139 കൊല്ലം മുന്‍പ് തലശ്ശേരിയില്‍ പിറന്ന ഇന്ത്യയിലെ ആദ്യകേക്ക്; മമ്പള്ളി ബാപ്പു പാന്‍ ഇന്ത്യനായ കഥ

മയപ്പെടുത്തി പാകമാക്കിയ മാവില്‍ പിറക്കുന്ന മധുര രുചിയുടെ വിസ്മയം. കാഴ്ചയിലും കേമന്‍.. കേക്ക് ഇല്ലാത്തൊരു ആഘോഷം ആലോചനയിലേ ഇല്ല. എന്നാല്‍ ഈ കേക്കിന്റെ പിന്നിലെ കഥകളെ കുറിച്ചറിയാമോ? യൂറോപ്യന്മാരുടെ ലഘുഭക്ഷണത്തില്‍ നിന്നും കേക്കിലേക്കുള്ള ദൂരത്തെക്കുറിച്ചറിയാമോ?
139 വയസ്സുണ്ട് കേരളത്തിലെ ആദ്യത്തെ കേക്കിന്റെ ചരിത്രത്തിന്. ഒരു ഡിസംബറും ക്രിസ്മസും കൂടി പിന്നിടുമ്പോള്‍ വടക്കന്‍ മലബാറിലെ തലശ്ശേരിയില്‍ രൂപം കൊണ്ട കേരളത്തിലെ ആദ്യത്തെ കേക്കും അതിന്റെ വാര്‍ഷികം ആഘോഷിക്കുകയാണ്. 1883 ഡിസംബര്‍ 23നാണ് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു ആദ്യ കേക്കുണ്ടാക്കിക്കൊടുത്തത്. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ കേക്ക് ആയി അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.
തലശ്ശേരിയിലെ റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയിലാണ് മമ്പള്ളി ബാപ്പുവിന്റെ കരവിരുതില്‍ ആദ്യ കേക്ക് ജനിച്ചത്. ബര്‍മയിലായിരുന്ന ബാപ്പു ബിസ്‌ക്കറ്റും ബ്രെഡ്ഡുമെല്ലാം ഉണ്ടാക്കാന്‍ പഠിച്ചാണ് തലശ്ശേരിയില്‍ സ്വന്തം ഫാക്ടറി തുടങ്ങിയത്. ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരും നിയമജ്ഞരുമെല്ലാം വിദേശ പ്ലാന്റര്‍മാരെല്ലാം താമസിക്കുന്ന പ്രദേശം കൂടിയായ തലശ്ശേരി അന്ന് മദ്രാസിന്റെ ഭാഗമായിരുന്നു. തലശ്ശേരി പട്ടണത്തിലെ പ്രസിദ്ധമായ സ്ഥാപനമായിരുന്നു ബാപ്പുവിന്റെ റോയല്‍ ബിസ്ക്കറ്റ് ഫാക്ടറി. തനതുരുചിയില്‍ വൈവിധ്യങ്ങളായ ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ബാപ്പുവിന്റെ പെരുമ അങ്ങനെ സായിപ്പുമാരുടെ ചെവിയിലുമെത്തി. അങ്ങനെയിരിക്കെയാണ് തലശ്ശേരിക്ക് സമീപം അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടത്തിന്റെ ഉടമയായ ഫ്രാന്‍സിസ് കര്‍ണാക്ക് ബ്രൗണ്‍ എന്ന സായിപ്പ് ക്രിസ്മസിന് വേണ്ടി ഒരു കേക്ക് നിര്‍മിച്ചുനല്‍കണമെന്ന ആവശ്യവുമായി ബാപ്പുവിനെ സമീപിക്കുന്നത്. ഒരു സാംപിള്‍ കേക്കും ബാപ്പുവിന് നല്‍കി. അതേരുചിയിലും ഗുണത്തിലും കേക്ക് നിര്‍മിച്ചുനല്‍കാനായിരുന്നു ബ്രൗണിന്റെ ആവശ്യം. കേക്ക് നിര്‍മിക്കുന്നതിനുള്ള ചേരുവകളും രീതിയും ബ്രൗണ്‍ പറഞ്ഞുകൊടുത്തു. കര്‍ണാക്ക് ബ്രൗണിന്റെ ആവശ്യം നിരസിക്കാന്‍ വയ്യാതെ ബാപ്പു ധര്‍മടത്തെ ഒരു കൊല്ലനെക്കൊണ്ട് കേക്ക് ഉണ്ടാക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു അച്ചുണ്ടാക്കിച്ചു. ചേരുവകളും രീതിയും മാറ്റിമാറ്റി പരീക്ഷിച്ച് ദിവസങ്ങളോളം പരിശീലിച്ചു. പത്ത് ദിവസത്തിന് ശേഷം, ഡിസംബര്‍ 23ന് വീണ്ടും ബാപ്പുവിനെ കാണാനായി ഫാക്ടറിയിലെത്തിയ ബ്രൗണ്‍ സായിപ്പിന് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ, എന്നാല്‍ സായിപ്പ് കൊടുത്ത കേക്കില്‍ നിന്ന രുചിയിലും മണത്തിലും യാതൊരു വ്യത്യാസവുമില്ലാത്തൊരു കേക്ക് ആണ് ബാപ്പു സമ്മാനിച്ചത്. കേക്ക് രുചിച്ചുനോക്കിയ സായിപ്പിന് ബാപ്പുവിന്റെ കൈപ്പുണ്യം നല്ലപോലെ പിടിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ സായിപ്പ് എക്‌സലന്റ് എന്നാണ് കേക്ക് കഴിച്ചതിന് ശേഷം പ്രതികരിച്ചത്. അതായിരുന്നു ആ ചരിത്രനിമിഷം. ബ്രൗണ്‍ സായിപ്പ് നല്‍കിയ കേക്ക് രുചിച്ചും മണത്തും നോക്കി കൂട്ടുകള്‍ മനസ്സിലാക്കിയാണ് ബാപ്പു കേക്കുണ്ടാക്കിയത് എന്ന കഥകളും കേക്ക് ചരിത്രത്തിന് പിന്നിലുണ്ട്. അതായിരുന്നു ഇന്ത്യയിലെ തന്നെ ആദ്യത്തെ കേക്കിന്റെ പിറവിക്ക് പിന്നിലെ കഥ.
1880ലാണ് റോയല്‍ ബിസ്‌കറ്റ് ഫാക്ടറി സ്ഥാപിച്ചത്. മമ്പള്ളി ബാപ്പുവിന്റെ റോയല്‍ ബിസ്ക്കറ്റ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ച 1880കളില്‍ വെല്ലസ്ലി പ്രഭു, ടിഎച്ച് ബാബര്‍ തുടങ്ങിയ പ്രമുഖ വിദേശികളും തലശ്ശേരിയിലുണ്ടായിരുന്നു. ഇവരുടെ കുശിനിക്കാരാകാനുള്ള അവസരം ലഭിച്ചിരുന്നത് പ്രദേശവാസികളായ പാചകക്കാര്‍ക്കായിരുന്നു. അങ്ങനെയാണ് വിദേശികളുടെ പല ഭക്ഷണങ്ങളും പലഹാരങ്ങളും ബാപ്പു പഠിച്ചെടുത്തത്. അതേപോലുള്ള പലഹാരങ്ങളും ഭക്ഷണങ്ങളും ബാപ്പു തലശ്ശേരിയിലെ ബേക്കറിയിലും പാകം ചെയ്ത് വില്‍പന നടത്തി. അപ്പക്കൂടു കെട്ടി ചിരട്ട കത്തിച്ചായിരുന്നു അന്നൊക്കെ കേക്കുകള്‍ നിര്‍മിച്ചിരുന്നത്. ഉണ്ടാക്കുന്ന അപ്പങ്ങളും പലഹാരങ്ങളും നാടുതോറും നടന്ന് വില്‍പന നടത്തി. സായിപ്പുമാരുടെ അടുക്കളകളില്‍ നിന്ന് ലഭിച്ച വ്യത്യസ്ത രുചികളും സ്വന്തം ബേക്കറിയില്‍ പരീക്ഷിച്ചു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം മലബാറില്‍ കിട്ടുമെന്ന് അറിഞ്ഞതോടെ വൈകുന്നേരങ്ങളില്‍ റൊട്ടിയും ബിസ്‌കറ്റും വാങ്ങാന്‍ ബാപ്പുവിന്റെ അപ്പക്കൂട്ടിനുമുന്നില്‍ വിദേശികളുടെ നീണ്ട നിരയായിരുന്നു. മലബാറിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധിപേര്‍ ബേക്കറി സാധനങ്ങള്‍ക്കായി തലശ്ശേരിയില്‍ എത്തിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധ കാലത്ത് പട്ടാളക്കാര്‍ക്കുവേണ്ടി ധാരാളം ബിസ്‌കറ്റ് മമ്പള്ളി വിദേശത്തേക്ക് കയറ്റിയയച്ച ചരിത്രവും മമ്പള്ളി കുടുംബത്തിനുണ്ട്.
വിദേശികളുടെ അടുക്കളകളില്‍ നിന്ന് രുചിക്കൂട്ടുകള്‍ പഠിച്ചെടുത്തെങ്കിലും അവ പാകം ചെയ്യാനുള്ള പാത്രങ്ങളോ ഉപകരണങ്ങളോ ബാപ്പുവിന്റെ പക്കലുണ്ടായില്ല. അതുകൊണ്ട് പലഹാരങ്ങള്‍ പാകം ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള പാത്രങ്ങള്‍ പലതും കൊല്ലപ്പണിക്കാരെ കൊണ്ട് ഉണ്ടാക്കിയെടുപ്പിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള കുടുക്ക യന്ത്രം നിര്‍മിച്ചാണ് ബാപ്പു ബിസ്‌ക്കറ്റ് ഉണ്ടാക്കിയത്. അപ്പം നിര്‍മിക്കാനുള്ള മാവ് പുളിക്കാന്‍ തെങ്ങിന്‍കള്ള് ഉപയോഗിച്ചിരുന്ന ബാപ്പുവിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് വിദേശത്ത് നിന്ന് യീസ്റ്റ് എത്തിച്ചുകൊടുത്തത്. കേക്കിനുള്‍പ്പെടെ ഉപയോഗിക്കുന്ന പഴങ്ങള്‍ വിദേശത്ത് നിന്നെത്തിക്കുന്ന മദ്യത്തിലോ വീഞ്ഞിലോ കുതിര്‍ക്കുന്നതിന് പകരം നാട്ടില്‍ ഉണ്ടാക്കിയാലോ എന്ന ആലോചനയില്‍ നിന്നാണ് പിന്നീട് കദളിപ്പഴത്തില്‍ നിന്നും പറങ്കിമാങ്ങയില്‍ നിന്നുമെല്ലാം സത്ത് ഊറ്റിയെടുത്ത് പ്രത്യേകതരം പാനീയമുണ്ടാക്കുന്നിടത്തേക്കും ബാപ്പുവിനെ എത്തിച്ചത്.
കേരളത്തിന്റെ ബേക്കറി വ്യവസായത്തിന്റെ കൂടി തുടക്കമായിരുന്നു ആ കാലം. തലശ്ശേരിയില്‍ പിറന്ന് കേക്ക് മലബാറിലേക്കും തിരുവിതാംകൂറിലേക്കും തുടങ്ങി നാടെങ്ങും വ്യാപിച്ചു. തലശ്ശേരി കേരളത്തിലെ കേക്ക് സാമ്രാജ്യത്തിന്റെ തലസ്ഥാനമായി. കേരളത്തിലെ ബേക്കറി രംഗത്തിന്റെ കുലപതി മമ്പള്ളി ബാപ്പുവാണെങ്കില്‍ കാരണവര്‍ അദ്ദേഹത്തിന്റെ അനന്തരവനായ ഗോപാലനാണെന്ന് പറയാം. അദ്ദേഹമാണ് കേരളത്തിലെങ്ങും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങി ബേക്കറി രുചി വ്യാപിപ്പിച്ചത്. അനന്തരവന്‍ ഗോപാലന്റെ കീഴില്‍ ബേക്കറി ബിസിനസ് കുതിച്ചുവളരുകയായിരുന്നു. ഗോപാലന്റെ മക്കള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ബേക്കറികള്‍ കെട്ടിയുയര്‍ത്തി തലശ്ശേരി പലഹാരങ്ങളുടേയും കേക്കിന്റേയും പെരുമ നാടെങ്ങുമെത്തിച്ചു. തിരുവനന്തപുരത്തും കോട്ടയത്തും തിരുവല്ലയിലും എറണാകുളത്തും തുടങ്ങി നാടൊട്ടാക്കെ ബേക്കറികള്‍ രുചി പടര്‍ത്തി.
ഗോപാലന്‍-കുഞ്ഞിമ്മാത ദമ്പതികളുടെ പതിനൊന്ന് മക്കളും പില്‍ക്കാലത്ത് കേരളത്തിലെ ബേക്കറി രംഗത്ത് സജീവമായി തുടര്‍ന്നവരാണ്. മമ്പള്ളി ബേക്കറി, കൊച്ചിന്‍ ബേക്കറി, ശാന്ത ബേക്കറി, ബെസ്റ്റ് ബേക്കറി, ഷെല്‍ട്ടണ്‍ ബേക്കറി, ബ്രൗണീസ് എന്നൊക്കെ പല പേരുകളിലാണ് മമ്പള്ളിയിലെ രുചികള്‍ കേരളത്തിലങ്ങോളം പടര്‍ന്നത്. കേക്കും പലഹാരങ്ങളും മാത്രമല്ല, ക്രിക്കറ്റും ഹാന്‍ഡ്‌ബോളുമെല്ലാം കേരളത്തില്‍ പ്രചരിപ്പിച്ചതും മമ്പള്ളിക്കാരാണെന്നും ചരിത്രത്തോട് ചേര്‍ന്നിരിക്കുന്ന വസ്തുതയാണ്.
കേക്കിന്റെ ലോകചരിത്രം
ഏത് ആഘോഷങ്ങളേയും മധുരതരമാക്കുന്ന കേക്ക് എന്ന പലഹാരത്തിന്റെ ഉത്ഭവം സംബന്ധിച്ച് കൃത്യമായ ചരിത്രരേഖകളൊന്നുമില്ല. പക്ഷെ നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് രേഖകളുണ്ട്. യൂറോപ്യന്മാരുടെ ലഘുഭക്ഷണമാണ് പിന്നീട് നിരവധി മാറ്റങ്ങളോടെ കേക്കായി പരിണമിച്ചത് എന്നാണ് കരുതുന്നത്. ബ്രഡ് പോലുള്ള വസ്തുവില്‍ തേനും ഉണക്കുമുന്തിരിയും കശുവണ്ടിപ്പരിപ്പും ചേര്‍ന്ന് തയ്യാറാക്കുന്നതായിരുന്നു ആദ്യകാലത്തെ കേക്ക്. അന്നത്തെ കേക്കുകള്‍ രൂപത്തിലും രുചിയിലുമെല്ലാം ഏറെ വ്യത്യസ്തമാണ്. ബേക്ക് ചെയ്ത കേക്ക് ആദ്യമായിട്ടുണ്ടാക്കിയത് ഈജിപ്തിലാണെന്നും വിശ്വസിക്കപ്പെടുന്നു.ഗോതമ്പ് മൊരിച്ചാണ് അത്തരം കേക്ക് ഉണ്ടാക്കിയിരുന്നത്. ഐസിങ് ഉള്ള വട്ടത്തിലുള്ള കേക്ക് 17ആം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്.
ഓട്‌സില്‍ നിന്ന് ക്രിസ്മസ് കേക്ക് പിറന്നപ്പോള്‍
പ്ലം കേക്കില്ലാത്ത ക്രിസ്മസ് കാലമില്ല. യൂറോപ്യന്മാരുടേത് തന്നെയാണ് ക്രിസ്മസ് കേക്കിന്റെ പാരമ്പര്യവും. പ്ലം പോറിഡ്ജ് എന്ന ഭക്ഷണസാധനമാണ് പിന്നീട് ക്രിസ്മസിന്റെ പ്രധാന വിഭവമായ കേക്കായി രൂപാന്തരം പ്രാപിച്ചത്. ഓട്‌സ് കൊണ്ടുണ്ടാക്കുന്ന കുറുക്കില്‍ മുന്തിരിയും മറ്റ് ഉണക്കപ്പഴങ്ങളും ചേര്‍ത്താണ് പ്ലം പോറിഡ്ജ് ഉണ്ടാക്കിയിരുന്നത്. പിന്നീട് ഓട്‌സിന് പകരം ബട്ടറും ഗോതമ്പും മുട്ടയും ചേര്‍ത്ത് ബേക്ക് ചെയ്‌തെടുത്ത് പ്ലം കേക്ക് ആക്കി. പിന്നീട് ഇതിലേക്ക് ഉണങ്ങിയ പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തു പരിഷ്‌കരിക്കപ്പെട്ടു.
കേക്ക് വെറും കേക്കല്ല.. കാലം മാറിയപ്പോള്‍ കേക്കിന്റെ രൂപവും ഭാവവും മാറി. മമ്പള്ളി കുടുംബം കേരളത്തിലെ ബേക്കറി മേഖലയിലെ നിത്യസാന്നിധ്യമായി തുടരുകയാണ്. നാല് തലമുറ പിന്നിട്ട പ്രതാപമാണ് ഈ മേഖലയില്‍ ഇവര്‍ക്കുള്ളത്. മമ്പള്ളി ബാപ്പു തുടങ്ങിവെച്ച പാരമ്പര്യം തലമുറകളായി കൈമാറി അവര്‍ കാത്തുസൂക്ഷിക്കുകയാണ്, അതേ മധുരത്തോടെ..
Content Highlights: History of kerala's first ever cake made by mambally bappy thalaserry