ഈ 'ചിലന്തിയെ' തിന്നുവാന്‍ കഴിയും ; പേടി തോന്നുന്നുവെന്നും ചോക്ലേറ്റ് പ്രേമികള്‍

photo|instagram.com/amauryguichon/
photo|instagram.com/amauryguichon/

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ നമുക്കിടയില്‍  വിരളമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ചോക്ലേറ്റ്  പ്രേമം അത്രത്തോളമാണ്. അതിനാല്‍ ചോക്ലേറ്റ് വിഭവങ്ങളുടെ വീഡിയോകള്‍ക്ക് ജനശ്രദ്ധ കിട്ടുന്നതും പതിവാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ചോക്ലേറ്റ് കൊണ്ട് ആശ്ചര്യമുണര്‍ത്തുന്ന പാചക പരീക്ഷണങ്ങള്‍ ചെയ്യുന്ന പേസ്ട്രി ഷെഫാണ് അമൗരി ഗീഷിയോണ്‍. അദ്ദേഹത്തിന്റെ വ്യത്യസ്തയുള്ള പാചകം വലിയ ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. വെറും പാചകമല്ല അദ്ദേഹത്തിന്റേത്. പാചകം അദ്ദേഹത്തിനൊരു കലാരൂപമാണ്. തന്റെ കലാവിരുതാണ് അദ്ദേഹം തന്റെ വിഭവങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. 

ചോക്ലേറ്റ് കൊണ്ട് പുലിയുടെ രൂപം, ജിറാഫ്, തിമിംഗലത്തിന്റെ രൂപം, കടലാമ, ആന തുടങ്ങിയവയൊക്കെ തയ്യാറാക്കിയ അദ്ദേഹത്തിന്റെ കലാവിരുതിന്റെ ദൃശ്യങ്ങള്‍  നമ്മളില്‍ പലര്‍ക്കും സുപരിചിതമാണ്. സാമൂഹികമാധ്യമങ്ങളില്‍ സെന്‍സേഷനായ അദ്ദേഹത്തെ 13 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ഇപ്പോഴിതാ ചോക്ലേറ്റ് കൊണ്ട് വലിയ ചിലന്തിയുടെ രൂപമാണ്  ഷെഫ് അമൗരി തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ ഭയത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

വളരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വളരെ മനോഹരമായാണ് അദ്ദേഹം ഈ 3ഡി ചോക്ലേറ്റ് ശില്‍പത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ചിലന്തിയുടെ വലിയ കാലുകള്‍, കൊമ്പുകള്‍, കണ്ണുകള്‍, തുടങ്ങിയവയെല്ലാം സുവ്യക്തമായി ഭക്ഷ്യയോഗ്യമായ ഈ ചോക്ലേറ്റ് ശില്‍പത്തില്‍ കാണാന്‍ കഴിയും.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പലരും അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുന്നുണ്ട്.  ഇത് കാണാന്‍ മാത്രമാണ് താത്പര്യപ്പെടുന്നത് കഴിക്കാന്‍ താത്പര്യമില്ല, പേടി തോന്നുന്നു എന്നൊക്കെയും കമന്റുകളുണ്ട്. എന്ന ആറു മില്യണിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
 

Content Highlights: Giant Chocolate Spider, Chocolate, Amaury Guichon,food