ചണവിത്തും ചിയാവിത്തുമല്ലിത് ; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞന്‍ വിത്ത് കഴിക്കാം

വിത്തുകള്‍ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പലരീതിയില്‍ ഗുണം ചെയ്യും. ഡയറ്റില്‍ പതിവായി ചിയാവിത്തും ചണവിത്തുമെല്ലാം ഉപയോഗിക്കുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇനി ആശാളിവിത്തിന്റേയും ഗുണമറിഞ്ഞിരിക്കാം.
കാഴ്ചയില്‍ ചണവിത്തുമായി ആശാളിയ്ക്ക് സാമ്യമുണ്ട്. കര്‍ക്കിടക കഞ്ഞിയിലും ഔഷധചേരുവകളിലും വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണിത്. ഇരുമ്പിന്റെ നല്ലൊരു സ്രോതസാണിത്. കൂടാതെ മഗ്നീഷ്യവും പ്രോട്ടീനുമെല്ലാം ഇതിലുണ്ട്. ചിയാവിത്തും ചണവിത്തും പോലെതന്നെ കുതിര്‍ത്ത് കഴിക്കുന്നതും വളരേയെറെ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഡയറ്റില്‍ ആശാളിയുള്‍പ്പെടുത്തുന്നത് വലിയരീതിയില്‍ ഉപകരിക്കും. ഇതിലുള്ള പ്രോട്ടീന്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ നല്ലതാണ്. ഭക്ഷണം അധികം കഴിക്കാനുള്ള തോന്നലിനേയും ഇത് ചെറുക്കും.ഇതില്‍ കൂടിയ അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
അതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്.തലയില്‍ പുതിയ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതിന് കഴിവുണ്ട്.ആന്റി ഓക്‌സിഡന്റുകളുടെയും ഫോളിക് ആസിഡിന്റെയും വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും മികച്ചൊരു സ്രോതസാണ്. അതിനാല്‍ ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അസുഖങ്ങളില്‍ നിന്നും രക്ഷ നല്‍കും. ക്രമം തെറ്റിയുള്ള ആര്‍ത്തവ പ്രശ്‌നമുള്ളവര്‍ക്കും അശാളി കഴിക്കുന്നത് നല്ലതാണ്.
ഇരുമ്പിന്റെ അഭാവമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് കുതിര്‍ത്ത ആശാളി കഴിക്കുന്നത് നല്ലതാണ്.ഒന്നര ടേബിള്‍ സ്പൂണ്‍ ആശാളി ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് ഒരു മണിക്കൂര്‍ നേരം അടച്ചു വയ്ക്കാം.ഇതിലേയ്ക്ക് പകുതി നാരങ്ങാനീര് പിഴിഞ്ഞു ചേര്‍ക്കാം. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.
ഒരു സ്പൂണ്‍ ആശാളി വിത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി കുതിര്‍ത്തു വച്ചതിനു ശേഷം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.കൂടാതെ സ്മൂത്തികളിലും സൂപ്പുകളിലും സാലഡുകളിലും ആശാളി വിത്ത് പൊടിച്ചത് ചേര്‍ക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: health benefits of garden cress