അച്ഛന് കുട്ടിഷെഫിന്റെ വക തണുത്ത 'ഐസ് ടീ': മകളുടെ വീഡിയോ പങ്കുവെച്ച് കാവ്യാമാധവൻ

ഷെഫുമാരെപ്പോലെ മുടിയെല്ലാം കവർ ചെയ്ത് അല്പം ഗൗവത്തോടെ അച്ഛനുവേണ്ടി ഐസ് ടീ തയ്യാറാക്കുന്ന ഒരു കുട്ടിഷെഫിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ആ കുട്ടി ഷെഫ് മറ്റാരുമല്ല നടൻ ദിലീപിന്റെ മകൾ മഹാലക്ഷ്മിയാണ്. കാവ്യാമാധവനാണ് അച്ഛനുവേണ്ടി ഐസ് ടീ തയ്യാറാക്കുന്ന മകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഐസ് ടീ സ്‌പെഷ്യലിസ്റ്റ് ഷെഫ് മമ്മു എന്ന കുറിപ്പോടെ കാവ്യ മാധവൻ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകരുടെ മനംകവർന്നത്.
താൻ സ്വയം ഒരു 'ഐസ് ടീ സ്‌പെഷ്യലിസ്റ്റ് ഷെഫ്' ആണെന്ന ഭാവത്തിലാണ് മഹാലക്ഷ്മി അടുക്കളയിൽ ഓരോ കാര്യങ്ങളും ചെയ്തത്. ആവേശത്തോടെ ഐസ് ടീ തയ്യാറാക്കിയ ശേഷം, അത് സ്വയം അച്ഛന് കൊണ്ടുകൊടുക്കുന്ന മഹാലക്ഷ്മിയെ വീഡിയോയിൽ കാണാം. മകൾ ഉണ്ടാക്കിത്തന്ന ഐസ് ടീ ഒരു സിപ്പ് കുടിച്ച ശേഷം ദിലീപ് അതിശയത്തോടെയും സന്തോഷത്തോടെയും മകളെ നോക്കി താങ്ക്യു ഷെഫ് എന്ന് പറയുന്നുണ്ട്.
ആ വാക്കുകൾ കേട്ടതും ഒരു കള്ളച്ചിരിയോടെ അച്ഛനെ നോക്കുന്ന മഹാലക്ഷ്മിയുടെ നിഷ്‌കളങ്കമായ മുഖമാണ് ഈ വീഡിയോയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്. മകളുടെ കുസൃതിയും അച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധവും കണ്ട നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളോട് കുഞ്ഞുങ്ങൾ കാണിക്കുന്ന ചെറിയ സ്‌നേഹപ്രകടനങ്ങൾക്ക് വലിയ വിലയുണ്ടെന്ന് ഈ കൊച്ചു വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വന്തം കൈകൊണ്ട് ആഹാരമോ പാനീയമോ ഉണ്ടാക്കി അച്ഛനമ്മമാർക്ക് നൽകുമ്പോൾ കുഞ്ഞുങ്ങളുടെ മുഖത്തുണ്ടാകുന്ന തിളക്കമാണ് ഈ വീഡിയോയിലുടനീളം കാണാനാകുക.
വീട്ടിലുണ്ടാക്കാം റിഫ്രഷിംഗ് ഐസ് ടീ
നല്ല ചൂടുള്ള കാലാവസ്ഥയിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ തണുപ്പും ആശ്വാസവും നൽകുന്ന മികച്ചൊരു പാനീയമാണ് ഐസ് ടീ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഐസ് ടീ റെസിപ്പി താഴെ നൽകുന്നു.
ചേരുവകൾ
1. വെള്ളം: 4 കപ്പ്
2. തേയില: 2 ടേബിൾ സ്പൂൺ
3. പഞ്ചസാര അല്ലെങ്കിൽ തേൻ:ആവശ്യത്തിന്
4. നാരങ്ങാനീര്: 2-3 ടേബിൾ സ്പൂൺ
5. ഐസ് ക്യൂബുകൾ: ആവശ്യത്തിന്
6. പുതിനയില:ഒരു പിടി (അലങ്കരിക്കാനും സുഗന്ധത്തിനും)
7. നാരങ്ങ: അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിൽ 4 കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത ശേഷം അതിലേക്ക് ടീ ബാഗുകളോ ചായപ്പൊടിയോ ഇടുക. പാത്രം അടച്ചുവെച്ച് 5 മുതൽ 7 മിനിറ്റ് വരെ വെയ്ക്കുക (കടുപ്പം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക).ചായപ്പൊടിയുടെ സത്ത് വെള്ളത്തിൽ ഇറങ്ങിയ ശേഷം അരിപ്പ ഉപയോഗിച്ച് ചായ അരിച്ചെടുക്കുക. ചായ ചൂടോടെ ഇരിക്കുമ്പോൾ തന്നെ ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർത്ത് നന്നായി ഇളക്കി ലയിപ്പിക്കുക.തണുക്കാൻ അനുവദിക്കുക. അതിനുശേഷം കുറഞ്ഞത് 1 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. തണുത്ത ചായ വെള്ളത്തിലേക്ക് നാരങ്ങാനീരും, അല്പം കൈകൊണ്ട് ചതച്ച പുതിനയിലയും ചേർക്കുക.ഒരു സർവിംഗ് ഗ്ലാസിലേക്ക് ധാരാളം ഐസ് ക്യൂബുകൾ ഇടുക. അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന തണുത്ത ടീ ഒഴിക്കുക. മുകളിലായി ചെറിയ ഒരു കഷ്ണം നാരങ്ങയും പുതിനയിലയും വെച്ച് അലങ്കരിച്ച് തണുപ്പോടെ കുടിക്കാം.
രുചികരവും തണുത്തതുമായ ഈ ഐസ് ടീ ഏത് ചൂടുകാലത്തും ഉന്മേഷം നൽകാൻ അനുയോജ്യമായ ഒന്നാണ്. ദിലീപിന് മകൾ നൽകിയതുപോലൊരു സ്‌നേഹസമ്മാനമായി നിങ്ങൾക്കും വീട്ടിലുള്ളവർക്കായി ഈ എളുപ്പത്തിലുള്ള ഐസ് ടീ തയ്യാറാക്കി നൽകാം.
Content Highlights: Mahalakshmi, Dileep's daughter, impresses with her ice tea skills in a video shared by Kavya Madhavan, delighting fans with her innocence.