അട്ടപ്പാടി ഹണിക്ക് 3.73 ലക്ഷത്തിന്റെ മധുരം ; കിലോഗ്രാമിന് 1000 രൂപ

മണ്ണാര്‍ക്കാട് : ആദിവാസികളില്‍നിന്ന് ശേഖരിക്കുന്ന കാട്ടു തേന്‍ വിറ്റ് വനംവകുപ്പ് ഒരുവര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് 3,78,950 രൂപ. ആദിവാസിവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനാണ് മണ്ണാര്‍ക്കാട് വനംഡിവിഷനുകീഴില്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിവഴി പദ്ധതി നടപ്പാക്കുന്നത്. ശേഖരിക്കുന്ന തേന്‍ ശുദ്ധീകരിച്ച് 'അട്ടപ്പാടി ഹണി' എന്ന പേരിലാണ് വില്‍ക്കുന്നത്.
2023 ജൂണിലാണ് ഉദ്ഘാടനം നടന്നത്. ആദിവാസി വനസംരക്ഷണ സമിതികള്‍ മുഖേനയാണ് തേന്‍ സംഭരിക്കുന്നത്. തുടര്‍ന്ന്, മുക്കാലിയിലുള്ള തേന്‍സംസ്‌കരണയൂണിറ്റില്‍ ശുദ്ധീകരിച്ചശേഷം കുപ്പിയിലാക്കി മല്ലീശ്വര വന്ദന്‍ വികാസ് കേന്ദ്രയാണ്(വി.ഡി.വി.കെ.) പുറത്തിറക്കുന്നത്.
സംസ്‌കരിക്കുന്നതും പാക്കു ചെയ്യുന്നതുമെല്ലാം ആദിവാസികള്‍തന്നെ. തേനിലെ കറ, ജലാംശം എന്നിവയെല്ലാം നീക്കിയാണ് നൂറുശതമാനം പ്രകൃതിദത്ത മൂല്യവര്‍ധിത ഉത്പന്നമായി പുറത്തിറക്കുന്നത്. കിലോഗ്രാമിന് 650 രൂപ നിരക്കിലാണ് ആദിവാസികളില്‍നിന്ന് തേന്‍ വാങ്ങുന്നത്.
തേന്‍ സംസ്‌കരിച്ച് 1000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒമ്പതുമാസത്തിനുള്ളില്‍ 510 കിലോഗ്രാമാണ് ശേഖരിച്ചത്. ആദിവാസികള്‍ക്ക് വിതരണം ചെയ്തത് 331500 രൂപയാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കാട്ടുതേനിന്റെ സീസണ്‍. രണ്ടാഴ്ചവരെ ഉള്‍വനങ്ങളില്‍ താമസിച്ചാണ് തേന്‍ശേഖരണം.
അട്ടപ്പാടിയിലെ കടുകുമണ്ണ, ധാന്യം, മൂലകൊമ്പ്, മേലെചാവടിയൂര്‍, മണ്ണാര്‍ക്കാട് പാലക്കയം വനസംരക്ഷണസമിതികളില്‍നിന്നാണ് ഇത്രയും തേന്‍ സംഭരിച്ചത്. ആനക്കട്ടി, കാഞ്ഞിരപ്പുഴ, തൊടുകാപ്പ് എന്നിവിടങ്ങളിലെ വനംവകുപ്പിന്റെ ഇക്കോ ഷോപ്പുകള്‍മുഖേനയാണ് വില്‍ക്കുന്നത്. കൃത്യമായി സൂക്ഷിച്ചാല്‍ ഒരുവര്‍ഷംവരെ കേടാകാതെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Content Highlights: attappadi honey in market