രാവിലെ 9 മണിമുതല്‍ 5 മണി വരെയാണോ ജോലി സമയം; ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Grihalakshmi
പ്രതീകാത്മക ചിത്രം | Photo: Grihalakshmi

നിങ്ങളുടെ ജോലി സമയം രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണോ. കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് ഊര്‍ജസ്വലതയോടെ ജോലി ചെയ്യുന്നതിന് വളരെ അത്യാവശ്യമാണ്. ഒപ്പം പോഷകസമൃദ്ധമായ ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രാതല്‍, മോണിങ് സ്‌നാക്‌സ്, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്‌ക്കെല്ലാം കഴിക്കേണ്ട മികച്ച ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് വിവരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ നമാമി അഗര്‍വാള്‍. പോഷകസമൃദ്ധമായ ആഹാരമായിരിക്കണം പ്രാതലിന് ഉള്‍പ്പെടുത്തേണ്ടതെന്ന് അവര്‍ നിര്‍ദേശിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രാതല്‍ കഴിക്കുന്നത് എന്നതാണ് ഇതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് ശരീരം വളരെ സജ്ജമാണെന്നും അവര്‍ പറഞ്ഞു. 9-5 എന്നതാണ് ജോലി സമയമെങ്കില്‍ മികച്ച ആഹാരം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ ആഹാരമായിരിക്കണം പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. 

പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ ആവശ്യമെങ്കില്‍ ചെറു കടികള്‍ കഴിക്കാം. വലിയ ഇടവേള ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. മോരും വെള്ളം, ഇളനീര്‍, പഴങ്ങള്‍ എന്നിവ ഈ സമയത്ത് കഴിക്കാം.

ഉച്ചയ്ക്ക് വയറുനിറയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിന് ശരിയായ രീതിയല്ലെന്ന് നമാമി പറഞ്ഞു. വയര്‍ നിറയുന്നത് വരെ ഭക്ഷണം കഴിക്കുന്നത് വേഗത്തില്‍ ഉറക്കം വരുന്നതിനും ജോലി ചെയ്യാന്‍ മടി തോന്നിപ്പിക്കുന്നതിനും ഇടയാക്കും. അതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി-പരിപ്പ് കറി, പച്ചക്കറികള്‍, തൈര്, ചോറ് എന്നിവയാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

ഉച്ചകഴിഞ്ഞ് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ സ്‌നാക്‌സ് കഴിക്കാം. അത്താഴം എപ്പോഴും ലളിതമായിരിക്കണം. ശേഷമുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവായതാണ് ഇതിന് കാരണം. നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ ചിക്കനും ഒപ്പം പച്ചക്കറികളും ഉള്‍പ്പെടുത്താം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരാണെങ്കില്‍ ചപ്പാത്തി, പച്ചക്കറികള്‍, പരിപ്പ് കറി എന്നിവയും കഴിക്കാം-നമാമി പറഞ്ഞു.
 

Content Highlights: ideal diet for who works between nine to five job, food, diet tips, nutritionist Nmami Agarwal