പ്രധാനമാണ്. തണ്ണിമത്തനൊപ്പം ഒരു ചെറിയ നുള്ള് ഉപ്പ് മാത്രം മതിയാകും. അമിതമായ ഉപ്പ് പഴത്തിന്റെ സ്വാഭാവിക രുചിയെ മോശമായി ബാധിക്കും. താത്പ്പര്യമുണ്ടെങ്കിൽ, അധിക രുചിക്കായി ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിക്കാവുന്നതാണ്.
തണ്ണിമത്തനിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് പഴത്തിന്റെ പോഷകമൂല്യത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിലും അത് കഴിക്കുന്ന അനുഭവം കൂടുതൽ ആസ്വാദ്യകരവും സന്തുലിതവുമാക്കാൻ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
Content Highlights: Salt enhances the natural sweetness of watermelon by interacting with taste receptors., Adding a pinch of salt helps replenish sodium lost through sweat, aiding hydration.