സുഗന്ധവ്യഞ്ജനങ്ങളിലെ എഥിലീന്‍ ഓക്സൈഡ്;ആശങ്കകള്‍ പരിഹരിക്കണമെന്ന് സ്‌പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കൊച്ചി: എഥിലീന്‍ ഓക്സൈഡിന്റെ (ഇ.ടി.ഒ) സാന്നിധ്യം മൂലം സിംഗപ്പൂരില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും ഇന്ത്യന്‍ കറി മസാലകള്‍ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് വ്യാപാര രംഗത്തുണ്ടായിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കണമെന്ന് ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എ.ഐ.എസ് ഇ. എഫ്) പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

മെഡിക്കല്‍ ഉപകരണങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ പോലെ ചില കാര്‍ഷികോല്‍പ്പന്നങ്ങളും രോഗാണുമുക്തമാക്കാന്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഓക്‌സൈഡ് ഒരു രാസ കീടനാശിനിയല്ല. മനുഷ്യ ശരീരത്തിലും കായ്കള്‍ പഴുക്കുന്ന സമയത്ത് ചെടികളിലും ഇത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 

അമേരിക്കന്‍ പരിസ്ഥിതി സുരക്ഷ ഏജന്‍സി പറയുന്നതനുസരിച്ച്, ഇ.ടി.ഒ പ്രയോഗം നടത്തിയ സുഗന്ധവ്യഞ്ജനങ്ങള്‍ കഴിക്കുന്നതില്‍ അപകടസാധ്യതയില്ല. കൂടാതെ, ഇടിഒ അതിവേഗം പരിസ്ഥിതിയില്‍ അലിയുന്ന ഒരു അസ്ഥിര ജൈവ സംയുക്തമാണ്. പ്രയോഗത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അവശിഷ്ടത്തിന്റെ അളവ് നിസ്സാരമായി കുറയും. 

അമേരിക്ക, കാനഡ, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍  ഇടിഒ ഉപയോഗം അംഗീകരിച്ചിട്ടുണ്ട്. അവിടങ്ങളിലേക്ക് ആവശ്യാനുസരണം ഇ.ടി.ഒ ഉപയോഗിച്ച് സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാതെ വന്നാല്‍ ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ ഇന്ത്യയെ അത് ദോഷകരമായി ബാധിക്കും. എഐഎസ്ഇഎഫ് ചെയര്‍മാന്‍ സഞ്ജീവ് ബിഷ്ത് പറഞ്ഞു.

ഇ.ടി.ഒ പ്രയോഗം സുഗന്ധവ്യഞ്ജനങ്ങളുടെ തനിമയും സ്വാദും ഗുണങ്ങളും നിലനിര്‍ത്തുന്നതില്‍ ആവിയോ ചൂടോ ഉപയോഗിച്ചുള്ള ഇതര മാര്‍ഗങ്ങള്‍ളേക്കാള്‍ വളരെ മികച്ചതാണ്. അതിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന്  ഫോറം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചരണങ്ങളെ ഒന്നിച്ച് നിന്ന് ചെറുത്തു തോല്‍പ്പിക്കണമെന്ന് എ.ഐ.എസ്.ഇ.എഫ് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഗുണനിലവാരം, സുരക്ഷ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഫോറം പ്രതിജ്ഞാബദ്ധമാണ് സഞ്ജീവ് ബിഷ്ത് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: all india spices exporters forum to address concerns regarding the use of ethyl oxide in spices