വ്യത്യസ്തമായ ദക്ഷിണേന്ത്യന്‍ വിഭവം പരിചയപ്പെടുത്തി പദ്മ ലക്ഷ്മി

വ്യത്യസ്തമായ പാചകക്കുറിപ്പുകളും പാചക ടിപ്‌സും ആരാധകരുമായി പങ്കിടുന്നതില്‍ മടികാണിക്കാത്ത സെലബ്രിറ്റികളിലൊരാണ് അമേരിക്കന്‍മോഡലും ഇന്ത്യന്‍ വംശജയുമായ പദ്മ ലക്ഷ്മി. ഇന്ത്യന്‍ വിഭവങ്ങളും രുചിക്കൂട്ടുകളുമാണ് പദ്മ സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന പാചക വീഡിയോകളിലേറെയും. മുത്തശിയില്‍ നിന്ന് പഠിച്ച നാരങ്ങാ അച്ചാറും ടൊമാറ്റോ സോസുമെല്ലാം പദ്മ ഇപ്രകാരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.
ഇക്കുറി വ്യത്യസ്തമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് പദ്മ ആരാധകരെ പരിചയപ്പെടുത്തുന്നത്. മകള്‍ കൃഷ്ണയും പദ്മയ്‌ക്കൊപ്പം പാചകത്തില്‍ പങ്കുചേരുന്നുണ്ട്. ഏറെ ആരോഗ്യപ്രദമായ എന്നാല്‍ അധികമാര്‍ക്കും അറിയില്ലാത്ത ചൗ ചൗ കൊണ്ടുള്ള ഒരു റെസിപ്പിയാണ് പദ്മ പങ്കുവെച്ചിരിക്കുന്നത്. റാഡിഷിനോട് സമാനമായ പച്ചക്കറിയാണിത്. ചൗ ചൗ കൂടാതെ തക്കാളി, സവാള, ഇഞ്ചി എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന മറ്റ് പ്രധാന ചേരുവകള്‍. ഒപ്പം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ക്കുന്നു. എങ്ങിനെയാണ് ചൗചൗ കറി തയ്യാറാക്കുന്നതെന്ന് നോക്കാം.
ആദ്യമായി ചൗ ചൗ ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കണം. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കിയശേഷം ഇതിലേക്ക് സ്വല്‍പം കടുകും ജീരകവുമിട്ട് പൊട്ടിക്കണം. ഇതിലേക്ക് കറിവേപ്പില, സവാള, തക്കാളി, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഈ കൂട്ടിലേക്ക് ചൗചൗ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി എന്നിവയെല്ലാം ചേര്‍ത്ത് കൊടുക്കാം. ഇത് കുറച്ച് നേരം അടച്ച് വെച്ച് നന്നായി വേവിച്ചെടുക്കാം.
Content Highlights: padma lakshmi shared video on instagram, delicious south indian recipe, chow chow curry, food