ഉരുളക്കിഴങ്ങിന്റെ മധുരരസം കളയാന്‍ അടുക്കളയിലുണ്ട് കുറുക്കുവഴി

കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയ ഉരുളക്കിഴങ്ങ് നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമാണ്. ചിപ്‌സ്, ബാജി, ഡ്രൈ ഫ്രൈ എന്നിവയെല്ലാം ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളാണ്. എന്നാല്‍, കുറച്ചുദിവസം സൂക്ഷിച്ചുവെക്കുമ്പോള്‍ ഉരുളക്കിഴങ്ങിന് മധുരരസം ഉണ്ടാകാറുണ്ട്. ഇത് കറികളുടെ സ്വാഭാവികമായ രുചി നശിപ്പിച്ച് കളയുന്നു. ഇങ്ങനെ മധുരരസമുള്ള ഉരുളക്കിഴങ്ങ് പലപ്പോഴും പാചകത്തിന് ഉപയോഗിക്കാതെ ഉപേക്ഷിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍, ഉരുളക്കിഴങ്ങിന്റെ മധുരരസം കുറയ്ക്കുന്നതിന് ചില പൊടിക്കൈകളുണ്ട്. അവ പരിചയപ്പെടാം.
പുളിയുള്ള ഭക്ഷ്യവസ്തുക്കള്‍
പുളിയുള്ള തൈര്, നാരങ്ങാ നീര്, ഓറഞ്ച് പള്‍പ്പ് എന്നിവ ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങളില്‍ ചേര്‍ത്ത് കൊടുക്കുന്നത് മധുരരസം കുറയ്ക്കാന്‍ സാഹായിക്കും. ഇത് ചേര്‍ക്കുന്നതിന് പുറമെ ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങുന്നതും നല്ലൊരു മാര്‍ഗമാണ്.
വിനാഗിരി ചേര്‍ക്കാം
ഉരുളക്കിഴങ്ങിന്റെ മധുരരസം കുറയ്ക്കുന്നതിന് ആപ്പിള്‍ സിഡര്‍ വിനാഗര്‍ ഉള്‍പ്പടെ ഏത് തരം വിനാഗിരിയും ചേര്‍ത്ത് കൊടുക്കാം. ഒരു പാത്രത്തില്‍ രണ്ടോ മൂന്നോ കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങ് കുറച്ചുസമയം ഇട്ടുവയ്ക്കുക.
ഉപ്പ് ചേര്‍ക്കാം
വലിയൊരു പാത്രത്തില്‍ ഇളംചൂടുവെള്ളമെടുത്ത് അതില്‍ ഉപ്പ് കല്ലിട്ട് നന്നായി ഇളക്കിച്ചേര്‍ക്കുക. ഇതില്‍ ഉരുളക്കിഴങ്ങ് ഇട്ട് അരമണിക്കൂര്‍ കാത്തിരിക്കുക. ശേഷം ഈ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം.
Content Highlights: reduce sweetness from potatoes, kitchen tips, food, easy cooking