ഓർഡർ ചെയ്തത് പത്തിഞ്ചുള്ള പിസ, വന്നത് 7 ഇഞ്ചുള്ളത്; 10520 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഓർഡർ ചെയ്തത് 10 ഇഞ്ച് വലിപ്പമുള്ള പിസ്സ. ഉപഭോക്താവിന് കിട്ടിയതോ 7 ഇഞ്ച് വലിപ്പമുള്ളതും. കിട്ടിയ പിസ്സ കഴിച്ച് മിണ്ടാതിരിക്കാൻ അയാൾ തയ്യാറായില്ല. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. പരാതി പരിഗണിച്ചെന്നുമാത്രമല്ല റെസ്റ്ററന്റിനും ആപ്പിനും 10,520 രൂപ പിഴയും നഷ്ടപരിഹാരവും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം.
ഡെലിവർ ചെയ്ത പിസ്സ ചെറുതാണെന്ന് മനസ്സിലായ ഉപഭോക്താവ് ആദ്യം പ്ലാറ്റ്‌ഫോം വഴി പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. തൃപ്തികരമായ മറുപടിയോ റീഫണ്ടോ നൽകാൻ അധികൃതർ തയ്യാറായില്ല. ആദ്യം നാഷണൽ കൺസ്യൂമർ ഹെൽപ്‌ലൈനിൽ ബന്ധപ്പെട്ട ഉപഭോക്താവ് പിന്നീട് സെൻട്രലൈസ്ഡ് പബ്ലിക് ഗ്രിവാൻസ് റിഡ്രെസ് ആൻഡ് മോണിറ്ററിങ് സിസ്റ്റത്തിലൂടെ പരാതി രജിസ്റ്റർ ചെയ്തു. പിന്നീട് ഇതിൽ ഭാഗമായ എല്ലാവർക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഉപഭോക്താവ് നീതി തേടി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. 505 രൂപയുടെ രണ്ട് പിസകളാണ് അയാൾ ഓർഡർ ചെയ്തിരുന്നത്.
ഉപഭോക്താവും റെസ്റ്ററന്റും തമ്മിലുള്ള പ്രശ്‌നമാണ് ഇതെന്നായിരുന്നു ഫുഡ് ഡെലിവറി ആപ്പിന്റെ അവകാശവാദം. റെസ്റ്ററന്റാണ് ഭക്ഷണം ഉണ്ടാക്കുന്നതും പാക്ക് ചെയ്യുന്നതുമെന്നും അവർ വാദിച്ചു. ഓർഡർ ഡെലിവർ ചെയ്യുക എന്നുള്ളത് മാത്രമാണ് തങ്ങളുടെ ജോലിയെന്നും അവർ പറഞ്ഞു. റെസ്റ്ററന്റ് ഇതിന് മറുപടി നൽകിയുമില്ല.
കേസ് പരിഗണിച്ച ഉപഭോക്തൃ കമ്മീഷൻ റെസ്റ്റോറന്റിന്റെ നടപടിയെ വിമർശിച്ചു. അതുപോലെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിനും ഇതിൽ പങ്കുണ്ടെന്നും കമ്മിഷൻ പറഞ്ഞു. വാഗ്ദാനം ചെയ്ത അളവിൽ ഭക്ഷണം നൽകാതിരിക്കുന്നത് ഉപഭോക്താവിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും നിരീക്ഷിച്ചു.പരസ്യപ്പെടുത്തുന്ന അതേ ഗുണനിലവാരവും അളവും ഉപഭോക്താക്കൾക്ക് ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും കമ്മിഷൻ വ്യക്തമാക്കി.
ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും കേസ് നടത്തിപ്പ് ചെലവുകൾക്കുമടക്കം മൊത്തം 10,520 രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്.