ഹോസ്റ്റൽ ഭക്ഷണം വണ്ണത്തെ ബാധിച്ചതോടെ പാചകം തുടങ്ങി; വീഡിയോയുമായി മാനുഷി ഛില്ലർ

ഡോക്ടർ കുടുംബത്തിൽ നിന്ന് മോഡലിങ്ങിലേക്കും സൗന്ദര്യമത്സരവേദികളിലേക്കും ചുവടുവച്ച താരം. ഡോക്ടറായപ്പോഴും തന്റെ സ്വപ്നങ്ങൾ കൈവിടാതിരുന്ന ആ പെൺകുട്ടിയാണ് 2017ൽ മിസ് ഇന്ത്യ കിരീടം കരസ്ഥമാക്കിയ മാനുഷി ഛില്ലർ. ഡയറ്റിങ്ങിന്റെ കാര്യത്തിലും ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത മാനുഷി ഇപ്പോൾ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് പങ്കുവെക്കുകയാണ് താരം.
ദേശീയ പോഷക വാരാചരണത്തോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരോഗ്യകരമായി ഭക്ഷണം കഴിക്കേണ്ടതിനെക്കുറിച്ച് മാനുഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആരോഗ്യവും പോഷകവും താൻ എന്നും ശ്രദ്ധ കൊടുത്തിരുന്ന കാര്യങ്ങളാണെന്ന് മാനുഷി പറയുന്നു. ശരിയായ പോഷകം ലഭിക്കുന്നതിലൂടെ ആരോഗ്യത്തിന് ധാരാളം മെച്ചങ്ങളും ലഭിക്കുന്നുവെന്നും താരം.
കോളേജ് കാലത്ത് പോഷകം ലഭിക്കാൻ താൻ പാചകം ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ചും മാനുഷി പങ്കുവെക്കുന്നു. ഹോസ്റ്റൽ ഭക്ഷണം തന്റെ വണ്ണത്തെയും ആരോഗ്യത്തെയും ബാധിക്കാൻ തുടങ്ങിയതോടെ സ്വന്തമായി പാചകം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മിസ് ഇന്ത്യക്കു വേണ്ടി തയ്യാറെടുക്കുന്നതിനൊപ്പം പഠനവും നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ലായിരുന്നു.
കുട്ടിക്കാലം തൊട്ടേ അമ്മയും അച്ഛനും ആരോഗ്യപ്രദമായ ഭക്ഷണരീതിയെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും മാനുഷി. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നതെന്ന് ഡോക്ടർമാരായ അച്ഛനും അമ്മയും എപ്പോഴും പറയുമായിരുന്നു. ഇത് പോഷകസമൃദ്ധമായ ഭക്ഷണരീതി തിരഞ്ഞെടുക്കാൻ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും മാനുഷി പറയുന്നു.
എല്ലാവർഷവും സെപ്തംബർ ഒന്നു മുതൽ ഏഴുവരെയുള്ള ഒരാഴ്ച്ചയാണ് ദേശീയ പോഷക വാരമായി ആചരിക്കുന്നത്. ആരോഗ്യപ്രദവും പോഷകസമ്പന്നവുമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനാണിത്.
Content Highlights: Manushi Chhillar on Eating Right National Nutrition Week
Content Highlights: