മട്ടണ്‍ ഗ്രില്‍ ചെയ്‌തെടുത്ത ആദ്യത്തെ കബാബ്; കബാബ് കഥ ഇങ്ങനെ

കബാബ് ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. മസാലരുചിയില്‍ പച്ചക്കറികളും ഇറച്ചിയും ചേര്‍ത്ത് ഗ്രില്‍ ചെയ്‌തെടുക്കുന്ന ഈ വിഭവത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയതാണെങ്കിലും ഇപ്പോള്‍ ദേശമന്യേ ആളുകളുടെ പ്രിയപ്പെട്ടൊരു വിഭവമാണ്. ഈ കബാബുകള്‍ക്കായി ഒരു ദിനമുണ്ട്. എല്ലാ വര്‍ഷവും ജൂലായ് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോക കബാബ് ദിനം ആചരിക്കുന്നത്.
രുചികരമായ ഈ വിഭവത്തിന്റെ പാരമ്പര്യത്തിനുള്ള ബഹുമാനാര്‍ഥമാണ് 2015 മുതല്‍ ഇങ്ങനെയൊരു ദിനം ആചരിച്ച് തുടങ്ങിയത്.കബാബുകള്‍ ഇന്ത്യയിലും നൂറ്റാണ്ടുകളായി ഉപയോഗത്തിലുണ്ട്. മസാലക്കൂട്ടും പാചകരീതിയും ഓരോ പ്രദേശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള കബാബ് വിഭവങ്ങളില്‍ ഒന്നാണ് ഡോണര്‍ കബാബ്. തുര്‍ക്കിയില്‍ നിന്നും രൂപം കൊണ്ട ഈ വിഭവവും ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ്.
തുര്‍ക്കി, പേര്‍ഷ്യ രാജ്യങ്ങളിലായിരുന്നു ആദ്യ കാലങ്ങളില്‍ ഇവ കൂടുതല്‍ ഉപയോഗത്തിലുണ്ടായിരുന്നത്.തുറന്ന തീയില്‍ ആട്ടിന്‍ മാംസം ഗ്രില്‍ ചെയ്തായിരുന്നു ഇവയുടെ പാചകം.
പേര്‍ഷ്യന്‍ പദമായ 'കബാബ്' എന്നതില്‍ നിന്നാണ് ഈ പേര് ലഭിക്കുന്നത്. 'ഗ്രില്‍ ചെയ്ത മാംസം' എന്നതാണ് വാക്കിന്റെ അര്‍ഥം. 19-ാം നൂറ്റാണ്ടില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന ഈ ഭക്ഷണം 20-ാം നൂറ്റാണ്ടില്‍ ആഗോള ശ്രദ്ധ നേടുകയുണ്ടായി.
അമേരിക്കയിലേയ്ക്ക് കബാബ് എത്തുന്നത് ഗ്രീക്ക് കുടിയേറ്റക്കാരിലൂടെയാണ്. വളരെ വേഗത്തിലാണ് കബാബ് ആളുകളുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡായി ഇത് മാറിയത്. കബാബില്‍ തന്നെ നിരവധി പതിപ്പുകള്‍ ഇപ്പോള്‍ ലോകമെമ്പാടും പ്രചാരത്തിലുണ്ട്.
Content Highlights: world kebab day story