നേര്‍ത്ത കഞ്ഞി വിശപ്പും ദാഹവും തളര്‍ച്ചയും ഇല്ലാതാക്കും ; കഞ്ഞിക്കാര്യം ചെറുതല്ല

റംസാന്‍കാലത്ത് എണ്ണക്കടികള്‍ക്കുപകരം ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണംചെയ്ത ഒരു മഹല്ല് ജമാഅത്ത് കമ്മിറ്റിയെക്കുറിച്ച് അടുത്തിടെ വായിച്ചു. ഇത് സുപ്രധാനമായ ഒരു സന്ദേശം സമൂഹത്തിനു നല്‍കുന്നു .ആരോഗ്യസംരക്ഷണം ഒരു ആത്മീയചര്യയാണ്. വ്രതാനുഷ്ഠാനം പോലെ, ആഹാരക്രമീകരണവും പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളുക. ഇത് ആരോഗ്യ സാക്ഷാത്കാരത്തിലേക്കുള്ള പാതയാകുന്നു. ആരോഗ്യജീവിതം സ്രഷ്ടാവിന്റെ ഏറ്റവും വലിയ ദാനമാകുന്നു. മേല്‍സൂചിപ്പിച്ച മഹല്ല് കമ്മിറ്റി കഞ്ഞിയുടെ, പ്രത്യേകിച്ച് ഔഷധക്കഞ്ഞിയുടെ സമകാലിക പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി ധരിച്ചിട്ടുണ്ടാവണം.
ഇക്കാര്യത്തിലുള്ള വൈദ്യഭാഷ്യം ഇങ്ങനെ:ആയുര്‍വേദം ആഹാരത്തെ മഹാഭൈഷജ്യമായാണ് കരുതുന്നത്. ഭൈഷജ്യം എന്നാല്‍ മരുന്ന്. ഭയത്തെ ജയിക്കുന്നത് എന്നാണ് ഈ വാക്കിനര്‍ത്ഥം. ഭയമുണ്ടാക്കുന്ന രോഗാവസ്ഥകളെ ഇല്ലാതാക്കുന്നത്.
രോഗംകൊണ്ടോ വ്രതാനുഷ്ഠാനം കൊണ്ടോ ജൈവാഗ്‌നി ഏറ്റവും ബലഹീനമായ അവസ്ഥയില്‍ അതിനെ കെടാതെ ഊതിയൂതി പൊലിപ്പിച്ച് ക്രമത്തില്‍ സുദീപ്തമായ അവസ്ഥയില്‍ എത്തിക്കാന്‍ ആയുര്‍വേദം ശുപാര്‍ശചെയ്യുന്ന ചില ആഹാര രീതികള്‍ ഉണ്ട്. പേയാദിക്രമം എന്നാണ് ഇതിന്റെ പേര്. പേയ എന്നാല്‍ കഞ്ഞിയാണ്. കഞ്ഞിയില്‍നിന്ന് തുടങ്ങുക എന്നര്‍ത്ഥം. കഞ്ഞിവെള്ളം, കഞ്ഞി, വറ്റ് അധികമുള്ള കഞ്ഞി, ചോറ് എന്നീ ക്രമത്തില്‍ ആഹാരത്തെ തരംതിരിച്ചിട്ടുട്ടുണ്ട്. ജൈവശരീരത്തിന്റെ ദഹന ആഗിരണ ശക്തിയാണ് ഈ തരംതിരിക്കലിന്റെ മാനദണ്ഡം.
ഏറ്റവും ലഘുവായ കഞ്ഞിത്തെളിയില്‍നിന്നു തുടങ്ങി രോഗിയുടെ ദഹനശക്തിക്കനുസരിച്ച് ക്രമേണ ആഹാരം വര്‍ധിപ്പിച്ചുകൊടുക്കുന്നു. കഞ്ഞിത്തെളി, നേര്‍ത്തകഞ്ഞി, കൊഴുത്ത കഞ്ഞി, ചോറ് എന്നിവയെ ആയുര്‍വേദം യഥാക്രമം മണ്ഡം, പേയ, വിലേപി, ഓദനം എന്നീ പേരുകളില്‍ വിവരിക്കുന്നു. കഞ്ഞിത്തെളിയാണ് ഏറ്റവും ലഘുത്വമുള്ള ആഹാരം. അഗ്‌നി ഏറ്റവും മ്ലാനമായ അവസ്ഥയില്‍ സേവിക്കേണ്ടത് കഞ്ഞിത്തെളിയാണ്. അത് അഗ്‌നി ദീപ്തമാക്കുകയും ആമാശയം, കുടല്‍ എന്നീ ഭാഗങ്ങളുടെ ചലനം വേണ്ട രീതിയിലാക്കുകയും ചെയ്യും.
പനിയോ അജീര്‍ണമോ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പുറന്തള്ളാന്‍ കഞ്ഞിത്തെളി പ്രയോജനപ്പെടുന്നു. ഇത് സ്വേദഗ്രന്ഥികളെ ഉത്തേജിപ്പിക്കും. നേര്‍ത്ത കഞ്ഞി (പേയ-മോന്തിക്കുടിക്കാവുന്ന അവസ്ഥയിലുള്ള കഞ്ഞി) വിശപ്പും ദാഹവും തളര്‍ച്ചയും ഇല്ലാതാക്കും. ഉദരരോഗങ്ങള്‍ ഉള്ളപ്പോള്‍ പഥ്യമായ ആഹാരമാണ് കഞ്ഞി.
കൊഴുത്ത കഞ്ഞി (വിലേപി-വറ്റധികവും വെള്ളം കുറഞ്ഞതും ആയ കഞ്ഞി)യുടെ ഗുണം വ്യത്യസ്തമാണ്. ഇതു കുടിച്ചാല്‍ അയഞ്ഞോ അതിസരിച്ചോ പോകുന്ന മലം ഉറയ്ക്കുന്നു. മലത്തിന് സ്വാഭാവികത വരുന്നു. നേത്രരോഗം ഉള്ളവര്‍ക്ക് ഉത്തമമായ ഒരു ആഹാരമാണ് കൊഴുത്ത കഞ്ഞി.ആമാശയം, കുടല്‍ മുതലായ ശരീരാന്തര്‍ഭാഗങ്ങളിലോ തൊലിയിലോ വ്രണമുള്ളവര്‍ വിലേപിയാണ് കഴിക്കേണ്ടത്. ഹൃദ്രോഗമുള്ളവര്‍ക്കും പഥ്യാഹാരമാണ് വിലേപി.
കഞ്ഞിയെ ഔഷധീകരിക്കുന്ന രീതികള്‍ ഉണ്ട്. ഉദാഹരണം പനിയുടെ ചികിത്സ ഭക്ഷണം കഴിക്കാവുന്ന അവസ്ഥയിലായാല്‍ ചുക്കും കൊത്തമല്ലിയും തിപ്പലിയും ഇന്തുപ്പും ചേര്‍ത്തു തയ്യാറാക്കിയ മലര്‍കഞ്ഞി കൊടുക്കാനാണ് ആദ്യവിധി. ഇവിടെ രോഗിയുടെ ഇഷ്ടവും കണക്കിലെടുക്കണം.
പുളിരസം ഇഷ്ടപ്പെടുന്ന രോഗിക്ക് ഉറുമാമ്പഴത്തോടുചേര്‍ത്ത് സംസ്‌കരിച്ച കഞ്ഞി, വയറിളകുന്ന രോഗിക്ക് ചുക്ക് ചതച്ചിട്ട് ചേര്‍ത്ത് സംസ്‌കരിച്ച കഞ്ഞി (തണുത്തശേഷം തേന്‍ ചേര്‍ത്തിയത്), യൂറിനറി ഇന്‍ഫെക്ഷന്‍ ഉള്ള രോഗിക്ക് കണ്ടകാരിയും ഞെരിഞ്ഞിലും ചേര്‍ത്ത് സംസ്‌കരിച്ച കഞ്ഞി എന്നിങ്ങനെ പോകുന്നു ശുപാര്‍ശകള്‍. വൈദ്യനാണ് രോഗാവസ്ഥയ്ക്കനുസരിച്ച ആഹാരവും ഔഷധവും നിശ്ചയിക്കുക. എല്ലാ ഋതുക്കളിലും ആരോഗ്യപരിപാലനത്തിന് മരുന്നായും ആഹാരമായും ഉപയോഗിക്കാവുന്ന ഒന്നാണ് ഔഷധക്കഞ്ഞി.
( ലേഖകന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമാണ്)
Content Highlights: healthy food kanji for summer season