13-ാം വയസ്സിൽ സൈക്കിളിൽ തുടങ്ങിയ സോഡവിൽപ്പന ഇന്ന് ഓട്ടോറിക്ഷയിൽ; ചാലിയാറിന്റെ 'സോഡാ കുഞ്ഞാപ്പ'
ഒരു സോഡ കുടിച്ച് ക്ഷീണമാറ്റിയിരുന്ന തലമുറയുണ്ടായിരുന്നു മുന്‍പ്. പിന്നീട് ശീതളപാനീയങ്ങളേറെ വന്നു. പക്ഷേ, തിരുനെല്ലി ഷൗക്കത്തലി സോഡാ നിര്‍മാണം തുടരുകയാണ്.
അരനൂറ്റാണ്ടായി തുടരുന്ന ജോലി ആവുന്നിടത്തോളം തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മറ്റെന്തൊക്കെ വിപണിയില്‍ വന്നാലും നാട്ടുകാര്‍ക്ക് ഇദ്ദേഹം പ്രിയപ്പെട്ട സോഡാ കുഞ്ഞാപ്പയാണ്.
ചാലിയാര്‍ പഞ്ചായത്തിലെ വേട്ടേക്കോട് സ്വദേശിയായ ഷൗക്കത്തലി, പതിമൂന്നാമത്തെ വയസ്സില്‍ സൈക്കിളില്‍ ഡോഡാക്കുപ്പികള്‍ നിറച്ച് വില്‍പ്പനയ്ക്കിറങ്ങിയതാണ്.
നിലമ്പൂര്‍ ചെട്ടിയങ്ങാടിയില്‍ പിതാവ് മുഹമ്മദിന് സോഡാ കമ്പനിയുണ്ടായിരുന്നു. അവിടെനിന്നാണ് തുടക്കം.
ചാലിയാര്‍ പഞ്ചായത്ത് മേഖലയിലെ വിതരണച്ചുമതലയായിരുന്നു ഷൗക്കത്തലിക്ക്. ചെട്ടിയങ്ങാടിയില്‍നിന്ന് സൈക്കിളിലേറ്റി ചാലിയാര്‍ പുഴകടന്ന് സോഡയുമായി അകമ്പാടത്ത് എത്തും. ഷൗക്കത്തലിയുടെ നാല് സഹോദരന്മാരും ഈ മേഖലയില്‍ത്തന്നെയാണ് ഇപ്പോഴും.
ചെട്ടിയങ്ങാടിയിലെ വീട്ടിലായിരുന്നു പിതാവ് മുഹമ്മദിന്റെ സോഡാ കമ്പനി. ഷൗക്കത്തലി സോഡാവിതരണം ആരംഭിക്കുന്ന കാലത്ത് ഗോലി സോഡയ്ക്ക് 10 പൈസയായിരുന്നു വില. കടക്കാരന് മൂന്നുപൈസ കമ്മിഷന്‍. ബാക്കി ഏഴു പൈസ ഉടമയ്ക്ക് ലഭിക്കും. ചാലിയാര്‍ പഞ്ചായത്തിലെ സോഡാവിതരണം ഏറ്റെടുത്ത ഷൗക്കത്തലി 40 വര്‍ഷം മുന്‍പ് വേട്ടേക്കോട് സ്ഥലം വാങ്ങി വീടുവെച്ച് ചാലിയാറിന്റെ സ്വന്തം കുഞ്ഞാപ്പയായി.
നിലവില്‍ സോഡയ്ക്ക് ഏഴു രൂപയാണ് വില. ജീരക സോഡയ്ക്ക് 10 രൂപയും.
പുറമേനിന്ന് പല സോഡാ കമ്പനിക്കാരും ചാലിയാര്‍ പഞ്ചായത്തിലെത്തുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് കുഞ്ഞാപ്പയുടെ സോഡയാണ് ഇപ്പോഴും ഇഷ്ടം. ഇപ്പോള്‍ വേട്ടേക്കോട് സ്ഥലം വാങ്ങി അതില്‍ സോഡാ കമ്പനി നടത്തുകയാണ്.
സൈക്കിളില്‍ തുടങ്ങിയ കച്ചവടം എം-80യിലൂടെ വളര്‍ന്ന് ഇപ്പോള്‍ ഓട്ടോറിക്ഷയിലെത്തി. ഷൗക്കത്തലിയെ സഹായിക്കാന്‍ മക്കളായ ഫൈസല്‍, നിഷാദ് എന്നിവരുമുണ്ട്. പിതാവിന്റെ ഓര്‍മയ്ക്കായി വേട്ടേക്കോട്ടെ സോഡാ കമ്പനിയില്‍ പിതാവ് ആദ്യമായി നല്‍കിയ 10 പൈസ ഗോലി സോഡയുടെ കുപ്പിയും ആദ്യകാലത്ത് സോഡാ ഉണ്ടാക്കിയ മെഷീനും സൂക്ഷിച്ചിട്ടുണ്ട്.
Content Highlights: soda kunjappa from chaliyar, Food, soda selling in cheap rate