സാലഡ് പ്രേമികളേ ഇതിലേ....കിടിലന്‍ സമ്മര്‍ സാലഡ് റെസിപ്പി പങ്കുവെച്ച് പ്രിയങ്കാ ചോപ്ര

സമ്മർ സാലഡ് | Photo: instagram.com/sonahomenyc/
സമ്മർ സാലഡ് | Photo: instagram.com/sonahomenyc/

ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്കാ ചോപ്ര. മികച്ചൊരു സംരംഭക കൂടിയായ അവര്‍ ന്യൂയോര്‍ക്കില്‍ നടത്തി വരുന്ന സോന റെസ്‌റ്റൊറന്റ് ഇതിനോടകം തന്നെ ഭക്ഷണ പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞു. തനത് ഇന്ത്യന്‍ വിഭവങ്ങള്‍ യു.എസില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക സോനയ്ക്ക് തുടക്കമിട്ടത്. പ്രവര്‍ത്തനം തുടങ്ങി ഏകദേശം ഒന്നരവര്‍ഷം പിന്നിട്ടപ്പോഴേക്കും വ്യക്തമായ ഒരിടം സോന നേടിക്കഴിഞ്ഞു. 

സോനയില്‍ നിന്നുള്ള ഒട്ടേറെ വിഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.  

ഇപ്പോഴിതാ പ്രിയങ്ക സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. വേനല്‍ക്കാലത്ത് കഴിക്കാവുന്ന സാലഡ് റെസിപ്പിയാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. രുചികരവും ഗുണമേന്മയേറിയതുമായ സാലഡിന്റെ റെസിപ്പിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. റെസിപ്പിക്കൊപ്പം ഈ സ്‌പെഷ്യല്‍ സാലഡിന്റെ ചിത്രവും പ്രിയങ്ക ഷെയര്‍ ചെയ്തിട്ടുണ്ട്. സോനയുടെ ഇന്‍സ്റ്റഗ്രാം പേജിലും സാലഡിന്റെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. 

വേനല്‍ക്കാലത്ത് ലഭ്യമായ പച്ചക്കറികളും നാരങ്ങയും പുതിനയിലയും ചേര്‍ത്തുള്ള സാലഡാണിതെന്ന് ചിത്രം പങ്കുവെച്ച് പ്രിയങ്ക പറഞ്ഞു. 

സ്‌പെഷ്യല്‍ സാലഡ് തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

  • സ്പിങ് ഗ്രീന്‍സ് (നന്നായി അരിഞ്ഞത് )        -4-6 കപ്പ്
  • ശതാവരി കൂമ്പ്    (നന്നായി അരിഞ്ഞത് )        - ഒരു കപ്പ്
  • ഇംഗ്ലീഷ് പയര്‍        - ഒരു കപ്പ്
  • വാട്ടര്‍മെലോണ്‍ റാഡിഷ്  - ഒന്ന്
  • അവക്കാഡോ        -അരക്കപ്പ്
  • ഫെറ്റാ ചീസ്         -അരക്കപ്പ്

ഡ്രസ്സിങ്ങിന്

  • വിര്‍ജിന്‍ ഒലീവ് ഓയില്‍    -കാല്‍ കപ്പ്
  • നാരങ്ങാ നീര്                -3 ടേബിള്‍ സ്പൂണ്‍
  • പുതിനയില(നന്നായി അരിഞ്ഞത്)    -ഒരു ടേബിള്‍ സ്പൂണ്‍ 
  • ഉപ്പ്                -അര ടീസ്പൂണ്‍
  • കുരുമുളക്        -അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

സാലഡിനുള്ള എല്ലാ ചേരുവകയും വലിയൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് സാലഡ് ഡ്രസിങ്ങിനുള്ള എല്ലാ ചേരുവകയും ചേര്‍ക്കുക. ഇത് നന്നായി കൂടിച്ചേരുന്നത് വരെ ഇളക്കിചേര്‍ക്കുക. ആവശ്യമെങ്കില്‍ മുകളില്‍ ഗ്രില്‍ ചെയ്ത കോഴിയിറച്ചിയോ അവക്കാഡോയോ ചേര്‍ക്കാം. വേഗത്തില്‍ വിളമ്പാം.


 

Content Highlights: priyanka chopra, summer salad recipe, sona resturant, food