ഹംഗേറിയന്‍ ഭക്ഷണം രുചിച്ച് റിമി ടോമി ; കൊതിപ്പിച്ച് കൊല്ലരുതെന്ന് കമന്റ്

ഗായികയും നടിയുമായ റിമി ടോമിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണ്. അവരുടെ പരിപാടികളെല്ലാം തന്നെ ജനപ്രിയമാകുന്നതും ഇതുകൊണ്ടുതന്നെയാണ്. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ റിമി തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കുന്നതും പതിവാണ്.
ഇപ്പോഴിതാ തന്റെ യാത്രയില്‍ നിന്നുള്ള രുചിയൂറുന്ന ഭക്ഷണങ്ങളുടെ വീഡിയോയാണ് റിമി പങ്കുവെച്ചിരിക്കുന്നത്. ബുഡാപെസ്റ്റിലെയും പ്രാഗിലെയും നാവില്‍ കൊതിയൂറുന്ന സ്‌പെഷ്യല്‍ ഭക്ഷണങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭക്ഷണ പ്രിയരല്ലെങ്കില്‍ കൂടിയും ഹംഗേറിയന്‍ യാത്രയില്‍ അവരുടെ ഭക്ഷണം നമ്മളെ ആകര്‍ഷിക്കുമെന്നത് സത്യമാണ്.സ്വാദിഷ്ഠമായ ഭക്ഷണവും രുചികരമായ വൈനുകളും അവരുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്.
ഹംഗേറിയക്കാരുടെ പരമ്പരാഗത ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്ന ചിമ്മിനി കേക്ക്, ഗൂലാഷ്, ലാംഗോഷ് തുടങ്ങിയവയും ഫ്രൈഡ് ചീസ്, ജെലാറ്റോ, ബീഫ് സ്റ്റീക്ക് തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. ഫിറ്റ്‌നസിനും ഫാഷനിലും അതീവശ്രദ്ധ പുലര്‍ത്തുന്ന താരം തികഞ്ഞ ഭക്ഷണപ്രേമി കൂടിയാണെന്ന് വീഡിയോ കാണുന്നവര്‍ക്ക് മനസിലാകും.
മധ്യ യൂറോപ്പിലെ, സുന്ദരമായ രണ്ട് നഗരങ്ങളാണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റും. തീവണ്ടിയില്‍ ഏഴു മണിക്കൂര്‍ ദൂരമാണ് ഇവ തമ്മിലുള്ളത്. ചരിത്രപ്രസിദ്ധമായ നിര്‍മ്മിതികള്‍, മധ്യകാല കോട്ടകള്‍ എന്നിവയോടൊപ്പം ഇവിടുത്തെ രുചിവൈവിധ്യവും ലോകപ്രശസ്തമാണ്.
ഹംഗറിയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിലൊന്നാണ് ഗുലാഷ്, കൂടാതെ ഏറ്റവും രുചികരമായ ഒന്നാണിത്. ബീഫ് അല്ലെങ്കില്‍ പന്നിയിറച്ചി, ഉള്ളി, വെളുത്തുള്ളി, പപ്രിക, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് ഇതിനുപയോഗിക്കുന്നത്. സാധാരണയായി ചൂടോടെ വിളമ്പുന്ന ഈ ഭക്ഷണം ബ്രെഡിന്റെയോ ഉരുളക്കിഴങ്ങിന്റെയോ കൂടെ കഴിക്കാം. തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണമാണിത്.
പ്രാഗിനെ വേറിട്ട് നിര്‍ത്തുന്ന മറ്റൊരു കാര്യം പില്‍സര്‍ ശൈലിയിലുള്ള ബിയര്‍ ആണ്. മാത്രമല്ല, കുപ്പിവെള്ളത്തെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ ബിയര്‍ ലഭിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഹംഗേറിയക്കാര്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ബട്ടര്‍, വെളുത്തുള്ളി, ഉള്ളി എന്നിവ ധാരാളമായി ഉപയോഗിക്കും. പുളിച്ച ബട്ടറും ചീസും ചേര്‍ത്ത് ഉണ്ടാക്കുന്ന ലാംഗോഷ് ഹംഗറിയിലെ പ്രശസ്തമായ സ്ട്രീറ്റ്ഫുഡാണ്.
ഹംഗേറിയന്‍ ഭക്ഷണവിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്ന റിമിയുടെ വീഡിയോയില്‍ നിന്നു തന്നെ വ്യക്തമാകും. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. കൊതിപ്പിച്ചു കൊല്ലരുത്, കൊതിപ്പിക്കല്ലേ തുടങ്ങിയ കമന്റുകളും ഇതിന്റെയൊപ്പമുണ്ട്.
Content Highlights: rimi tomy , budapes , pragu,langos,goulash,beef steak,food