ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം സിലിഗുരി ഫെസ്റ്റില്‍; വില കിലോയ്ക്ക് 2.75 ലക്ഷം

Representative Image | Photo: Canva.com
Representative Image | Photo: Canva.com

വേനല്‍ക്കാലം മാമ്പഴങ്ങളുടെ പറുദീസാക്കാലമാണ്. മാമ്പഴങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. മാമ്പഴക്കാര്യത്തില്‍ എന്നും ശ്രദ്ധ കിട്ടുന്നയിനമാണ്  മിയാസാക്കി മാങ്ങ. അന്താരാഷ്ട്രവിപണിയില്‍ ലക്ഷങ്ങളാണ് ഇതിന്റെ വില.

എ.എന്‍.ഐയുടെ റിപ്പോര്‍ട്ടനുസരിച്ച് പശ്ചിമബംഗാളിലെ സിലിഗുരിയിലെ മാംഗോ ഫെസ്റ്റിവല്‍ ഏഴാം എഡിഷനില്‍ ഈ മാമ്പഴത്തിന് കിലോയ്ക്ക് 2.74 ലക്ഷം രൂപയാണ് വില. മോഡെല്ല കെയര്‍ടേക്കര്‍ സെന്റര്‍ ആന്‍ഡ് സ്‌കൂളും അസോസിയേഷന്‍ ഓഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് മാംഗോ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത് .

വൈവിധ്യമുള്ള നിരവധി മാങ്ങായിനങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, 262 ഇനങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിച്ചത്. ജപ്പാനിലെ മിയാസാക്കി എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ് മാങ്ങകള്‍ക്ക് മിയാസാക്കിയെന്ന് പേര് ലഭിക്കുന്നത്. ജപ്പാനില്‍ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സീസണ്‍ പ്രധാനമായും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്.

മിയാസാക്കി മാമ്പഴം പഴുക്കുമ്പോള്‍ ആകര്‍ഷകമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്പഴത്തിന്റെ പാകമാകുമ്പോള്‍ കടുത്ത ചുവപ്പായി മാറുന്നു. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതല്‍ 900 ഗ്രാം വരെ തൂക്കമുണ്ടാവും. ഇത്തരത്തിലുള്ള മാമ്പഴം കൃഷി ചെയ്യുന്നവര്‍ വലിയ രീതിയിലുള്ള കാവലാണ് ഇതിനെ സംരംക്ഷിക്കാന്‍ ഏര്‍പ്പെടുത്തുന്നത്.

 എ.എന്‍.ഐയുടെ മിയാസാക്കിയെക്കുറിച്ചുള്ള ട്വീറ്റ് വളരെവേഗത്തിലാണ് വൈറലായി മാറിയത്. മിയാസാക്കിയെക്കുറിച്ചും അതിന്റ ഞെട്ടിക്കുന്ന വിലയെക്കുറിച്ചുമെല്ലാം നിരവധി കമന്റുകളാണ് ഇതിന് താഴെ വന്നത്. ഇനി സ്വര്‍ണത്തെക്കുറിച്ച് ഓര്‍ക്കുന്നില്ല, ഈ മാമ്പഴത്തിലാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്, അല്‍ഫോണ്‍സ ഓവര്‍റേറ്റഡ് ആണെങ്കില്‍ മിയാസാക്കി ഹൈപ്പര്‍ റേറ്റഡാണ് തുടങ്ങിയ നിരവധി കമന്റുകളാണ് വന്നത്.

Content Highlights: Siliguri Fest,World's Most Expensive Mango,Miyazaki,japan,mangp,food