'ഇത് ജങ്ക് ഫുഡ്', ഫ്രഞ്ച് ഫ്രൈസ് തിരികെ നല്‍കി പെണ്‍കുഞ്ഞ് ; വൈറലായി വീഡിയോ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമുള്ള ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. റെസ്‌റ്റോറന്റുകളില്‍ ആളുകള്‍ ഏറ്റവും അധികം ഓര്‍ഡര്‍ ചെയ്യുന്ന ഒന്നു കൂടിയാണിത്. കുട്ടികള്‍ക്ക് പൊതുവേ ഇതിനോട് ഇഷ്ടം കൂടുതലാണ്. എന്നാല്‍ തന്റെ പിതാവ് ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ഫ്രൈസ് തിരികേ റെസ്റ്റോറന്റിന് നല്‍കുന്ന കുഞ്ഞു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഹനായ ആന്‍ഡ് മോം എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വീഡിയോയുടെ ആദ്യം തനിക്ക് ഈ ഫ്രഞ്ച് ഫ്രൈസ് വേണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി റെസ്റ്റോറന്റിലെ ജീവനക്കാരന് തിരികയേല്‍പ്പിക്കുന്നത്. എന്റെ അച്ഛന്‍ ഇത് ഒരുപാട് കഴിക്കുന്നുണ്ട് എന്നും അവള്‍ കാരണമായി പറയുന്നത് വീഡിയോയില്‍ കാണാം.
അതിനിടെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീ ശബ്ദം, അച്ഛന് വേണ്ടെങ്കില്‍ കുട്ടി ഇത് കഴിച്ചോളൂ എന്നു പറയുന്നതുകേൾക്കാം. അതിന് കൃത്യമായ ഉത്തരവും അവള്‍ നല്‍കുന്നുണ്ട്. ഞാന്‍ കഴിക്കുന്നത് സ്‌ട്രോബെറിയാണ്, അത് ജങ്ക് ഫുഡ് അല്ല, എന്നാല്‍ ഇത് ജങ്ക് ഫുഡാണെന്നാണ് അവൾ പറയുന്നത്. ഇതുകഴിച്ചാല്‍ വയറുവേദന വരുമെന്ന് അവള്‍ താക്കീതും നല്‍കുന്നുണ്ട്.
രസകരമായ വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനകം കണ്ടത് 18.4 മില്യണ്‍ ആളുകളാണ്. വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ധാരാളമാളുകള്‍ എത്തിയിട്ടുണ്ട്. ഭാവിയിലെ ന്യൂട്രിഷ്യനിസ്റ്റ്, ഇവളാണ് എന്റെ ജിം ട്രെയിനര്‍, എത്ര നല്ല പേരന്റിങ് എന്നു പോകുന്നു ഈ കമന്റുകള്‍.
Content Highlights: Little Girl,french fries ,Restaurant,food,junk food,food