11 വർഷമായി ഹിറ്റാണ് ആറ്റാശ്ശേരിയിലെ ഈ കിടിലൻ കൂന്തൾ കറി

മണ്ണാര്‍ക്കാട്: നിര്‍ത്താതെ പെയ്യുന്ന മഴ, ഓണത്തിന് കഴിച്ച പച്ചക്കറി വിഭവങ്ങളുടെ മടുപ്പ്.. ഇനി നല്ല ചൂടോടെ, എരിവുള്ള, വായില്‍ കപ്പലോടിക്കുന്ന കൂന്തള്‍കറി കൂട്ടി പൊറോട്ട കഴിച്ചാലോ? ആഹാ... പൊളിതന്നെ. സ്പെഷ്യല്‍ കൂന്തള്‍കറിയുടെ സ്വാദറിയാന്‍ ആറ്റാശ്ശേരി ഷാപ്പിലെത്തണം. ഷാപ്പിലൊക്കെപ്പോയി കുടുംബസമേതം കൂന്തള്‍കറി കഴിക്കാന്‍ ബുദ്ധിമുട്ടല്ലേ എന്ന് നെറ്റിചുളിക്കണ്ട. ആറ്റാശ്ശേരി ഷാപ്പിനോടുചേര്‍ന്ന് തന്നെ എരിവും പുളിയും എന്ന പേരില്‍ ഹോട്ടലുണ്ട്. ഷാപ്പിലെ അതേ വിഭവങ്ങള്‍ ഇവിടെ കിട്ടും. 11 വര്‍ഷമായി പത്മേഷ് ബാബു നടത്തുന്ന ഹോട്ടലും ഷാപ്പും ഈ കുന്തള്‍കറിയാല്‍ ഹിറ്റാണ്. പറയാന്‍ പത്മേഷ് ബാബുവിന് തെല്ല് മടിയുണ്ടെങ്കിലും സ്വന്തം കൈപ്പുണ്യത്തിലുള്ള വിശ്വാസത്തില്‍ കൂന്തള്‍കറി ഉണ്ടാക്കുന്ന രീതി അദ്ദേഹം പറഞ്ഞു.
കൂന്തള്‍ കറി ഉണ്ടാക്കാന്‍
അഞ്ചുപേര്‍ക്ക് കഴിക്കാവുന്ന കൂന്തള്‍
കറിയുടെ രുചിക്കൂട്ടിങ്ങനെ:
ഒരു ഉരുളി അടുപ്പില്‍വെച്ച് ചൂടാക്കുക. ഉരുളി ചൂടാവുമ്പോള്‍ അഞ്ച് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ ഒരുനുള്ള് വലിയജീരകം, ഉലുവയും പൊളിച്ച ചെറിയ ഉള്ളി 25 എണ്ണവും, 25 ഗ്രാം വെളുത്തുള്ളി, ഇഞ്ചി എന്നിവയും അഞ്ച് പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വയറ്റുക. മൂന്ന് വലിയ തക്കാളി മുറിച്ചത് കൂടി ചേര്‍ത്ത് ഇളക്കുക. തക്കാളി പാകപ്പെടുമ്പോള്‍ ഒരു ടി സ്പൂണ്‍ മഞ്ഞള്‍പ്പൊടി, മീന്‍ മസാല, അഞ്ച് ടീസ്പൂണ്‍ മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഒരു പിടി പുളിയിട്ട് കുതിര്‍ത്തിയ വെള്ളം ഒഴിച്ച് തിളപ്പിക്കുക. മസാലയെല്ലാം കുറുക്കിയെടുക്കുക. മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച കൂന്തള്‍ ഉരുളിയില്‍ കുറുക്കിയെടുത്ത മസാലക്കൂട്ടിലേക്ക് ചേര്‍ക്കുക. മസാലയും കൂന്തളും കൂടിച്ചേര്‍ന്നാല്‍ കൂടുതല്‍ എരിവിനായി കുരുമുളക് പൊടിയും ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. പിന്നീട് വെളിച്ചെണ്ണയും മല്ലിയിലയുമെല്ലാം ചേര്‍ത്ത് ചൂടോടെ പ്ലേറ്റിലേക്ക് വിളമ്പാം.
Content Highlights: squid curry, food, recipe