തടി കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും വഴുതനങ്ങ; അറിഞ്ഞിരിക്കാം ഇതിന്റെ ഗുണങ്ങള്‍

അടുക്കളത്തോട്ടത്തില്‍ സുലഭമായി വളരുന്നതും വീടുകളില്‍ സാധാരണയായി കാണുന്നതുമായ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എല്ലായ്‌പ്പോഴും കായ് തരുന്ന ഒരു പച്ചക്കറി കൂടിയായതിനാല്‍ പതിവായി ഇത് അടുക്കളയില്‍ കാണാം. എങ്കില്‍തന്നെയും വഴുതനങ്ങ എല്ലാവര്‍ക്കും അത്ര പ്രിയമേറിയ പച്ചക്കറിയൊന്നുമല്ല എന്നതാണ് സത്യം. എന്നാല്‍ വഴുതനങ്ങയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്.
പോഷകങ്ങളുടെ കലവറയായ ഇതില്‍ ഫ്‌ലേവനോയ്ഡുകള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന്റെ ആരോഗ്യത്തിന് എല്ലാത്തരത്തിലും ഇത് ഗുണം ചെയ്യും.
തടി കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും നമ്മള്‍ ഡയറ്റില്‍ പരീക്ഷിക്കാറുണ്ട്. അതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ചൊരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാല്‍ സമ്പന്നമാണെന്നതുമാണ് വഴുതനങ്ങയുടെ പ്രധാന ഗുണങ്ങള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന 'ഫൈറ്റോന്യൂട്രിയന്റ്സ്' ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കുട്ടികള്‍ക്ക് വഴുതനങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ നല്‍കുന്നത് നല്ലതാണ്.
ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റില്‍ വഴുതനങ്ങ ഉള്‍പ്പെടുന്നത് മൂലം എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയും. കാര്‍ബോഹൈഡ്രേറ്റ് കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ്. ഇവ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായികരമാണ്.
ഹൃദയത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും വഴുതനങ്ങ സഹായിക്കും. ഇവയിലുള്ള പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവയാണ് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നത്. വഴുതനങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കി മാറ്റും. പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായികരമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇവ കഴിക്കുന്നത് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: brinjal, health benefits,heart disease,weight loss,diabetes, antioxidants,food