ഒരു കുട്ടിക്ക് ഒരു ദിവസം ഭക്ഷണം തയ്യാറാക്കാൻ 5 രൂപ; ബിരിയാണി നൽകാൻ ഇനിയും വൈകുമോ?

#സ്വന്തം ലേഖിക
Representational Image | AI Generated
Representational Image | AI Generated

ജൂൺ മൂന്നിന് പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിൽ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഒരു പ്രഖ്യാപനം നടത്തി. അങ്കണവാടിയിലെ കുട്ടികൾക്ക് മുട്ട ബിരിയാണി നൽകുമെന്നായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്ച മുട്ടബിരിയാണി, ശനിയാഴ്ച വെജ് പുലാവ്, സോയാ ഫ്രൈ , ഓംലെറ്റ് എന്നിവയൊക്കെ ഉൾപ്പെടുത്തി മെനുവു പരിഷ്കരിച്ചു. മാസം ഒന്നല്ല രണ്ട് കഴിഞ്ഞു. മന്ത്രിയുടെ വാക്ക് കേട്ട് കുട്ടികൾ സ്വപ്നം കണ്ടെങ്കിലും ബിരിയാണി പാത്രത്തിൽ പോയിട്ട് മെനുവിൽ പോലും എത്തിയിട്ടില്ല. എന്നാലും മന്ത്രിയാന്റി പറ്റിച്ചില്ലോ എന്നാണ് ഇപ്പോൾ അങ്കണവാടിയിലെ കുട്ടികൾ തന്നെ പറയുന്നത്. 

അങ്കണവാടിയിലെ മാതൃകാ ഭക്ഷണ മെനുവിനെ എല്ലാവരും കയ്യടിച്ച് സ്വാ​ഗതം ചെയ്തു. എന്നാൽ ഇത് നടപ്പാക്കുന്നത് വൈകുന്നതിലാണ് വിമർശനങ്ങൾ ഉയരുന്നത്. പ്രവേശനോത്സവ ദിവസം രക്ഷിതാക്കളുടെ ഉൾപ്പടെ സഹകരണത്തോടെ അങ്കണവാടികളിൽ ബിരിയാണി വെച്ചു നൽകിയെങ്കിലും പിന്നീട് കുട്ടികൾക്ക് ബിരിയാണി നൽകാനായില്ല. പുതുക്കിയ മെനുവോ ഓർഡറോ ബിരിയാണി അരിയോ ബിരിയാണി ഉണ്ടാക്കാൻ വേണ്ട മറ്റു സാധനങ്ങളോ ഇതുവരെ എത്തിയിട്ടുമില്ല. പിന്നെങ്ങനെ കുട്ടികൾക്ക് ബിരിയാണി വെച്ചുനൽകുമെന്നാണ് അങ്കണവാടി ജീവനക്കാർ ചോദിക്കുന്നത്. റേഷനരി കൊണ്ട് ബിരിയാണി നൽകാനാണ് അന്ന് പറഞ്ഞത്, ബിരിയാണിയുടെ രുചി അറിയാവുന്നതിനാൽ അങ്ങനെ ബിരിയാണി വെച്ചുനൽകിയാൽ കുട്ടികൾ കഴിക്കില്ലെന്നും അധ്യാപകർ പറയുന്നു. അരി പുഴുങ്ങിയാൽ മാത്രം ബിരിയാണിയാവില്ല അതിൽ ചേർക്കാൻ ഉള്ള മറ്റു ചേരുവകൾ വാങ്ങാൻ ഫണ്ടെവിടെയെന്നും ജീവനക്കാർ ചോദിക്കുന്നു. 

ഒരു കുട്ടിക്ക് ഒരു ദിവസം ഭക്ഷണം തയ്യാറാക്കാൻ നിലവിൽ നൽകുന്നത് അഞ്ച് രൂപയാണ്. തേങ്ങ, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങി സകലതിനും തീവിലയുളള കാലത്ത് ഈ പണം തികയുന്നില്ലെന്നും ജീവനക്കാർ പറയുന്നു. നാല് കുട്ടികളുള്ള അങ്കണവാടിയിൽ സാമ്പാറും ഉപ്പേരിയും ഉൾപ്പടെ മൂന്ന് നേരത്തെ ഭക്ഷണം 20 രൂപയ്ക്ക് തയ്യാറാക്കാനാവുമോ എന്നും അങ്കണവാടി ജീവനക്കാർ ചോദിക്കുന്നു. മൂന്ന് മാസം കൂടുമ്പോഴാണ് ഈ തുക പഞ്ചായത്തിൽ നിന്നും ലഭിക്കുക. ബാക്കി അധികബാധ്യത ജീവനക്കാർ സ​ഹിച്ചാണ് കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം നൽകുന്നത്. 12000 - 13000 രൂപ ഓണറേറിയം ഉള്ള അധ്യാപകർക്കും 8500 -9000 രൂപ വരുമാനം ഉള്ള ഹെൽപ്പർമാർക്കും വരുമാനം ഇതിലേക്ക് കൂടി മാറ്റിവെക്കേണ്ട അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു. 

പുതിയ മെനു; പരിശീലനം നൽകി സർക്കാർ

അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരം ഭക്ഷണം തയ്യാറാക്കാൻ പരിശീലനം നല്‍കി സർക്കാർ. മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള പരിശീലനമാണ് നടത്തിയത്. ഓരോ ജില്ലയില്‍ നിന്നും സൂപ്പര്‍വൈസര്‍മാരും സിഡിപിഒമാരും ഉള്‍പ്പെടെ 4 പേര്‍ വീതം 56 പേർക്കായിരുന്നു പരിശീലനം. ഇവര്‍ ജില്ലാതലത്തിലും തുടര്‍ന്ന് അങ്കണവാടി തലത്തിലും പരിശീലനം നല്‍കും. ഇതിന് ശേഷം പുതുക്കിയ മെനു പ്രാബല്യത്തിൽ വരുമെന്നാണ് വനിതാ ശിശു ക്ഷേമ വകുപ്പിൽ നിന്നും പുറത്തുവരുന്ന വിവരം. 

Content Highlights: Kerala Anganwadi kids await promised biryani as new menu faces implementation delays