മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയയില്‍ താരമായി ഇന്ത്യന്‍ വിഭവം

പ്രമുഖ പാചക റിയാലിറ്റി ഷോയായ മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ: ഫാന്‍സ് ആന്‍ഡ് ഫേവറൈറ്റ്‌സിന്റെ ഏറ്റവും പുതിയ സീസണ് ഈ മാസം തുടക്കം കുറിച്ചിരിക്കുകയാണ്. 24 മത്സരാര്‍ഥികളാണ് ഇത്തരവണ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഷോയുടെ ആദ്യ എപ്പിസോഡില്‍തന്നെ താരമായി മാറിയിരിക്കുകയാണ് തനത് രാജസ്ഥാന്‍ വിഭവമായ ലാല്‍ മാസ്. വിവിധ രാജ്യങ്ങളില്‍ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഭവം തയ്യാറാക്കുക എന്നതായിരുന്നു ആദ്യ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം.
പ്രമുഖ ഓസ്‌ട്രേലിയന്‍ സെലബ്രിറ്റി ഷെഫ് ആയ സാറ ടോഡ് തയ്യാറാക്കിയ പരമ്പരാഗത രാജസ്ഥാന്‍ വിഭവമാണ് ഷോയുടെ മനം കവര്‍ന്നിരിക്കുന്നത്. ആട്ടിറച്ചികൊണ്ടുള്ള ലാല്‍ മാസ് എന്ന വിഭവമാണ് സാറ തയ്യാറാക്കിയത്. ഇതിനൊപ്പം ബജ്‌റ കൊണ്ടുള്ള ചപ്പാത്തിയും മസ്റ്റാർഡ് പിക്കിളുമാണ് അവര്‍ വിധി കര്‍ത്താക്കള്‍ക്ക് വിളമ്പിയത്. അടുത്തിടെ രാജസ്ഥാന്‍ സന്ദര്‍ശിച്ച സാറ ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലാല്‍ മാസ് തയ്യാറാക്കിയത്. മത്സരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
വളരെക്കുറച്ച് ചേരുവകള്‍ മാത്രം ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാര്‍ ചെയ്‌തെടുക്കാവുന്ന വിഭവമാണ് ലാല്‍ മാസ്. സാധാരണ ഇന്ത്യന്‍ കറികളില്‍ കാണുന്ന മസാലകള്‍ ലാല്‍ മാസില്‍ ഇല്ലെന്നുള്ളതും പ്രത്യേകതയാണ്.
ലാല്‍ മാസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ആട്ടിറച്ചി (ഒരിഞ്ച് വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയത്) -750 ഗ്രാം
കശ്മീരി മുളക്, കുതിര്‍ത്ത് -8 എണ്ണം
നെയ്യ് -2 ടീസ്പൂണ്‍
തൈര് -അരക്കപ്പ്
ജീരകം പൊടിച്ചത് -2 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉണങ്ങിയ ഏലക്ക -2 എണ്ണം
പച്ച ഏലക്ക -3,4 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -6 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട -ഒരു കഷ്ണം
ഗ്രാമ്പൂ -3, 4 എണ്ണം
സര്‍വസുഗന്ധി ഇല(ബേ ലീവ്‌സ്)-1
സവാള (ചെറുതായി അരിഞ്ഞത്) -4 എണ്ണം
ഗരംമസാല പൊടി -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന് നാരങ്ങ -ചെറിയൊരു കഷ്ണം
കരി -3 കഷ്ണം
തയ്യാറാക്കുന്ന വിധം
നേരത്തെ വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത കശ്മീരി മുളക് മിക്‌സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക.
ഉള്ളു കുഴിഞ്ഞ വലിയൊരു പാത്രമെടുത്ത് അതില്‍ തൈര്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളക് അരച്ചത് എന്നിവ ഒന്നിച്ചിട്ട് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് ഇറച്ചികഷ്ണങ്ങള്‍ ഇട്ട് മസാല നന്നായി പുരട്ടിയെടുക്കാം.
അടുപ്പത്ത് കുക്കര്‍ വെച്ച് നെയ്യ് ഇതില്‍ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് കറുവാപ്പട്ട, ഏലക്ക, ഗ്രാമ്പൂ, സര്‍വസുഗന്ധി ഇല എന്നിവ ഇട്ട് വറുത്തെടുക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റിയെടുക്കാം. ഇതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്‌തെടുത്ത ഇറച്ചി കഷ്ണങ്ങള്‍ ഇട്ട് നല്ല തീയില്‍ രണ്ടുമുതല്‍ നാലുമിനിറ്റ് വരെ ഇളക്കി വേവിക്കാം. ഇറച്ചികഷ്ണങ്ങള്‍ മൂടുന്നവിധത്തില്‍ വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം.
ഇതിനുശേഷം കുക്കര്‍ അടച്ച് വെച്ച് എട്ടുവിസില്‍ അടിപ്പിച്ച് വേവിച്ചെടുക്കാം.
കുക്കറിലെ ആവി നന്നായി പോയ ശേഷം ഒരു ചെറിയ പാത്രത്തില്‍ കരിയിട്ട് കത്തിക്കുക. ഇത് പാത്രത്തോടെ കുക്കറിന്റെ നടുഭാഗത്ത് വെക്കുക. കരിയിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പൂവും ഏതാനുംതുള്ളി നെയ്യും ചേര്‍ത്ത് കുക്കര്‍ വീണ്ടും അടച്ചുവെക്കാം. രണ്ടോ മൂന്നോ മിനിറ്റ് ഇപ്രകാരം സൂക്ഷിക്കാം. ശേഷം കുക്കറിന്റെ മൂടി തുറന്ന് കറി പാത്രത്തിലേക്ക് മാറ്റാം.
Content Highlights: masterchef australia, food, food reality show, food recipe, laal maas