രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

മഴനിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് തണുപ്പുകാലത്തിലേക്കുള്ള ചുവട് വെപ്പിലാണ് നമ്മുടെ നാട്. കാലാവസ്ഥയിലുള്ള ഈ മാറ്റം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലും പ്രകടമായ മാറ്റം വരുത്തും. കോവിഡ് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍, ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള വഴികള്‍ പരിചയപ്പെടാം.

ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇറച്ചി, മുട്ട, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. പയറുവര്‍ഗങ്ങളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കുന്നതും കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്താന്‍ സഹായിക്കും.

വിറ്റാമിന്‍ സി ഏറെ അനിവാര്യം

വിറ്റാമിന്‍സി എന്ന ആന്റിഓക്‌സിഡന്റ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ്. കോവിഡിനെത്തുടര്‍ന്നുള്ള അണുബാധയില്‍ നിന്നുള്‍പ്പടെ സംരക്ഷണം നല്‍കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി എന്നിവയിലും ഇഞ്ചി, മഞ്ഞള്‍ എന്നിവയിലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

വേണം ഒമേഗ 3 ഫാറ്റി ആസിഡും

കടല്‍ മത്സ്യങ്ങള്‍, മീന്‍ എണ്ണ, നട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രകൃതിദത്ത സ്രോതസ്സുകളാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യപൂര്‍ണമായ സംരക്ഷണത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ സഹായിക്കുന്നു. മുട്ട, സസ്യ എണ്ണകള്‍ എന്നിവയിലും ഇവ കൂടുതലായി അടങ്ങിയിട്ടുണ്ട്.


 

Content Highlights: healthy eating, healthy food, immunity boosting through food, food