തലേ ദിവസത്തെ ചപ്പാത്തി ബാക്കിയുണ്ടോ?; ഈ ലഞ്ച് ബോക്‌സ് വിഭവങ്ങള്‍ പരീക്ഷിക്കാം

തലേ ദിവസത്തെ ചപ്പാത്തി ബാക്കിവരുമ്പോള്‍ പിറ്റേദിവസം അവ കളയുകയാണോ പതിവ്? എങ്കില്‍ ഇനി അതുവേണ്ട. ബാക്കിവന്ന ചപ്പാത്തി ഉപയോഗിച്ച് ടിഫിന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം. അവ ഉപയോഗിച്ച് ലഞ്ച് തയ്യാറാക്കുന്നത് രാവിലത്തെ തിരക്കിനിടയില്‍ ഒരാശ്വാസമാണ്. കുറഞ്ഞ പ്രയത്‌നത്തില്‍ പുതിയ വിഭവങ്ങളാക്കി മാറ്റാന്‍ എളുപ്പമാണെന്നതും പുതിയതായി മാവ് കുഴക്കുന്നതിനേക്കാളും ബ്രെഡ് വാങ്ങുന്നതിനേക്കാളും ചെലവ് കുറവാണെന്നതും ഇതിന്റെ പ്രത്യേകതകളാണ്.
ഭക്ഷണം പാഴാക്കല്‍ കുറയ്ക്കാനും സഹായകമാണ്. തലേദിവസത്തെ ചപ്പാത്തി ഉപയോഗിച്ച് വളരെ വേഗത്തില്‍ തയ്യാറാക്കാനും എളുപ്പത്തില്‍ പാക്ക് ചെയ്യാനും സാധിക്കുന്ന, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന ചില ചപ്പാത്തി വിഭവങ്ങള്‍ നോക്കാം.
റോട്ടി റാപ്പുകള്‍
വലിയ പ്രയത്‌നമില്ലാതെ നിങ്ങളുടെ കുട്ടികളുടെ ടിഫിനില്‍ കൂടുതല്‍ പോഷകങ്ങള്‍ ചേര്‍ക്കാനുള്ള ഒരു എളുപ്പവഴിയാണിത്. ബാക്കിയുള്ള ഒരു ചപ്പാത്തിയെടുത്ത് അതില്‍ ഗ്രീന്‍ ചട്ണിയോ ഹമ്മസോ പുരട്ടുക, ചെറുതായി വഴറ്റിയ പച്ചക്കറികളോ അതില്‍ നിറയ്ക്കുക. കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്ത് ചേര്‍ക്കാം. ഇത് നന്നായി ചുരുട്ടി ഫോയില്‍ പേപ്പറില്‍ പൊതിയുക. റാപ്പ് തയ്യാര്‍.
റോട്ടി ഫ്രാങ്കി റോള്‍സ്
വയറ് കൂടുതല്‍ നിറയുന്നതും പ്രോട്ടീന്‍ സമ്പുഷ്ടവുമായ വിഭവം. ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മുട്ടയടിച്ച് ചൂടായ തവയില്‍ ഒഴിച്ച് പരത്തുക. അതിന് മുകളിലേക്ക് ഒരു ചപ്പാത്തി വെക്കുക. പാകമായിക്കഴിഞ്ഞാല്‍, മറിച്ചിട്ട് പനീര്‍ ബുര്‍ജി, ചിക്കന്‍ കീമ, അല്ലെങ്കില്‍ മസാല ചേര്‍ത്ത ഉടച്ച ഉരുളക്കിഴങ്ങ് എന്നിവ നിറയ്ക്കുക. ഇത് നന്നായി ചുരുട്ടി ഫോയില്‍ പേപ്പറില്‍ പൊതിയുക. ഇത് ലഞ്ച് ബോക്‌സില്‍ കേടുകൂടാതെയിരിക്കും.
റോട്ടി ഉപ്പുമാവ് (ചപ്പാത്തി ഉപ്പുമാവ്)
പേരുകേട്ടാല്‍ സംശയം തോന്നാമെങ്കിലും ചപ്പാത്തി ചെറിയ കഷണങ്ങളായി മുറിച്ചെടുത്താണ് ഇത് തയ്യാറാക്കുന്നത്. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, അരിഞ്ഞ സവാള, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ചപ്പാത്തി കഷണങ്ങള്‍ ചേര്‍ത്ത്, ഉപ്പും മഞ്ഞള്‍പ്പൊടിയും വിതറി കുറച്ച് മിനിറ്റ് വഴറ്റുക. മല്ലിയിലയും ഒരു നുള്ള് നാരങ്ങാനീരും ചേര്‍ത്ത് അലങ്കരിക്കുക. ലഘുവായതും എന്നാല്‍ വയറ് നിറയ്ക്കുന്നതുമായ വിഭവമാണിത്.
ചീസി റോട്ടി ക്വൊസെഡില്ല
പതിവ് പൊറോട്ട-ചീസ് രീതി മടുത്തുവെങ്കില്‍, ഈ വിഭവം പരീക്ഷിക്കാം. ഒരു ചപ്പാത്തി തവയില്‍ വെച്ച്, അതിന് മുകളില്‍ ഒരു ലെയര്‍ ചീസ്, കാപ്‌സിക്കം, സവാള തുടങ്ങിയ പച്ചക്കറികള്‍ എന്നിവ വെച്ച് മറ്റൊരു ചപ്പാത്തി കൊണ്ട് മൂടുക. ഇരുവശവും ഗോള്‍ഡന്‍ നിറമാവുകയും ചീസ് ഉരുകുകയും ചെയ്യുന്നതുവരെ പാകം ചെയ്യുക. ത്രികോണാകൃതിയില്‍ മുറിച്ച് പാക്ക് ചെയ്യാം.
റോട്ടി പിസ്സ പോക്കറ്റുകള്‍
ഒരു ചപ്പാത്തിയെടുത്ത്, അതില്‍ പിസ്സ സോസോ കെച്ചപ്പോ പുരട്ടി, ചീസ് വിതറി, അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ത്ത് അര്‍ധചന്ദ്രാകൃതിയില്‍ മടക്കുക. അരികുകള്‍ അല്പം മൈദ പേസ്റ്റ് ഉപയോഗിച്ച് ഒട്ടിച്ച്, ഒരു പാനില്‍ വെച്ച് മൊരിച്ചെടുക്കുക. ഇവ ടിഫിന്‍ ബോക്‌സില്‍ ക്രിസ്പിയായിരിക്കും, ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിന്റെ കുറ്റബോധമില്ലാതെ കുട്ടികള്‍ക്ക് പിസ്സയുടെ അനുഭവം നല്‍കുകയും ചെയ്യും.
ബാക്കിയുള്ള ചപ്പാത്തി എങ്ങനെ ശരിയായി സൂക്ഷിക്കാം
തലേദിവസത്തെ ചപ്പാത്തി ഉപയോഗിക്കാന്‍ മടിയുണ്ടെങ്കില്‍ അവ ഫ്രഷ് ആയി സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍;
1. ചപ്പാത്തി സൂക്ഷിക്കുന്നതിന് മുമ്പ് എപ്പോഴും പൂര്‍ണമായും തണുക്കാന്‍ അനുവദിക്കുക, കാരണം ചൂടുള്ള ചപ്പാത്തി പെട്ടെന്ന് കുഴഞ്ഞുപോകും.
2. ഒട്ടിപ്പിടിക്കാതിരിക്കാന്‍ അവയ്ക്കിടയില്‍ ഒരു നാപ്കിനോ പേപ്പറോ വെച്ച് അടുക്കി വെക്കുക.
3. മൃദുവായിരിക്കാന്‍ രാത്രിയില്‍ വായു കടക്കാത്ത പാത്രത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
4. രാവിലെ വീണ്ടും ചൂടാക്കുക.
സൂക്ഷിക്കുമ്പോഴും വീണ്ടും ചൂടാക്കുമ്പോഴും ഒഴിവാക്കേണ്ട കാര്യങ്ങള്‍
1. ഫ്രിഡ്ജില്‍ നിന്നെടുത്ത് ചപ്പാത്തി ചൂടാക്കാതെ ലഞ്ച് ബോക്‌സില്‍ പാക്ക് ചെയ്യരുത്.
2. നേരിട്ട് മൈക്രോവേവ് ചെയ്യുന്നത് ഒഴിവാക്കുക, കാരണം ഇത് ചപ്പാത്തിയെ വരണ്ടതും പൊടിഞ്ഞുപോകുന്നതുമാക്കും.
3. ചൂടുള്ള ചപ്പാത്തി ഒരിക്കലും ഫോയിലില്‍ പൊതിയരുത്, കാരണം ഉള്ളില്‍ തങ്ങുന്ന നീരാവി അവയെ കുഴഞ്ഞതാക്കും.
4. കൂടുതല്‍ കാലം സൂക്ഷിച്ചാല്‍ ചപ്പാത്തിയുടെ രുചിയും പോഷകവും നഷ്ടപ്പെടുമെന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കരുത്.
Content Highlights: Leftover Chapati Recipes: Tiffin & Lunch Ideas