ചിരട്ടയില്‍ നിന്ന് തേങ്ങ എളുപ്പത്തില്‍ വേര്‍പ്പെടുത്താം; ടിപ്‌സുമായി ഷെഫ് വികാസ് ഖന്ന

കേരളീയ വിഭവങ്ങളിലെ നിറസാന്നിധ്യമാണ് തേങ്ങ. തേങ്ങ അരച്ചും വറുത്തും തേങ്ങാക്കൊത്ത് ചേര്‍ത്തുമെല്ലാം നമ്മള്‍ കറികളും പലഹാരങ്ങളും മറ്റും തയ്യാറാക്കുന്നു.
പാവയ്ക്കാ തീയലിനും ഇറച്ചിക്കറിയ്ക്കുമെല്ലാം തേങ്ങാക്കൊത്ത് സ്‌പെഷ്യല്‍ ചേരുവയാണ്. ഉണ്ണിയപ്പം, കല്‍ത്തപ്പം, പായസം തുടങ്ങിയവയിലും തേങ്ങാക്കൊത്ത് ചേര്‍ക്കാറുണ്ട്. എന്നാല്‍, ചിരട്ടയില്‍ നിന്ന് തേങ്ങ വേര്‍പ്പെടുത്തിയെടുക്കുന്നത് അല്‍പം ശ്രമകരമായ ജോലിയാണ്. ഇതിനൊരു എളുപ്പവഴി പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സെലബ്രിറ്റി ഷെഫായ വികാസ് ഖന്ന.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ സൂത്രവിദ്യ പരിചയപ്പെടുത്തുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ കൊല്‍ഹപുരിലെ ആളുകള്‍ കാലങ്ങളായി പിന്തുടരുന്ന വിദ്യയാണിതെന്നും വികാസ് ഖന്ന പറഞ്ഞു. തേങ്ങയുടെ ഘടന അനുസരിച്ചായിരിക്കും ഈ എളുപ്പവഴി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- തേങ്ങ രണ്ട് കഷ്ണങ്ങളായി ഉടച്ചെടുക്കുക.
- ഗ്യാസ് അടുപ്പ് കത്തിച്ച് ചിരട്ട തീയുടെ മുകളില്‍ വരുന്ന വിധം വയ്ക്കുക.
- ചിരട്ട ഏകദേശം കറുപ്പുനിറം വരുന്നത് വരെ ഇങ്ങനെ ചൂടാക്കണം. ശേഷം തീ ഓഫ് ചെയ്യാം.
- ഈ തേങ്ങ തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുക.
- 15 മിനിറ്റിന് ശേഷം തേങ്ങ ചിരട്ടയില്‍ നിന്ന് നിഷ്പ്രയാസം ഇളക്കി മാറ്റാം.
Content Highlights: chef vikas khanna, easy method to crack open coconut, food, instavideo