പ്രോട്ടീൻ പിസ്സയും നേരെത്തെയുള്ള അത്താഴവും ; 56-ലും ഫിറ്റ്‌നസ് കാത്ത് നീലം കൊത്താരി

നടിയും ഡിസൈനറുമായ നീലം കോത്താരി ഫിറ്റ്‌നസിലും ആരോഗ്യത്തിലും കടുത്ത ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ്. ഹം സാത്ത്-സാത്ത് ഹെ , ഇൽസാം , കുച്ച് കുച്ച് ഹോത്താ ഹെ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും നീലം ജുവൽസിലെ നാലാം തലമുറക്കാരിയായി ആഭരണ ഡിസൈനിംഗിന്റെ കുടുംബ പാരമ്പര്യം അവർ മുന്നോട്ട് കൊണ്ടുപോയി. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ നീലം പങ്കുവെക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വ്ളോഗിലൂടെ, 56 കാരിയായ അവർ തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ഒരു നുള്ള് ഉപ്പ്, പകുതി ചെറുനാരങ്ങാനീര്, കുങ്കുമപ്പൂവ് എന്നിവ ചേർത്ത ഇളം ചൂടുവെള്ളം കുടിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത്. ഇത് തന്റെ ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നുവെന്ന് അവർ പറയുന്നുണ്ട്.'ഞാൻ എല്ലാ ദിവസവും രാവിലെ ഇത് കുടിക്കാറുണ്ടെന്നും നീലം പറയുന്നു. ശേഷം, നടി രണ്ട് നെല്ലിക്കയുടെ നീരും കുടിയ്ക്കും. കുപ്പിയിലാക്കി വരുന്നത് ഡിടോക്‌സിഫിക്കേഷൻ കുറയ്ക്കുമെന്നതിനാൽ താൻ ഫ്രഷ് നെല്ലിക്കാനീര് കുടിക്കാനാണ് ഇഷ്ടപ്പെടുന്നത്. 'ഇത് വിഷാംശം പുറന്തള്ളുന്നതിനും വിറ്റാമിൻ സി ലഭിക്കുന്നതിനും മികച്ചതാണെന്നും നീലം പറയുന്നു.
രാവിലെ പത്തോടെ പ്രഭാതഭക്ഷണം കഴിക്കും. രണ്ട് മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത ഓംലെറ്റാണ് അവരുടെ പ്രഭാതഭക്ഷണം. ഇത് ഉയർന്ന പ്രോട്ടീൻ അടങ്ങിയതും ദഹിക്കാൻ എളുപ്പമുള്ളതുമാണ് അവർ കൂട്ടിച്ചേർത്തു. പ്രഭാതഭക്ഷണത്തിന് ശേഷമാണ് അവർ ബി-കോംപ്ലക്‌സ് വിറ്റാമിനുകൾ, ഒമേഗ-3, വിറ്റാമിൻ ഡി, ലിപോ-ഗ്ലൂട്ടാത്തയോൺ എന്നിവയുൾപ്പെടെയുള്ള സപ്ലിമെന്റുകളും കഴിക്കുന്നത്. ഡോക്ടർ നിർദ്ദേശിക്കുന്ന അളവനുസരിച്ച് 50 വയസ്സിന് ശേഷം സ്ത്രീകൾ ആരോഗ്യം നിലനിർത്താനും പോഷകക്കുറവ് ഉണ്ടാകാതിരിക്കാനും സപ്ലിമെന്റുകൾ കഴിക്കണമെന്ന് അവർ ഊന്നിപ്പറയുന്നുണ്ട്.
നീലം കൊത്താരിയുടെ ഉച്ചഭക്ഷണത്തിൽ ഒരു സ്‌പെഷ്യൽ പിസ്സയുണ്ട്. എന്നാൽ ഇത് നമ്മൾ സാധാരണ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് കൂടിയ പിസ്സയല്ല. തന്റെ സുഹൃത്തിന്റെ പാചകക്കുറിപ്പ് പിന്തുടർന്ന് മുട്ടയുടെ വെള്ളയും പൊടിയായി അരിഞ്ഞ ബ്രൊക്കോളിയും ചേർത്താണ് ഇതിന്റെ ബേസ് തയ്യാറാക്കുന്നത്. അതിന് മുകളിൽ ഒറിഗാനോയും ചില്ലി ഫ്‌ലേക്‌സും ചേർക്കുന്നു. ഇത് പ്രോട്ടീൻ സമ്പന്നവും പൂജ്യം കാർബോഹൈഡ്രേറ്റുള്ളതുമാണെന്ന് നടി അവകാശപ്പെടുന്നു. വൈകുന്നേരം പ്ലാന്റ് ബേസ്ഡ് പ്രോട്ടീൻ, ഡീകാഫ് കോഫി, തേങ്ങാപ്പാൽ, ഷുഗർ ഫ്രീ സ്വീറ്റനർ, ഐസ്, വെള്ളം എന്നിവ ചേർത്ത് തയ്യാറാക്കിയ പ്രോട്ടീൻ ഷേക്ക് അവർ കുടിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം മുടങ്ങാതെ അവർ വ്യായാമവും ചെയ്യും.
വളരെ നേരത്തെ അത്താഴം കഴിക്കുന്നതിനോട് താല്പര്യമുള്ളയാളാണ് നീലം. വെകുന്നേരം ആറോടെ അവർ അത്താഴം കഴിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളും തൈരും ചേർത്ത ചിക്കൻ, പച്ചക്കറികൾ, മുട്ടയും ചേർത്തുണ്ടാക്കിയ ഒരു ആരോഗ്യകരമായ ഫ്രാങ്കിയുമാണ് അവരുടെ അത്താഴം. ഇതിലൂടെയാണ് നീലം തന്റെ ഫിറ്റ്‌നസ് നിലനിർത്തുന്നത്.
Content Highlights: Morning routine includes warm water with lemon, saffron, and fresh gooseberry juice., Protein-focused breakfast featuring eggs and essential supplements., Unique zero-carb protein pizza made with egg whites and broccoli., Consistency in evening workouts and plant-based protein shakes., Strict adherence to an early dinner routine by 6 PM.