പശുവിൻ പാലിനേക്കാൾ നല്ലതാണോ ആട്ടിൻപാൽ ? അറിഞ്ഞിരിക്കാം

ആട്ടിൻപാലിന് പശുവിൻപാലിനെക്കാൾ മേന്മയുണ്ട്. പശുവിൻപാലിലുള്ള കേസിൻ എന്ന മാംസ്യം എ 1 തരമാണെങ്കിൽ, ആട്ടിൻപാലിലത് എ 2 ആണ്. ഈ പ്രത്യേകതകാരണം പശുവിൻപാൽ അലർജിയുള്ളവർക്കും ആട്ടിൻപാൽ അലർജിക്ക് കാരണമാകാറില്ല. ആട്ടിൻപാലിൽ ഒളിഗോ സാക്രെയ്ഡുകൾ (ദഹിക്കാത്ത അന്നജം) പശുവിൻപാലിലേതിനെക്കാൾ കൂടുതലാണ്. ഇത് വയറിലെ ദഹനപ്രക്രിയക്കാവശ്യമായ ബാക്ടീരിയകളെ കൂടുതലായി വളരാൻ സഹായിക്കുന്നതിലൂടെ പ്രീബയോട്ടിക്കുകളായി പ്രവർത്തിക്കും.
മനുഷ്യശരീരത്തിൽ ആവശ്യമുള്ള ധാതുക്കളായ കാൽസ്യം, പൊട്ടാസ്യം, അയഡിൻ, സിങ്ക്, സെലീനിയം, വിറ്റാമിനുകളായ എ, ബി 5 (പാന്റോത്തനിക്ക് ആസിഡ്), ബയോട്ടിൻ എന്നിവ ആട്ടിൻപാലിൽ, പശുവിൻ പാലിലേതിനെക്കാൾ കൂടുതലാണ്. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ബലത്തിനും ഊർജോത്പാദനത്തിനും രക്തവാർച്ച നിർത്താനും കാൽസ്യം സഹായിക്കും. രക്തസമ്മർദം കുറയ്ക്കാൻ കാത്സ്യവും പൊട്ടാസ്യവും ആവശ്യമാണ്.
ശാരീരികപ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ അയഡിൻ ആവശ്യമാണ്. സിങ്ക്, സെലീനിയം എന്നിവ നാഡികളുടെ ക്ഷതംമൂലമുണ്ടാകുന്ന പാർക്കിൻസൺസ് പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സെലീനിയം രോഗപ്രതിരോധശേഷിയും വർധിപ്പിക്കും. ത്വക്കിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് വിറ്റാമിൻ എ അനിവാര്യമാണ്. വിറ്റാമിൻ ബി 5, ഊർജോത്പാദനത്തിനും ക്ഷീണം കുറയ്ക്കുന്നതിനും ബയോട്ടിൻ നാഡികൾ, തൊലി, മുടി എന്നിവയുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്.
കൊഴുപ്പുകണികകൾ, പശുവിൻപാലിലേതിനെക്കാൾ ചെറുതായതിനാൽ ദഹനം എളുപ്പമാകും. ഈ കാരണത്താൽ കുട്ടികൾ, രോഗികൾ, പ്രായമായവർ എന്നിവർക്ക് ഏറെ നല്ലതാണ്. ലാക്ടോസ് (മിൽക്ക് ഷുഗർ) പശുവിൻപാലിലേതിനെക്കാൾ അല്പം കുറവായതിനാൽ, ലാക്ടോസ് ദഹിപ്പിക്കാനുള്ള കഴിവ് കുറവായവർക്ക് ആട്ടിൻപാലാണ് അഭികാമ്യം. അപൂരിത കൊഴുപ്പ് (ഗുണകരമായ കൊഴുപ്പ്) കൂടുതലായതിനാൽ, ഹൃദയാരോഗ്യത്തിനും നല്ലതാണ്. പാലിലെ ലാക്ടിക് ആസിഡ് ത്വക്കിലെ പഴയകോശങ്ങളെ മാറ്റി, ത്വക്കിന്റെ മിനുസവും ഉറപ്പും വർധിപ്പിക്കും. ഇരുമ്പ്, കാൽസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ കൂടുതലായി ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനാൽ, രക്തക്കുറവ്, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുള്ളവർക്കും നല്ലതാണ്.
Content Highlights: Goat milk contains A2 protein, reducing allergy risks compared to cow milk., Higher levels of oligosaccharides act as prebiotics for better gut health., Rich in essential minerals like calcium, potassium, zinc, and selenium., Smaller fat globules make goat milk easier to digest for children and elderly., Lower lactose content and high unsaturated fats support heart and bone health.